അപ്രോച്ച് റോഡ് സ്ഥലതര്‍ക്കം കോടതിയില്‍ ചീക്കല്ലൂര്‍ പാലം ഉദ്ഘാടനത്തിന് ഇനിയും കാത്തിരിക്കണം
കണിയാമ്പറ്റ: അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പ്രവൃത്തി പൂര്‍ത്തിയായ ചീക്കല്ലൂര്‍ പാലത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നു. പത്ത് വര്‍ഷം മുന്‍പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. 12 കോടി രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം. എന്നാല്‍ അപ്രോച്ച് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കേസാണ് പാലത്തിന്റെ ഉദ്ഘാടനം വൈകിപ്പിക്കുന്നത്.
കാവടം വഴിയാണ് അപ്രോച്ച് റോഡ് നിര്‍മിക്കേണ്ടത്. എന്നാല്‍ സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറി റോഡ് നിര്‍മിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രണ്ട് ഏക്കറിനടുത്ത് ഭൂമി കൈയേറിയാണ് റോഡ് നിര്‍മിച്ചത്. നിലവില്‍ ഇതു സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടെയാണ് പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായത്.
കാവടം ഭാഗത്തെ റോഡ് നിര്‍മാണത്തിന് അനുകൂലമായ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് കഴിഞ്ഞ ഒരു മാസം മുന്‍പ് കണിയാമ്പറ്റ പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ അംഗീകരിക്കാന്‍ പൊതുമാരാമത്ത് അധികൃതര്‍ തയാറായിട്ടില്ല. നാളിതുവരെയായി പരാതിക്കാരി പഞ്ചായത്തിന് സ്ഥലം കൈമാറിയതായ രേഖ ഹാജരാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ഹാജരാക്കിയ രേഖയില്‍ തന്നെ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കൃത്യമായ രേഖ ലഭിക്കാതെ റോഡ് പ്രവൃത്തി നടത്തില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് അധികൃതര്‍.
അപ്രോച്ച് റോഡ് യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം ഉടമയുമായി ചര്‍ച്ചക്ക് പോലും ജനപ്രതിനിധികള്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. റോഡും പാലവും യഥാര്‍ഥ്യമായാല്‍ കണിയാമ്പറ്റയില്‍ നിന്നും കാവടം നടവയല്‍ ഭാഗത്തേക്കുള്ള യാത്ര എളുപ്പമാകും. എന്നാല്‍ ചര്‍ച്ചകള്‍ നടത്തി യാഥാര്‍ഥ്യമാക്കേണ്ട ഒരു നാടിന്റെ വികസനം ചിലരുടെ മര്‍ക്കട മുഷ്ടിയില്‍ അമര്‍ന്ന് ഇല്ലാതാകുകയാണെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."