ഒമാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്കയച്ചു
മസ്കത്ത്: ഇബ്രിയില്‍ മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്കു കൊണ്ടുപോയി. ഇതുസംബന്ധിച്ച രേഖകള്‍ നേരത്തെ തയാറായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിസ്വയിലെ സാലിം ബിന്‍സാലിം റാഷിദ് അല്‍ കിന്ദി എന്ന ലേബര്‍ സപ്ലൈ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോണ്‍. സ്പോണ്‍സറുടെ മകന് ഞായറാഴ്ച ഹഫീത്ത് പൊലിസ് സ്റ്റേഷനില്‍ ഹാജരായി ഡെത്ത് നോട്ടിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി.
എംബസിയില്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മറ്റു പേപ്പര്‍ നടപടികള്‍ തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കി എംബാമിങ് നടപടികള്‍ ആരംഭിച്ചു രാത്രിയോടെയാണു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്.
കഴിഞ്ഞദിവസമാണ് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞത്. മൃതദേഹത്തില്‍നിന്ന് രണ്ടു വെടിയുണ്ടകള്‍ കണ്ടെത്തി. ഇബ്രിക്കടുത്ത് മസ്റൂഖിലാണ് ജോണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു സ്വദേശികളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 13 വര്‍ഷമായി ഒമാനില്‍ ജോലിചെയ്യുകയാണ് ജോണ്‍. കഴിഞ്ഞ 11നാണ് ഇയാളെ സുനൈയിലെ പെട്രോള്‍ പമ്പില്‍വച്ച് രാത്രി തട്ടിക്കൊണ്ടുപോയത്. പമ്പിലെ പണവും അക്രമികള്‍ അപഹരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."