ഗുണ്ടര്‍ട്ടിന്റെ കൈയക്ഷരത്തോടെ 'കേരളനാടകം' പ്രകാശിതമാകുന്നു
തിരൂര്‍: ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കേരളത്തില്‍നിന്നു ശേഖരിച്ച് ജര്‍മനിയില്‍ സൂക്ഷിച്ചിരുന്ന 'കേരളനാടകം' എന്ന അപൂര്‍വ കൃതി മലയാള സര്‍വകലാശാല കണ്ടെത്തി ഗുണ്ടര്‍ട്ടിന്റെ കൈയക്ഷരത്തോടെ പ്രസിദ്ധീകരിക്കുന്നു. സാഹിത്യ-ചരിത്ര വിദ്യാര്‍ഥികള്‍ പഠനങ്ങള്‍ക്കായി അന്വേഷിക്കുന്ന കൃതിയെക്കുറിച്ച് പല ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ടെങ്കിലും കേരളത്തില്‍ ഒരിടത്തും ഇതു ലഭ്യമായിരുന്നില്ല. മലയാള സര്‍വകലാശാല 2015ല്‍ ജര്‍മനിയിലെ ട്യൂബിഗന്‍ സര്‍വകലാശാലയില്‍ ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് കേരളനാടകത്തിന്റെ കൈയെഴുത്ത് പ്രതി കണ്ടെത്താന്‍ സഹായകമായത്. എഴുത്തച്ഛന്‍ കൃതിയാണെന്നു കരുതിയിരുന്ന കേരളനാടകത്തിന്റെ പ്രസിദ്ധീകരണം മലയാള സാഹിത്യരംഗത്തും അക്കാദമിക മേഖലയിലും പുതിയ അന്വേഷണങ്ങള്‍ക്കു വഴിതുറക്കും. 'കേരളോല്‍പത്തി'യുടെ പാഠഭേദമായ കൃതി ഗുണ്ടര്‍ട്ട് തന്നെ എഴുതിയതാകാമെന്ന നിഗമനം മുന്നോട്ടുവച്ചാണ് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം 15ന് വൈകിട്ട് 5.30ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ ഡോ. കെ. എന്‍ ഗണേഷ് നിര്‍വഹിക്കും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എം ഭരതന്‍, പുസ്തകത്തിന്റെ എഡിറ്ററും അക്കാദമിക് ഡീനുമായ പ്രൊഫ. എം. ശ്രീനാഥന്‍, ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ്, എം.സി. വസിഷ്ഠ്, പി.കെ സുജിത്ത് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."