ബസ് സൂചനാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു
കുന്നംകുളം: കുന്നംകുളത്തെ വിവിധ റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ മുന്നില്‍ ഓട്ടോറിക്ഷകള്‍ നടത്തുന്ന സമാന്തര സര്‍വീസിനെതിരെ ബസുടമകള്‍ മാര്‍ച് 18 നു ആഹ്വാനം ചെയ്ത സൂചന പണിമുടക്കിന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ബസ് ഓപ്പറേറ്റേഴ്‌സ് ഫോറവും പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
കേച്ചേരി, ആളൂര്‍, കൂനംമൂച്ചി, മറ്റം, ചിറ്റാട്ടുകര, പാവര്‍ട്ടി, ഗുരുവായൂര്‍, ബ്രഹ്മകുളം, വേലൂര്‍ ഇയ്യാല്‍ പന്നിത്തടം പോര്‍ക്കുളം പഴഞ്ഞി കുന്നംകുളം എന്നീ റൂട്ടുകളില്‍ ബസുകള്‍ക്ക് മുന്നില്‍ ഓട്ടോറിക്ഷകള്‍ സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ വിളിച്ചുകയറ്റി സമാന്തര സര്‍വീസ് നടത്തുന്നതിനെതിരെയാണ് സൂചനാപണിമുടക്ക്. ഇതിനെച്ചൊല്ലി ബസ് ജീവനക്കാരും ഓട്ടോറിക്ഷക്കാരും തമ്മില്‍ സ്ഥിരം വഴക്കും പതിവായിരുന്നു. യാത്രക്കാരുടെ കുറവും ഡീസല്‍ വില വര്‍ധനവും മൂലം നഷ്ടത്തിലോടുന്ന ബസുകള്‍, ഓട്ടോറിക്ഷകളുടെ ഇത്തരം നടപടികള്‍ മൂലം സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. പലതവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ശ്വാശ്വതമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ജില്ലയിലെ ലോക്കല്‍ റൂട്ടുകളിലാകെ ഓട്ടോറിക്ഷകളുടെ ഇത്തരം നടപടികള്‍ക്കെതിരെ പരാതികള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരാതികള്‍ ഉള്ള കേച്ചേരി, ആളൂര്‍, കൂനമൂച്ചി, മറ്റം, ചിറ്റാട്ടുകര, പാവര്‍ട്ടി, ഗുരുവായൂര്‍, ബ്രഹ്മകുളം, പാവറട്ടി, വേലൂര്‍ ഇയ്യാല്‍ എന്നീ മേഖലകളില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ആദ്യഘട്ടമെന്ന നിലക്ക് സൂചനയായി മാര്‍ച്ച് 18 നു സര്‍വിസ് നിര്‍ത്തുവെക്കാനും തുടര്‍ന്നും നടപടികളിലെങ്കില്‍ മാര്‍ച് 28 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. 18 ന് ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്കിനോട് യാത്രക്കാരും സഹകരിക്കണമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ല പ്രസിഡണ്ട് ടി എ ഹരിദാസ്, ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം കുന്നംകുളം മേഖല പ്രസിഡണ്ട് അബ്ദുല്‍ അസീസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."