പൊലിസിനെ ആക്രമിച്ച കേസില്‍ വീട്ടമ്മ റിമാന്‍ഡില്‍
ഹരിപ്പാട്: പൊലിസിനെ ആക്രമിച്ച കേസില്‍ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നീണ്ടൂര്‍ കളീയ്ക്കല്‍ കിഴക്കതില്‍ മായ(40)യെയാണ് ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്ത് കായംകുളം ചാര്‍ജ്ജ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പൊലിസിനെ ആക്രമിച്ചെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. മായയെ കോടതി 17 വരെ റിമാന്‍ഡ് ചെയ്തു.
നേരത്തെ അറസ്റ്റിലായിരുന്ന ഇവരുടെ ഭര്‍ത്താവ് അശോക് കുമാറിന് ഹരിപ്പാട് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് അശോക് കുമാര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ഭാര്യ അറസ്റ്റിലായത്. അശോക് കുമാറും സഹോദരനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തു തര്‍ക്കം സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. ഇതിനിടയില്‍ സഹോദര ഭാര്യയെ ആക്രമിച്ചെന്ന കേസില്‍ അശോക് കുമാറിനെ അറസ്റ്റ് ചെയ്യുവാനെത്തിയപ്പോഴാണ് ഇവര്‍ തമ്മില്‍ പിടിവലിയുണ്ടായത്.
പൊലിസിനെ കണ്ട് ഭയന്നോടിയ അശോകനെ ഓടിച്ചിട്ടു പിടികൂടി വലിച്ചിഴച്ചു പൊലിസ് ജീപ്പിലിട്ടു കൊണ്ടു പോകുകയായിരുന്നു. ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ മായയുടെ കൈയ്യില്‍ നിന്ന് പൊലിസ് മൊബൈല്‍ തട്ടിപ്പറിച്ചു. പിടിവലിക്കിടയില്‍ മായയുടെ ശരീരത്തില്‍ നിസാര പരുക്കുകളുമേറ്റിരുന്നു.
അശുപത്രിയില്‍ ചികിത്സയിലായിരുന്ന മായയെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിച്ചാണ് അറസ്റ്റ് ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരുവര്‍ക്കും വിദഗ്ദ്ധ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടിട്ട് ലഭ്യമാക്കിയില്ല. അശോക് കുമാറിന് ഇപ്പോഴും ശരീരത്ത് നീര്‍ക്കെട്ടും മൂത്രതടസവുമുണ്ട്.
അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മായയെ കാണുവാനോ പ്രമേഹരോഗിയായ ഇവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ കൊടുക്കുവാനോ ബന്ധുക്കളെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. റവന്യു ജീവനക്കാരനായ അശോകനെ പൊലിസ് മര്‍ദിച്ചതിനെതിരേ ജീവനക്കാരുടെ സംഘടന പ്രക്ഷോഭത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."