സഊദിയിലും മ്യാന്‍മറിലും റോമിങ് സൗകര്യവുമായി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കായി ബി.എസ്.എന്‍.എല്‍ സഊദി അറേബ്യയിലും മ്യാന്‍മറിലും ഇന്റര്‍നാഷണല്‍ റോമിങ് സൗകര്യവും ആരംഭിച്ചു. സഊദിയിലെ ടെലികോം സേവനദാതാക്കളായ സെയ്‌നുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചീഫ് ജനറല്‍ മാനേജര്‍ പി.ടി മാത്യു മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഫിലിപ്പിന് ആദ്യ സിം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
ബി.എസ്.എന്‍.എല്‍ 4 ജി സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പി.ടി മാത്യു മാധ്യമങ്ങളോടു പറഞ്ഞു. ഈ വര്‍ഷം തന്നെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ 4 ജി സേവനം ലഭ്യമാകും.
നിലവില്‍ ഇടുക്കിയിലെ അഞ്ചു മൊബൈല്‍ ബി.ടി.എസുകളില്‍ മാത്രമാണ് സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതു പ്രധാന നഗരങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ സ്‌പെക്ട്രം ലഭ്യമാകാത്തതാണ് പദ്ധതിക്കു തടസ്സമായത്. നടപ്പു സാമ്പത്തിക വര്‍ഷം 24 ലക്ഷം പുതിയ മൊബൈല്‍, 1.8 ലക്ഷം ലാന്‍ഡ്‌ലൈന്‍, രണ്ടു ലക്ഷം ബ്രോഡ്ബാന്‍ഡ്, 30,000 പുതിയ ഫൈബര്‍ ടു ഹോം കണക്ഷനുകള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം 18 ലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്‍കി. ബി.എസ്.എന്‍എല്ലിലേക്ക് പ്രതിവര്‍ഷം 20,000 പേര്‍ പോര്‍ട്ട് ഇന്‍ ചെയ്യുമ്പോള്‍ 10,000 പേര്‍മാത്രമാണ് പോര്‍ട്ട് ഔട്ട് ചെയ്യുന്നത്.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 710 4ജി മൊബൈല്‍ ബി.ടി.എസുകളും 1050 3ജി മൊബൈല്‍ ബി.ടി.എസുകളും 150 2ജി മൊബൈല്‍ ബി.ടി.എസുകളും സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഡിസംബര്‍ മാസത്തിനകം ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.
99 രൂപയ്ക്ക് പരിധിയില്ലാതെ രാജ്യത്തെ ഏതു നെറ്റ് വര്‍ക്കിലേക്കുംവിളിക്കാവുന്ന പുതിയ മൊബൈല്‍ സ്‌പെഷ്യല്‍ താരിഫ് വൗച്ചറും ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ ഡല്‍ഹി, മുംബൈ എന്നിവടങ്ങളിലൊഴികെ രാജ്യത്തെങ്ങും റോമിങ് സൗകര്യവുമുണ്ട്. 20 ദിവസമാണ് കാലാവധി. 1199 രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും രാജ്യത്തുള്ള എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളുകള്‍ ലഭ്യമാകുന്ന കുടുംബ ബ്രോഡ്ബാന്റ് കണക്ഷനൊപ്പം പരിധിയില്ലാത്ത കോളുകളും ഡാറ്റയും ലഭ്യമായ മൂന്ന് മൊബൈല്‍ കണക്ഷനും ലഭ്യമാകും. നിശ്ചിത പ്രതിമാസ ചാര്‍ജിന് തുല്യമായ സൗജന്യ കോളുകള്‍ നല്‍കുന്ന പുതിയ ലാന്‍ഡ്‌ലൈന്‍ പ്ലാനുകളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."