സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് കള്ളക്കടത്തിന് പിടിവീഴും
വാളയാര്‍: സംസ്ഥാനത്തെ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചാര്‍ജ്ജെടുത്തതോടെ സംസ്ഥാനത്തേക്കുള്ള സ്പിരിറ്റ് കടത്തിന് പിടിവീഴും. ഋഷിരാജ് സിംഗ് എക്‌സൈസ് തലപ്പത്തേക്ക് വരുന്നതോടെ മറ്റു ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥരും ഭീതിയിലാണ്.
ജയില്‍ ഡി.ജി.പി ആയിരുന്ന ഋഷിരാജ് സിംഗിനെ കഴിഞ്ഞ ദിവസമാണ് ഇടതു മന്ത്രിസഭ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്. സംസ്ഥാനത്തെ പ്രധാന ചെക്‌പോസ്റ്റും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ സ്പിരിറ്റ് കേരളത്തിലേക്ക് കടക്കുന്ന അതിര്‍ത്തി കൂടിയായ വാളയാറുള്‍പ്പെടെയുള്ള ചെക്‌പോസ്റ്റുകളില്‍ ഇനി പരിശോധന കര്‍ശനമാക്കുമെന്ന സിംഗിന്റെ ഉത്തരവും സ്പിരിറ്റ് മാഫിയകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അതിര്‍ത്തി ചെക്‌പോസ്റ്റായ വാളയാര്‍ വഴി സ്പിരിറ്റിനു പുറമെ അടുത്ത കാലത്തായി കുഴല്‍പ്പണവും സ്വര്‍ണ്ണകടത്തും വര്‍ദ്ദിച്ചിരിക്കുകയാണ്. വര്‍ദ്ദിച്ചുവരുന്ന കള്ളക്കടത്തിനെപ്പറ്റി സ്‌പെഷ്യല്‍സ്‌ക്വാഡ് കഴിഞ്ഞ സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ജില്ലയിലെ എക്‌സൈസുദ്യോഗസ്ഥര്‍ കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ആരോപണം.
ഇത്തരത്തില്‍ വന്‍തോതില്‍ വാളയാര്‍ വഴി സ്പിരിറ്റും കുഴല്‍പ്പണവുമൊക്കെ എത്തിയിട്ടും ഇതു പിടിക്കുന്നതാകട്ടെ അയല്‍ ജില്ലകളിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണെന്നത് പരിതാപകരമാണ്.
എന്നാല്‍ വന്‍തോതില്‍ എത്തുന്ന സ്പിരിറ്റ് വാഹനങ്ങളില്‍ ശ്രദ്ധ ചെലുത്താതെസ്ഥലം മാറ്റം ഇല്ലാതിരിക്കാന്‍ അഴിമതിക്കു മുന്നില്‍ കണ്ണടക്കുന്നതാണ് മിക്ക ജില്ലകളിലെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.
എന്നാല്‍ സിംഗിന്റെ എക്‌സൈസ് തലപ്പത്തേക്കുള്ള രംഗപ്രവേശത്തോടെ മറ്റു ജില്ലകളില്‍നിന്നും ആഴ്ചയിലൊരിക്കല്‍ വന്നുപോയിരുന്ന ഉദ്യോഗസ്ഥരെല്ലാമിപ്പോള്‍ സ്ഥിരതാമസത്തിനും സ്ഥിരം പരിശോധനക്കുമുള്ള തയ്യാറെടുപ്പിലാണ്.
ധനമന്ത്രിയായിരുന്ന കാലത്ത് തോമസ് ഐസക് ഉടച്ചുവാര്‍ക്കപ്പെട്ട അഴിമതിരഹിതമായ വാളയാറിലെ രഹസ്യ ഇടപാടുകളും ആര്‍.ടി.ഓഫീസ് ശുദ്ധീകരണവും കെ.എസ്.ഇ.ബി.യിലെ വൈദ്യുതി മോഷണവും ജയിലിലെ കോഴയും മൊബൈല്‍ ഫോണുകളുമൊക്കെ പിടികൂടി നിയമത്തിനു മുന്നില്‍കൊണ്ടുവന്ന ഋഷിരാജ് സിംഗിന്റെ പുതിയ ചുമതല സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിനും സ്പിരിറ്റ് മാഫിയകള്‍ക്കും പേടിസ്വപ്നമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."