മതിലിടിഞ്ഞു സ്‌കൂള്‍ കെട്ടിടം തകര്‍ന്നു
കണ്ണൂര്‍: കാടാച്ചിറ കോട്ടൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മതില്‍ ഇടിഞ്ഞു വീണ് നാലാം ക്ലാസ് ഉള്‍പ്പെടെയുള്‌ല ഭാഗങ്ങള്‍ തകര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പേ കെട്ടിയ മതില്‍ തകര്‍ന്നു വീണത്. അശാസ്ത്രീയമായി മതില്‍ കെട്ടിയതാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
അഞ്ചാം തരം വരെ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ 86 കുട്ടികളും ആറ് അധ്യാപകരുമാണ് ദിവസേന എത്തുന്നത്. സ്‌കൂളിന്റെ മെയിന്‍ ബ്ലോക്കില്‍ നിന്നും മാറിയുള്ള കെട്ടിടത്തിലാണ് നാലാം ക്ലാസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കഞ്ഞിപ്പുരയും സമീപത്തെ ശൗചാലയവും തകര്‍ന്ന നിലയിലാണ്. ക്ലാസ് മുറിയിലെ ബെഞ്ചുകളും മേശയും ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്. ഓടുപാകിയ മേല്‍ക്കൂര പൂര്‍ണമായും ക്ലാസ് മുറിയിലേക്കു പതിക്കുകയായിരുന്നു. ചുമരുകള്‍ക്കും കേടുപാടു പറ്റിയിട്ടുണ്ട്. പ്രവൃത്തി സമയമല്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ക്ലാസിനകത്തെ ഇലക്ട്രിസിറ്റിയും താറുമാറായി. സ്‌കൂള്‍ കെട്ടിടത്തിനെക്കാള്‍ നാലടിയോളം ഉയരത്തിലാണ് സ്വകാര്യ വ്യക്തി മതില്‍ കെട്ടിപൊക്കയത്. മതില്‍ നിര്‍മാണ സമയത്തുതന്നെ അപകടസാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നു പറയുന്നു. സംഭവമറിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്, ഡി.ഡി.ഇ തങ്കമണി, എ.ഇ.ഒ ഉഷ, പി.പി.ഒ രഞ്ജിത്ത്, എടക്കാട് എസ്.ഐ അനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. സ്‌കൂളിന് ഇന്നലെ അവധി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."