തൃക്കരിപ്പൂര്‍ കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ല; ചികിത്സയ്‌ക്കെത്തുന്നവര്‍ വലയുന്നു
തൃക്കരിപ്പൂര്‍: താലുക്ക് ആശുപത്രിയെന്ന പേരില്‍ ഒരു പത്രാസുണ്ടെന്ന് മാത്രം. എന്നാല്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിനുള്ള സൗകര്യം പോലുമില്ല ഇവിടെ. ഇന്നലെ 400ഓളം രോഗികളാണ് ചികിത്സ തേടിയെത്തിയത്. പക്ഷെ പരിശോധികാനുള്ളത് രണ്ടു ഡോക്ടര്‍മാര്‍ മാത്രം. 2010ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്താണ് തങ്കയം സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇങ്ങനെയൊരു 'നന്മ' ചെയ്തത്. എന്നാല്‍ അന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ ഇന്നു താലൂക്ക് ആശുപത്രിയില്‍ ഇല്ല എന്നതാണ് വ്യത്യാസം. കൂടെ താലൂക്ക് അശുപത്രിയുടെ ഒരു ബോര്‍ഡും കിട്ടിയിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റു സൗകര്യങ്ങളൊന്നുമില്ല.
ഏഴു ഡോക്ടര്‍മാര്‍ സ്ഥിരമായി വേണ്ട സ്ഥാനത്ത് പലപ്പോഴും രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ആശുപത്രിക്കു സമീപം താമസക്കാരനായ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ സ്ഥലംമാറ്റി ദൂരേനിന്നും മറ്റൊരു ഡോക്ടറെ കൊണ്ടുവന്നെങ്കിലും അദ്ദേഹം ദീര്‍ഘകാല അവധിയെടുത്ത് മടങ്ങുകയായിരുന്നു.
മഴക്കാലമായതോടെ പകര്‍ച്ചവ്യാധികളും വിവിധയിനം പനികളുമായി എത്തുന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തിരുന്നാല്‍ മാത്രമേ ഡോക്ടറെ ചിലപ്പോള്‍ കാണാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരും. ആശുപത്രിയിലെ നിലവിലെ സൂപ്രണ്ട് എല്ലുരോഗ വിദഗ്ധനാണെങ്കിലും രോഗികളുടെ ബാഹുല്യം കാരണം എല്ലാവരെയും നോക്കുന്ന അവസ്ഥയിയിലാണ്.
സുപ്രിംകോടതി ജഡ്ജിയായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ ഭാര്യ ശാരദാ കൃഷ്ണയ്യരുടെ സ്മരണക്കായാണ് തങ്കയം ആശുപത്രിയില്‍ പ്രസവവാര്‍ഡ് കെട്ടിടം പണികഴിപ്പിച്ചത്. 1979 ഒക്ടോബര്‍ രണ്ടിന് പ്രസവവാര്‍ഡ് കെട്ടിടം വി.ആര്‍ കൃഷ്ണയ്യര്‍ തന്നെ തുറന്നുകൊടുക്കുകയും ചെയ്തു. പ്രസവവാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നും നിരവധി നിര്‍ധനരായ ഗര്‍ഭിണികള്‍ തങ്കയം സര്‍ക്കാര്‍ ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്.
കയ്യൂര്‍, ചീമേനി, പടന്ന, ചെറുവത്തൂര്‍, പിലിക്കോട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ നിര്‍ധനരായ ഗര്‍ഭിണികള്‍ തങ്കയം ആശുപത്രിയെ തേടിയെത്തിയതോടെ സ്ഥലപരിമിതി ആശുപത്രി അധികൃതരെ ബുദ്ധിമുട്ടിച്ചു. ഇതോടെ ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് പ്രസവവാര്‍ഡിന്റെ മുകളില്‍ ഒരു നിലകൂടി പണിതെങ്കിലും പ്രവര്‍ത്തനം തുടങ്ങിയതുമില്ല.
ആറു വര്‍ഷം മുന്‍പുവരെ പ്രസവവാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇവിടെയുണ്ടായിരുന്ന പ്രഗത്ഭനായ ഗൈനോക്കോളജിസ്റ്റിനെ സ്ഥലംമാറ്റിയതോടെ ആശുപത്രിയുടെ ശനിദശക്ക് തുടക്കം കുറിച്ചു.
ഡോക്ടറെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. പിന്നീട് ഇടക്കിടെ ഗൈനോക്കോളജി ഡോക്ടര്‍മാര്‍ പലപ്പോഴായി ചാര്‍ജെടുക്കാറുണ്ടെങ്കിലും പൂട്ടിയിട്ട പ്രസവവാര്‍ഡ് തുറക്കാനോ ശസ്ത്രക്രിയ നടത്താനോ തയാറായില്ല. ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന ഈ ആതുരാലയത്തില്‍ നിലവില്‍ ഗൈനോക്കോളജി ഡോക്ടറുടെ സേവനവുമില്ല.
സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ലനിലയില്‍ ഗൈനോക്കോളജി ഡോക്ടര്‍ പ്രവര്‍ത്തിക്കുകയും നിര്‍ധനരും അല്ലാത്തവരുമായ നിരവധി ഗര്‍ഭിണികള്‍ ഈ ആതുരാലയത്തെ ആശ്രയിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി ലോബികളാണ് ഡോക്ടറെ സ്ഥലംമാറ്റാന്‍ ശ്രമം നടത്തിയെന്നുള്ള ആരോപണം അന്ന് ഉയര്‍ന്നിരുന്നു. നിലവില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഉള്‍പ്പെടുത്തി ആശുപത്രിക്ക് രണ്ടു കോടിയോളം രൂപ ചെലവഴിച്ച് മൂന്നുനില കെട്ടിടം പണി പൂര്‍ത്തിയാകുന്നുണ്ട്.
വിവിധ സൗകര്യങ്ങള്‍ പുതിയ കെട്ടിയത്തില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പുപറയുന്നുണ്ടെങ്കിലും ഈ സൗകര്യങ്ങള്‍ ഈ സര്‍ക്കാര്‍ ആതുരാലയത്തിലെത്തിക്കാതിരിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അണിയറയില്‍ സ്വകാര്യ അശുപത്രി മാനേജ്‌മെന്റുകള്‍ ചെയ്യുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."