സഊദി കോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ വീണ്ടും ആസ്തികള്‍ വില്‍ക്കുന്നു
ജിദ്ദ: മൂന്നു മാസത്തെ തടവിന് ശേഷം മോചിതനായ സഊദി കോടീശ്വരന്‍ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ തന്റെ മറ്റൊരു സുപ്രധാന ആസ്തി കൂടി വില്‍ക്കുന്നു. 56.7 കോടി ഡോളര്‍ വിലമതിക്കുന്ന മോവെന്‍പിക് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് ആണ് അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് വില്‍ക്കുന്നത്. അക്കോര്‍ ഹോട്ടെല്‍സുമായി നടക്കുന്ന വില്‍പ്പന കരാര്‍ ഈ വര്‍ഷം രണ്ടാം പകുതിയോടെ നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഇതിനു മുമ്പ് ബെയ്‌റൂത്തിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ 11.5 കോടി ഡോളറിന് അദ്ദേഹം വില്‍പ്പന നടത്തിയിരുന്നു.
ലോകത്തെ തന്നെ കോടീശ്വരന്‍മാരില്‍ ഒരാളായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍ എന്തിനാണ് തന്റെ ആസ്തികള്‍ വിറ്റഴിക്കുന്നത് എന്നതിനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ നവംബറിലായിരുന്നു പ്രിന്‍സ് വലീദ് ബിന്‍ തലാലും മറ്റ് നിരവധി പ്രമുഖരും അറസ്റ്റിലാവുന്നത്. അഴിമതിക്കെതിരായ ശക്തമായ നടപടിയെന്ന നിലയ്ക്കായിരുന്നു ഇത്. ആഢംബര ഹോട്ടലായ റിട്ട്‌സ് കാള്‍ട്ടണിലെ മൂന്ന് മാസത്തെ തടവിന് ശേഷം വലീദ് ബിന്‍ തലാല്‍ വിട്ടയക്കപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മുമ്പും ശേഷവും വേറെയും പ്രമുഖരെ സഊദി അധികൃതര്‍ വിട്ടയച്ചിരുന്നുവെങ്കിലും മോചനദ്രവ്യത്തിന് പകരമായിരുന്നു അതെന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. ചിലര്‍ അവരുടെ സമ്പത്തിന്റെ വലിയൊരു ഭാഗം സഊദി ഭരണകൂടത്തിന് നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിട്ടയക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."