വാരിയേഴ്സിനെ അട്ടിമറിച്ച് കവാലിയേഴ്സ് കന്നി എന്‍.ബി.എ കിരീടം സ്വന്തമാക്കി
ഓക്ക്ലന്‍ഡ്: അമേരിക്കയിലെ പ്രൊഫഷനല്‍ ബാസ്കറ്റ് ബോള്‍ ലീഗായ നാഷനല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന് (എന്‍.ബി.എ)കിരീടം ക്ലെവ്ലന്‍ഡ് കവാലിയേഴ്സിന്. നിലവിലെ ചാംപ്യന്മാരും കരുത്തരുമായ ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്സിനെ 93-89നു അട്ടിമറിച്ചാണ് കവാലിയേഴ്സ് എന്‍.ബി.എയുടെ ചരിത്രത്തിലാദ്യമായി കപ്പടിക്കുന്നത്.
കഴിഞ്ഞ തവണ ഫൈനലിലെത്തിയ കവാലിയേഴ്സ് ഗോള്‍ഡന്‍ സ്റ്റേറ്റിനോടു പരാജയപ്പെട്ട് കിരീടം അടിയറവച്ചിരുന്നു. ഇതിനു മധുരമായി പകരം ചോദിക്കാനും കന്നി കിരീടത്തിലൂടെ കവാലിയേഴ്സിനു സാധിച്ചു. ബെസ്റ്റ് ഓഫ് സെവന് ഫൈനലില്‍ 3-1ന്റെ വിജയം സ്വന്തമാക്കിയാണ് കവാലിയേഴ്സ് കിരീടമുറപ്പിച്ചത്. 2013നു ശേഷം ആദ്യമായാണ് വാരിയേഴ്സ് മൂന്നു കളികള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത്.
കളിയിലേയും ടൂര്‍ണമെന്റിലേയും താരമായി കവാലിയേഴ്സിന്റെ ലെബോണ്‍ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു. താരത്തിന്റെ മികവാണ് ഫൈനലില്‍ ടീമിനു തുണയായത്. 27 പോയിന്റുകള്‍ നേടുകയും 11 അസിസ്റ്റുകളും നടത്തിയുമാണ് ജെയിംസ് ഫൈനലില്‍ വെട്ടിത്തിളങ്ങിയത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ജെയിംസ് ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്.
കവാലിയേഴ്സിന്റെ കിരീട നേട്ടത്തിലൂടെ ക്ലെവ്ലന്‍ഡ് പ്രദേശവും നീണ്ട 52 വര്‍ഷത്തെ കായിക നേട്ടമില്ലായ്മയ്ക്ക് പരിഹാരം കണ്ടു. 1964ല്‍ ക്ലെവ്ലന്‍ഡ് ബ്രോണ്‍സ് നാഷനല്‍ ഫുട്ബോള്‍ ലീഗ് കിരീടം നേടിയ ശേഷം ഈ പ്രദേശത്തെ ഒരു ടീം കപ്പടിക്കുന്നത് ഇപ്പോഴാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."