അപകടം പറ്റിയ യാത്രക്കാരനെ തിരിഞ്ഞുനോക്കാതെ താമരശേരി ട്രാഫിക് പൊലിസ്
താമരശേരി: വാഹനാപകടത്തില്‍പെട്ട യാത്രക്കാരനെ തിരിഞ്ഞുനോക്കാതെ താമരശേരി ട്രാഫിക് പൊലിസ്. വയനാട് ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടര്‍ യാത്രികനെ അജ്ഞാത കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11.15ഓടെ ചുങ്കത്ത് വച്ചായിരുന്നു അപകടം. ഈസമയം അപകടം നടന്ന സ്ഥലത്തിനു സമീപം പതിനഞ്ചു മീറ്റര്‍ മാത്രം മാറി താമരശേരി ട്രാഫിക് യൂനിറ്റിലെ എസ്.ഐ ബാബുരാജും ഡ്രൈവറും രണ്ട് ഹോം ഗാര്‍ഡും ജീപ്പുമായി ഉണ്ടായിരുന്നു. എന്നാല്‍ പരുക്കേറ്റ് റോഡില്‍ തെറിച്ചുവീണ സ്കൂട്ടര്‍ യാത്രികനെ ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് തയാറായില്ല.
തടിച്ചുകൂടിയ യാത്രികരും നാട്ടുകാരും പൊലിസിനോട് പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലിസ് സ്ഥലത്തേക്ക് വന്നുനോക്കാന്‍ പോലും തയാറായില്ല. പിന്നീട് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന യാത്രികന്റെ കാറില്‍ പരുക്കേറ്റയാളെ താമരശേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
സംഭവത്തില്‍ പൊലിസിന്റെ മനഃസാക്ഷിയില്ലാത്ത നടപടിക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. വാഹനമിടിക്കുന്നതും ശേഷം നടക്കുന്ന മുഴുവന്‍ സംഭവങ്ങളും പൊലിസ് നിഷ്ക്രിയരായി നില്ക്കുന്നതുമെല്ലാം സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പൊലിസ് ജങ്ങളോട് മാന്യമായി പെരുമാറണമെന്ന മുഖ്യമന്ത്രിയുടെയും പൊലിസ് മേധാവിയുടെയും നിര്‍ദേശം നിലനിക്കെയാണ് തെല്ലും മനഃസാക്ഷിയില്ലാത്ത പൊലിസിന്റെ ഈ ക്രൂരത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."