കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; വനം വകുപ്പിന്റെ സമ്മര്‍ദം, നീതി നിഷേധിച്ച് സര്‍ക്കാര്‍
കല്‍പ്പറ്റ: വ്യാജ രേഖയുണ്ടാക്കി വനം വകുപ്പ് അനധികൃതമായി കൈയേറിയ സ്വന്തം ഭൂമിക്കായി കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന സമരം 574 ദിവസം പിന്നിട്ടു. കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജയിംസാണ് ഭൂമി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തുന്നത്.
വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് വനപാലകര്‍ കാഞ്ഞിരത്തിനാല്‍ ജോര്‍ജിനെ ആട്ടിയിറക്കുകയായിരുന്നു. തുടര്‍ന്ന് തലചായ്ക്കാന്‍ ഇടമില്ലാതെ ജോര്‍ജും ഭാര്യയും അനാഥാലയത്തിലും വാടകവീട്ടിലും കിടന്നാണ് മരിച്ചത്. അവരുടെ മരണ ശേഷമാണ് ജോര്‍ജിന്റെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് കുറ്റ്യാടി കട്ടക്കയത്തില്‍ ജയിംസ് സമരം ഏറ്റെടുത്തത്.
ഏറ്റവുമൊടുവിലായി ബഹുജന പ്രക്ഷോഭത്തെയും ഇടപെടലുകളെയും തുടര്‍ന്ന് കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി വയനാട് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മുന്‍ മാനന്തവാടി സബ ്കലക്ടര്‍ ശീറാം സംബശിവറാവു അധ്യക്ഷനായ മൂന്നംഗ റവന്യൂ ഉദ്യോഗസ്ഥ സംഘം വിഷയം ആധികാരികമായി അന്വേഷിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കലക്ടര്‍ ഈ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വനം വകുപ്പ് അന്യായമായിട്ടാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പിടിച്ചെടുത്തതെന്നും മറ്റൊരു ഭൂമിയാണ് യഥാര്‍ഥത്തില്‍ പിടിച്ചെടുക്കേണ്ടിയിരുന്നതെന്നും കുടുംബത്തെ വഴിയാധാരമാക്കിയ മുന്‍ ഡി.എഫ്.ഒ അടക്കമുള്ളവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നുമാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജോര്‍ജിന്റെ ഭൂമി വനഭൂമിയാണെന്ന് തെളിയിക്കാനാവശ്യമായ രേഖകള്‍ സബ് കലക്ടറുടെ മുന്‍പാകെ ഹാജരാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. സബ് കലക്ടര്‍ ആവശ്യപ്പെട്ടിട്ടും പല രേഖകളും വനം വകുപ്പ് ഹാജരാക്കിയില്ല.
ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു മുന്‍പ് 2009ല്‍ അന്നത്തെ വിജിലന്‍സ് എസ്.പി ശ്രീശുകന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും വനം വകുപ്പിന്റെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി തെറ്റായി പിടിച്ചെടുത്തുവെന്ന് വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിട്ടും ഇതുവരെ ഉദ്യോഗസ്ഥരോ സര്‍ക്കാരോ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍ രംഗത്ത് എത്തിയത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ജീവന്‍ വെടിഞ്ഞുള്ള സമരങ്ങള്‍ക്ക് ഇനിയും സന്നദ്ധമാവുമെന്നും ആത്മഹത്യാ ഭീഷണിയുമായി ജില്ലാ കലക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കറിയ യുവജനതാദള്‍- എസ് ജില്ലാ സെക്രട്ടറി സി.പി റയീസ്, കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ജി ഷാജോണ്‍ എന്നിവര്‍ പറഞ്ഞു.
ഇതുവരെ കോടതിയിലുണ്ടായിരുന്ന കേസുകളില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഭൂമിക്ക് അര്‍ഹതയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ സത്യാവാങ്മൂലം നല്‍കിയിരുന്നത്.
ഇക്കാര്യവും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. വനം വകുപ്പിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ അടിവരയിട്ട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇക്കാര്യം കോടതിയെ അറിയിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ കഴിയും.
എന്നാല്‍ വനം വകുപ്പിന്റെ സമ്മര്‍ദത്തിന് വഴങ്ങി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുകയാണ്.
ഒരു കുടുംബത്തെ അന്യായമായി തെരുവിലിറക്കിയ വനം വകുപ്പിനെതിരേ പ്രതിഷേധം ശക്തമാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊതുസമൂഹവും സര്‍വ പിന്തുണയും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയും പ്രശ്‌നപരിഹാരം വൈകിയാല്‍ കേരളത്തെ പിടിച്ചു കുലുക്കുന്ന രീതിയിലേക്ക് പ്രക്ഷോഭങ്ങള്‍ വഴിമാറാന്‍ സാധ്യത ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."