പന്നിയങ്കര മേല്‍പ്പാലം: കാത്തിരിപ്പ് ഇനിയും നീളും
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോടിന്റെ വികസനക്കുതിപ്പിന് മാറ്റു കൂട്ടുന്ന പന്നിയങ്കര മേല്‍പ്പാലം യാഥാര്‍ഥ്യമാകാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. വേഗത്തില്‍ പണി നടക്കുന്നുവെങ്കിലും മേല്‍പ്പാലത്തിന്റെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും വേണ്ടി വരും. പാലത്തിന്റെ ഒന്നാം ഘട്ടമായ കല്ലായ് മുതല്‍ ചക്കുംകടവ് വരേയുള്ള ഭാഗം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ഗെയ്റ്റിനടുത്തു നിന്ന് പന്നിയങ്കര ജങ്ഷനു സമീപം വരേയാണ് മേല്‍പ്പാലത്തിന്റെ രണ്ടാംഘട്ടം. ഇതിനുള്ള സ്ഥലമെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇരുവശമുള്ള ഏറെ സ്ഥലം ഇനിയും ഏറ്റെടുക്കേണ്ടതുണ്ട്. എന്നാല്‍ സ്ഥലം വിട്ടു കൊടുക്കാനാകില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍. 25 വര്‍ഷത്തിലധികമായി തങ്ങള്‍ ഇവിടെ കച്ചവടം നടത്തി വരികയാണ്. തുച്ഛമായ സംഖ്യയ്ക്കായി സ്ഥലം ഒഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമാണ് ഇവരുടെ നിലപാട്. ഇതു മേല്‍പ്പാല നിര്‍മാണത്തിന് പ്രതിസന്ധിയാകുന്നുണ്ട്. ഈ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കലക്ടറേറ്റില്‍ നടന്നു വരികയാണ്. അതേ സമയം സ്ഥലമെടുത്ത ഭാഗത്ത് റോഡിന് വീതി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥലം ഏറ്റെടുക്കുന്നതിനായി നേരത്തെ 26 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. മേല്‍പ്പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്്. സ്ലാബുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയായാലും മഴക്കാലം കഴിയാതെ റോഡിന്റെ പണി തുടങ്ങാനാകില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പാലത്തിന്റെ ശരിയായ രൂപരേഖ ഇംഗ്ലീഷ് അക്ഷരമാലയിലെ 'ടി' ആകൃതിയിലാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് പന്നിയങ്കര മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നത്. മോണോറെയില്‍ പദ്ധതിയുടെ ഭാഗമെന്ന നിലയിലായിരുന്നു പദ്ധതി അവര്‍ ഏറ്റെടുത്തത്. എന്നാല്‍ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയുമായിരുന്നു. പിന്നീട് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ടു പോവുകയായിരുന്നു. 1991 മുതല്‍ കോഴിക്കോട് കോര്‍പറേഷനും പന്നിയങ്കര വികസനസമിതിയും രാഷ്ട്രീയകക്ഷികളും ഈ ആവശ്യവുമായി റെയില്‍വേയെ സമീപിച്ചിരുന്നു. റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് ഈ മേല്‍പ്പാലം. തുടക്കത്തില്‍ മരാമത്തുവകുപ്പ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' ആകൃതിയിലാണ് മേല്‍പ്പാലം രൂപകല്പന ചെയ്തത്. പിന്നീടാണ് ഇതില്‍ മാറ്റം വരുത്തിയത്. നടപടികളെല്ലാം പൂര്‍ത്തിയാക്കി ഈ വര്‍ഷം അവസാനത്തോടെയെങ്കിലും മേല്‍പ്പാലം യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും പ്രദേശവാസികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."