അന്താരാഷ്ട്ര യോഗ ദിനത്തിന് തുടക്കമായി; യോഗ മതപരമായ ആചാരമല്ലെന്ന് മോദി
ചണ്ഡീഗഢ്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചണ്ഡീഗഢിലെ യോഗാ ക്യാമ്പിലാണ് അഭ്യാസം നടത്തിയത്. യോഗ മതപരമായ ആചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമുള്ളതാണെന്നും മോദി പറഞ്ഞു. യോഗ രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗക്ക് പ്രതീക്ഷിച്ചതിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഇതൊരു ജനകീയ മുന്നേറ്റമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിനത്തിന് ആഗോളതലത്തില്‍ ലഭിച്ച പിന്തുണ അവിശ്വസിനീയമാണ്. അടുത്ത യോഗാ ദിനം മുതല്‍ ഈ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു.
രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി യോഗാഭ്യാസത്തിന് നേതൃത്വം നല്‍കി. ആയിരം പേരാണ് ഇവിടെ സംബന്ധിച്ചത്.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി അടക്കം 57 കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ യോഗയ്ക്ക് നേതൃത്വം നല്‍കി. ഇവര്‍ക്ക് ഞായറാഴ്ച മൂന്നു മണിക്കൂര്‍ പരിശീലനം നല്‍കിയിരുന്നു.
രാജ്യത്തിനു പുറത്ത് യു.എസ്, യു.കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിലധികം കേന്ദ്രങ്ങളില്‍ യോഗാദിനം ആചരിച്ചു. 191 രാജ്യങ്ങള്‍ യോഗാദിനാചരണം നടത്തിയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."