ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫ്രാന്‍സ്
ലില്ലേ: ആതിഥേയരായ ഫ്രഞ്ച് പടയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യ രണ്ടു കളികളും വിജയിച്ച് നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയ ഫ്രാന്‍സ് ഗ്രൂപ്പ് എയിലെ ചാംപ്യന്‍മാരായപ്പോള്‍ സ്വിസ് പട രണ്ടാം സ്ഥാനക്കാരായാണ് അവസാന 16ല്‍ എത്തിയത്. ഇതാദ്യമായാണ് സ്വിസ് ടീം യൂറോയുടെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആദ്യമായി യൂറോയ്‌ക്കെത്തിയ അല്‍ബേനിയ റൊമാനിയയെ 1-0ത്തിനു അട്ടിമറിച്ചു.
ലില്ലേയിലെ സ്റ്റേഡ് പീറേ മൊറോയ് മൈതാനത്ത് നടന്ന ഗ്രൂപ്പ് തല അവസാന അങ്കത്തില്‍ പഴുതടച്ച പ്രതിരോധത്തിലൂടെയാണ് ഫ്രാന്‍സിനെ സ്വിസ് സംഘം തളച്ചത്. നിര്‍ഭാഗ്യം ഫ്രാന്‍സിനൊപ്പം നില്‍ക്കുകയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അവസരത്തിനൊത്ത കൗണ്ടര്‍ അറ്റാക്കിങ്ങും കൂടിച്ചേര്‍ന്നപ്പോള്‍ യുറോ കപ്പ് കിരീടത്തിനു ഏറെ സാധ്യതയുള്ള ഫ്രാസിന് സമനിലക്കുരുക്ക് വീഴുകയായിരുന്നു. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയില്‍ ഏഴു പോയിന്റോടെ ഫ്രാന്‍സ് ജേതാക്കളായി. അഞ്ചു പോയിന്റോടെ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി. റൊമാനിയയെ അട്ടിമറിച്ച് മൂന്നു പോയിന്റോടെ അല്‍ബേനിയ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ്.
ആദ്യ പകുതിയില്‍ തന്നെ ഒട്ടനവധി അവസരങ്ങള്‍ ഫ്രാന്‍സിനു കിട്ടിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോളുകളൊന്നും കണ്ടെത്താനാവാത്ത സൂപ്പര്‍ താരം പോഗ്ബ ഈ കളിയിലും നിരാശപ്പെടുത്തി. രണ്ടു സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ പോഗ്ബക്ക് ഇക്കുറിയും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 17ാം മിനുട്ടില്‍ മൈതാനത്തിന്റെ പകുതില്‍ നിന്നു കുതിച്ച പോഗ്ബ പെനാല്‍റ്റി ബോക്‌സിന്റെ മൂന്നു മീറ്റര്‍ പുറത്തു നിന്നു തൊടുത്ത ഉജ്ജ്വല ഷോട്ട് പോസ്റ്റിന്റെ വലതു മൂലയില്‍ തട്ടിത്തെറിച്ചു. ലാ ലിഗയിലും ചാംപ്യന്‍സ് ലീഗിലും മിന്നും പ്രകടനം കാഴ്ച്ചവെച്ച അന്റോണിയോ ഗ്രിസ്മാനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതേസമയം മൗസ സിസോക്കുവിന്റെ ക്രോസില്‍ അവസാന സമയത്ത് ഇറങ്ങിയ ദിമിത്രി പയെറ്റിന്റെ ലോങ് ഷോട്ട് ബാറിനു മുകളില്‍ തട്ടിത്തെറിച്ചതും ഫ്രാന്‍സിന്റെ നിര്‍ഭാഗ്യത്തിന്റെ മറ്റൊരു തെളിവായി.
മറുവശത്ത് മുന്‍ ബയേണ്‍ മ്യൂണിക്ക് താരം ഷഹര്‍ദാന്‍ ഷാഖിരിയുടെ നേതൃത്വത്തില്‍ ഒറ്റപെട്ട ആക്രമണങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ സിറ്റ്‌സ്വര്‍ലന്‍ഡിനു ഇതുവരെ ഫ്രാന്‍സിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ 5-2നു ഫ്രന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തിരുന്നു.
ജേഴ്‌സികള്‍ കൂട്ടത്തോടെ
കീറിയും പന്ത് പൊട്ടിയും
തട്ടുപൊളിപ്പന്‍ മത്സരം
യൂറോ കപ്പിന്റെ രണ്ടാം റൗണ്ടില്‍ ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കണ്ടവരെല്ലാം അന്തവിട്ടിട്ടുണ്ടാവും. നിരനിരയായി സിറ്റ്‌സര്‍ലന്‍ഡ് താരങ്ങളുടെ ജേഴ്‌സി കീറുന്നതു കണ്ട് സംഘാടകരായ യുവേഫ തട്ടിക്കൂട്ടിയാണോ മത്സരം സംഘടിപ്പിച്ചത് എന്നു കാണികള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡ് ഫുട്‌ബോള്‍ അധികൃതര്‍ക്കും സംശയം തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.
മത്സരം ആദ്യ പകുതിയില്‍ പ്രശ്‌നങ്ങളില്ലാതെ കടന്നു പോയപ്പോള്‍ രണ്ടാം പകുതിയിലാണ് ജേഴ്‌സികള്‍ കൂട്ടത്തോടെ കീറി തുടങ്ങിയത്. ആദ്യം പന്താണ് പൊട്ടിക്കീറിയത്. 53ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ ഗ്രിസ്മാനും സ്വിസ് താരം ബെഹ്‌റാമിയും തമ്മില്‍ പന്തിനായി പോരാടുന്നതിനിടയില്‍ അഡിഡാസ് കമ്പനി നിര്‍മിച്ച പന്തു പൊട്ടി. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങളുടെ ജഴ്‌സി നിരനിരയായി കീറുന്ന കാഴ്ചയായിരുന്നു. ആദ്യം മെഹ്മദിയുടെ ജേഴ്‌സിയാണ് കീറിയത്. പിന്നീട് ഷാഖിരി, ഷാക്ക എന്നിവരുടേതടക്കം നാലു താരങ്ങളുടെ ജേഴ്‌സി കളിക്കിടെ കീറി. പ്യൂമ കമ്പനിയുടേതാണ് ജേഴ്‌സികള്‍.
പ്യൂമ കമ്പനി സ്വിറ്റ്‌സര്‍ലന്‍ഡ് താരങ്ങള്‍ക്ക് കടലാസിന്റെ കുപ്പായമാണ് കൊടുത്തതെന്നു സോഷ്യല്‍ മീഡിയയിലൂടെ പലരും പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."