സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണ്‍ലൈന്‍ തപാല്‍ സംവിധാനം വരുന്നു
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന് കീഴിലെ മുഴുവന്‍ വകുപ്പുകളെയും ഓഫീസുകളെയും ഏകോപിപ്പിച്ചുകൊണ്ട് പരസ്പരമുള്ള തപാല്‍ കൈമാറ്റം ഡിജിറ്റല്‍ രൂപത്തില്‍ സാധ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വരുന്നു.
കേരള സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇടുക്കി കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സെമിനാര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ നിലവില്‍ പല വകുപ്പുകളും ഫയല്‍ മാനേജ്‌മെന്റിന് വ്യത്യസ്ത സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. സംസ്ഥാനതലത്തില്‍ ഇ-ഓഫീസ്, ജില്ലാ തലത്തില്‍ ഇ-ഡിസ്ട്രിക്ട്, പൊലിസ് സേനക്കായി ഐ ആപ്പ്‌സ് മുതലായ സംവിധാനങ്ങള്‍ നിലവിലുണ്ട്.
പ്രത്യേക ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഇല്ലാത്ത ഓഫീസുകള്‍ തമ്മിലുള്ള തപാല്‍ കൈമാറ്റം ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ സാധ്യമല്ലാത്തതിനാല്‍ കത്തുകള്‍ സാധാരണ തപാല്‍ സംവിധാനത്തിലോ ദൂതന്‍ വഴിയോ ആണ് കൈമാറ്റം നടത്തിവരുന്നത്. ഇത് ഫയല്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസം വരുത്തുകയും പുറമെ തപാല്‍ ചാര്‍ജ്ജ് കൂടി നല്‍കേണ്ടതായും വരുന്നു. അതിനാല്‍ വ്യത്യസ്ത കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നതും അല്ലാത്തതുമായ ഓഫീസുകളെ ഒരു സംയോജിത ഇലക്‌ട്രോണിക് തപാല്‍ വിനിമയ ശൃംഖലയിലേക്ക് മാറ്റുകയാണ് സംസ്ഥാന ഏകീകൃത കമ്യൂണിക്കേഷന്‍ സര്‍വ്വീസ് വഴി ചെയ്യുന്നത്.
ഇങ്ങനെ ഒറ്റ ശൃംഖലയിലേക്ക് മാറ്റുന്നതു വഴി തപാല്‍ കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഇല്ലാതാകുകയും സുരക്ഷിതത്വവും ഉത്തരവാദിത്വവും ഉറപ്പു വരുത്തുകയും ചെയ്യും. ഇതുവഴി ദൈനംദിന ഭരണനിര്‍വ്വഹണത്തില്‍ വിപ്ലവകരമായ മാറ്റം സാധ്യമാകുകയും ചെയ്യും. വിശദമായ ഡാഷ്‌ബോര്‍ഡ്, തപാല്‍, ഡെസ്പാച്ച്, തപാല്‍ട്രാക്കിംഗ്, ഡെസ്പാച്ച് ട്രാക്കിംഗ്, റിപ്പോര്‍ട്ട്, രഹസ്യ സ്വഭാവമുള്ള തപാലുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം, നിലവില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ് സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിനാല്‍ ഒരു ലോഗിന്‍ മതിയാകും. സര്‍ക്കാര്‍ കത്തിടപാടുകള്‍ മുഴുവന്‍ ഓഫീസുകളിലേക്കും നിമിഷങ്ങള്‍ക്കം എത്തിക്കാന്‍ സാധിക്കും.
സര്‍ക്കാര്‍ ഉത്തരവുകള്‍ത്തുകള്‍ സേര്‍ച്ച് ചെയ്ത് കണ്ടെത്താനുള്ള സൗകര്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും, ഭരണ സുതാര്യത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്തുകയാണ് ഈ സംവിധാനത്തിന്റെ സവിശേഷത.സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് മുഖേന ഒരു തപാല്‍ ഏതു ഓഫീസിലാണെന്ന് ഓരോ ഘട്ടത്തിലും കൃത്യമായി അറിയാം. തപാലുകളുടെ എണ്ണം , മറുപടി നല്‍കിയവ തുടങ്ങി സമയത്തിനും വിഷയാധിഷ്ഠിതമായ മുന്‍ഗണനാക്രമത്തിനുമടിസ്ഥാനത്തില്‍ തപാലുകളെ ക്രമപ്പെടുത്താം. ഒരു വകുപ്പില്‍ നിന്നും മറ്റൊരു വകുപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട തപാലുകള്‍, തീര്‍പ്പാക്കേണ്ട ദിവസം, തപാല്‍ ഏതു വിഭാഗത്തിലാണ് എന്നിവ കേരള സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസില്‍ കൂടി അറിയാന്‍ സാധിക്കും.
ഇടയിലുള്ള ഏതു ഓഫീസില്‍ നിന്നും മറ്റൊന്നിലേക്ക് തപാല്‍ അയക്കുന്നതിനും മറുപടി നല്‍കുന്നതിനും കീ സെര്‍ച്ചിംഗ് ഓപ്ഷന്‍ മുഖാന്തിരം തപാലിന്റെ തല്‍സ്ഥിതി മനസ്സിലാക്കുന്നതിനും സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് വഴി സാധ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."