ബ്രാന്‍ഡഡ് തുണികളുടെ മോഷണം; കോട്ടക്കല്‍ സ്വദേശി അറസ്റ്റില്‍
മലപ്പുറം: ജില്ലാ ആസ്ഥാനത്തു തുണിക്കടയില്‍നിന്നു ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മോഷ്ടിച്ച കോട്ടക്കല്‍ സ്വദേശി അറസ്റ്റില്‍. നഗര മധ്യത്തിലെ ബ്രാന്‍ഡഡ് വസ്ത്രവ്യാപാര സ്ഥാപനത്തില്‍നിന്നു രണ്ടു ലക്ഷത്തില്‍പരം രൂപയുടെ വസ്ത്രം മോഷ്ടിച്ച കേസില്‍ പുത്തൂര്‍ പുതുക്കുടി മുഹമ്മദ് നിസാമുദ്ദീനെയാണ് എസ്.ഐ ബി.എസ് ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
ദിവസങ്ങള്‍ക്കു മുന്‍പു കഞ്ചാവ് കേസില്‍ മാവൂര്‍ പൊലിസിന്റെ പിടിയിലായ മുഹമ്മദ് നിസമുദ്ദീന്റെ കീശയില്‍നിന്നു കോഴിക്കോട് ബസ് സ്റ്റാന്‍ഡ് ക്ലോക്ക് റൂമിന്റെ റെസീപ്റ്റ് ലഭിക്കുകയായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് രണ്ടു ചാക്ക് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തുനിന്നു മോഷ്ടിച്ച വസ്ത്രങ്ങളാണ് ഇതെന്നു പ്രതി സമ്മതിച്ചത്.
കഞ്ചാവ് കേസില്‍ വടകര എന്‍.ഡി.പി.എസ് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് ചെയ്ത ശേഷം മലപ്പുറം പൊലിസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി കടയുടെ ഷട്ടറിന്റെ മധ്യഭാഗം തകര്‍ത്ത് അകത്തുകയറിയ നിസാമുദ്ദീനും സുഹൃത്ത് കാസര്‍കോട് സ്വദേശി കിരണും വിലപിടിപ്പുള്ള വസ്ത്രങ്ങളും 25,000 രൂപയും മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
മലപ്പുറം പൊലിസ് സ്റ്റേഷനു 200 മീറ്റര്‍ മാത്രം അകലത്തിലാണ് ഈ വ്യാപാര സ്ഥാപനം. പിറ്റേന്നു കട തുറക്കാനെത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. മോഷണത്തിനുപയോഗിച്ച വാഹനം നേരത്തെ തേഞ്ഞിപ്പലം പൊലിസ് കണ്ടെടുത്തിരുന്നു.
രണ്ടു ലക്ഷം രൂപ വിലവരുന്ന വസ്ത്രങ്ങളില്‍ രണ്ടു ചാക്കു മാത്രമാണ് കണ്ടെടുത്തത്. ബാക്കി ഉപയോഗിച്ചതായും ശേഷിക്കുന്നതു കൂട്ടുപ്രതി കിരണ്‍ കൊണ്ടുപോയെന്നുമാണ് പിടിയിലായ പ്രതിയുടെ മൊഴി. തെളിവെടുപ്പിനു ശേഷം നിസാമുദ്ദീനെ കോഴിക്കോട് ജയിലിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."