ദേശീയപാത 45 മീറ്റര്‍: സര്‍വേ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കും
കാസര്‍കോട്: ദേശീയപാത 45 മീറ്ററാക്കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചതോടെ പദ്ധതി വേഗത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ദേശീയപാതാ വിഭാഗം ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കല്‍ സര്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാനാണ് സംസ്ഥാനത്തെ ദേശീയപാത നിര്‍മാണ വിഭാഗത്തിന്റെ നീക്കം.
രണ്ടുമാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത 45 മീറ്ററാക്കുന്ന പ്രവൃത്തി ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം. ദേശീയപാത 45 മീറ്ററാക്കുന്നതു സംബന്ധിച്ച് നേരത്തെ തന്നെ പ്രാഥമിക അളവെടുപ്പും സര്‍വേയും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അന്നു ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
തുടര്‍ന്നു റോഡ് 30 മീറ്ററാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുള്ള സര്‍വേയും പൂര്‍ത്തീകരിച്ചുവരുന്നതിനിടെയാണ് പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കാന്‍ പച്ചക്കൊടി കാണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
ഇതോടെയാണ് ദേശീയപാത വിഭാഗം കേരളത്തിലെ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള നീക്കം സജീവമാക്കിയത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ സര്‍വേ പ്രവര്‍ത്തനം രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ സര്‍വേ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവിലുള്ള ദേശീയപാതയുടെ ഇരുവശത്തുനിന്നും വികസിപ്പിക്കാനും ദേശീയപാത കടന്നുപോകുന്നയിടങ്ങളില്‍ ചെറുതും വലുതുമായ പട്ടണങ്ങള്‍ ഇല്ലാതായി പോകുന്നുണ്ടെങ്കില്‍ ദേശീയപാതയില്‍ നിന്ന് മാറി സ്ഥലം കണ്ടെത്താനുമാണ് ശ്രമം. നേരത്തെ നടത്തിയ പ്രാഥമിക സര്‍വേയില്‍ ഇത്തരത്തില്‍ സ്ഥലങ്ങള്‍ ദേശീയപാത വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഈ സര്‍വേയുടെ ചുവടുപിടിച്ചു പുതിയ സര്‍വേയും പൂര്‍ത്തീകരിക്കാനാണ് ദേശീയപാത അധികൃതരുടെ നിര്‍ദേശം.
നേരത്തെ കണ്ടെത്തിയ സ്ഥലത്തില്‍നിന്നും വലിയ മാറ്റങ്ങളില്ലാതെയാവും ദേശീയപാത 45 മീറ്ററാക്കുകയെന്നാണ് ദേശീയപാത അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ നീക്കത്തിനെതിരേ ഉയര്‍ന്നുവരുന്ന പ്രാദേശിക എതിര്‍പ്പുകള്‍ ചര്‍ച്ചകളിലൂടെ ഇല്ലാതാക്കാനാവുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയപാത അധികൃതരുടെയും പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."