ബൈപ്പാസിനായി ദലിത് കുടുംബങ്ങളെ കുടിയിറക്കുന്നു
കണ്ണൂര്‍: കീഴാറ്റൂരില്‍ ഭൂമി ഏറ്റെടുക്കലിനെതിരേ തുടങ്ങിയ സമരത്തിനു പിന്നാലെ കണ്ണൂരില്‍ വീണ്ടും പുതിയ സമരമുഖം. പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തി കോളനി നിവാസികളുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ പുതിയ സമരത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിനെതിരേയാണ് കണ്ണൂര്‍ ബൈപ്പാസ് സ്ഥലമെടുപ്പിന് കുടിയിറക്ക് ഭീഷണി നേരിടുന്ന തുരുത്തിയിലെ ഒരുകൂട്ടം ദലിത് കുടുംബങ്ങള്‍ സമരത്തിനിറങ്ങിയത്. തുരുത്തിയില്‍ ആക്ഷന്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടുദിവസം പിന്നിട്ട കുടില്‍കെട്ടി സമരത്തിനു പിന്തുണ ഏറി വരികയാണ്. സമരക്കാര്‍ ഏഴിന് പാപ്പിനിശേരി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
ബൈപ്പാസ് നിര്‍മിക്കുമ്പോള്‍ 25ഓളം കുടുംബങ്ങള്‍ക്കാണ് തുരുത്തിയില്‍ കിടപ്പാടം നഷ്ടപ്പെടുക. സ്ഥലമെടുപ്പിനുള്ള സര്‍വേ പൂര്‍ത്തിയായതോടെ വീടുകളുടെ മുറ്റത്തും ചുമരിനോട് ചേര്‍ന്നുമാണ് സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. തുരുത്തിയിലെ ഈ പ്രദേശം തണ്ണീര്‍ത്തട ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതും ചതുപ്പുമായതിനാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് കുടിയിറക്കുന്നവര്‍ക്കു ലഭിക്കുക. ഇതിനാല്‍ നഷ്ടപരിഹാരം എത്രയെന്ന് ഇതുവരെ ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ റോഡിന്റെ ദൂരവും വലിയ വളവുകളും കുറച്ച് ബൈപ്പാസ് നിര്‍മിക്കുന്നതിന് ജനവാസം കുറഞ്ഞ ഭൂമി ലഭ്യമായിട്ടും പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളെ രക്ഷിക്കുന്നതിനാണ് തുരുത്തി സെറ്റില്‍മെന്റ് കോളനിയെ ഇല്ലാതാക്കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
തുരുത്തിയിലെ രണ്ടു സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് കോളനി വഴി റോഡ് നിര്‍മിക്കുന്നത്. കീഴാറ്റൂര്‍ വഴി കുറ്റിക്കോല്‍ വരെയുള്ള തളിപ്പറമ്പ് ബൈപ്പാസിന്റെ തുടര്‍ച്ചയായാണ് കല്യാശേരിയില്‍ നിന്ന് തുരുത്തി-കോട്ടക്കുന്ന് വഴി കണ്ണൂര്‍ ബൈപ്പാസ് കടന്നുപോകുന്നത്. നിലവില്‍ അലൈന്‍മെന്റ് പ്രകാരം 1.5 കിലോമീറ്ററാണ് കല്യാശേരി മുതല്‍ വളപട്ടണം പുഴ വരെയുള്ള ദൂരം. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 18 വീടുകള്‍ പൂര്‍ണമായും ഏഴു വീടുകള്‍ ഭാഗികമായും നഷ്ടമാകും.
ആറു വര്‍ഷത്തിനിടെ രണ്ടാമത്തെ ജനകീയ സമരമാണ് തുരുത്തിയില്‍ നടക്കുന്നത്. നേരത്തെ സ്വകാര്യ കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരേ പ്രദേശവാസികള്‍ സമരത്തിനിറങ്ങിയിരുന്നു. ഫാക്ടറി പ്രവൃത്തിക്കുമ്പോള്‍ ഉണ്ടാകുന്ന അസഹ്യമായ പൊടിയും ശബ്ദവും പ്രദേശത്തെ വാസയോഗ്യമല്ലാതാക്കിയെന്ന് കോളനി നിവാസികള്‍ പറയുന്നു. ഇതേ കമ്പനിയാണ് ജില്ലയിലെ ഭരണകക്ഷിയില്‍ സമ്മര്‍ദം ചെലുത്തി ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ അലൈന്‍മെന്റില്‍ വെള്ളം ചേര്‍ത്തതെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബാബു തുരുത്തി പറയുന്നു. ആദ്യം പ്രഖ്യാപിച്ച അലൈന്‍മെന്റില്‍ റോഡ് നിര്‍മിച്ചാല്‍ രണ്ടു കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമന്നും ഇത് ഒഴിവാക്കാനാണു ജനവാസ കേന്ദ്രത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."