വിവേകാനന്ദപ്പാറയിലെ സന്ധ്യ
തിരകള്‍ ആര്‍ത്തലച്ചുയരുന്നു. പതിയെ ബോട്ടിന്റെ കൈവരിയോട് കൈകള്‍ ചേര്‍ത്തുപിടിച്ചു. മനസിലെ ധൈര്യമെല്ലാം ചോര്‍ന്നുപോയതു പോലെ. അകലെ വിവേകാനന്ദപ്പാറയുടെ ദൃശ്യം കൂടുതല്‍ തെളിഞ്ഞു കാണാം. സഹയാത്രികരെല്ലാം ആഹ്ലാദം പങ്കുവയ്ക്കുന്നു.. അമ്മമാരെ ചേര്‍ത്തുപിടിച്ചു ചിരിക്കുന്ന കുട്ടികളുടെ കണ്ണുകളില്‍ തിരമാലയുടെ ഭീതി മെല്ലെ അകന്നു. ത്രിവേണി സംഗമത്തിന്റെ പുണ്യവുമായി തലയുയര്‍ത്തി നില്‍ക്കുന്ന പാറയിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍ ആദ്യമായി അവിടെയെത്തുന്ന പോലെയായിരുന്നു. ഇത് എത്രാമത്തെ തവണയാണ് ഇവിടെ എത്തുന്നതെന്ന് അയാള്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല.
മനസില്‍ സംഘര്‍ഷം നിറയുമ്പോഴെല്ലാം എവിടേക്കെങ്കിലും ഒരു യാത്ര പതിവുള്ളതാണ്. ഒറ്റപ്പെട്ടുപോയ ഒരു ജീവിതം. യാത്രകളും പലപ്പോഴും അങ്ങനെ തന്നെയായിരുന്നു. ചിരിച്ചും കളിച്ചും സന്തോഷം പങ്കുവച്ച് എല്ലാവരെയും പോലെ ഒരു യാത്ര. എന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടുണ്ടോ..? ഇവിടെ മാത്രമല്ല, എവിടെയും ഒറ്റപ്പെടാനായിരുന്നു വിധി.
കഴിഞ്ഞ തവണ വന്നപ്പോള്‍ പരിചയപ്പെട്ട സ്വാമിയെത്തേടി കണ്ണുകള്‍ അലഞ്ഞു. അന്ന് സ്വാമിയുടെ വാക്കുകള്‍ പകര്‍ന്ന തണുപ്പ് ഇപ്പോഴും ഒരു തെന്നലായുണ്ട്. അടുത്ത ലക്ഷ്യം തേടി സ്വാമി പോയിരിക്കണം. തനിക്കു മാത്രമാണല്ലോ ലക്ഷ്യമില്ലാത്തത്. സന്ധ്യ മയങ്ങാന്‍ തുടങ്ങുന്നു.
രാത്രിയില്‍ ഇങ്ങോട്ടു യാത്ര അനുവദിക്കില്ല. വന്നവര്‍ മടങ്ങാനുള്ള തിരക്കിലാണ്. തിരികെ വരാന്‍ ബോട്ടില്‍ കയറുമ്പോഴാണ് അവള്‍ മുന്നില്‍ വന്നുപെട്ടത്. വെളുത്ത വസ്ത്രങ്ങളില്‍ അവളുടെ വെളുപ്പിന് ഏഴഴക്. സീറ്റില്‍ അടുത്തിരിക്കുമ്പോള്‍ അവള്‍ ചിരിച്ചു. തിരികെ ചിരിച്ചു.. അല്ലെങ്കിലും ആരോടും അധികം മിണ്ടുന്ന സ്വഭാവക്കാരനല്ല. അതുകൊണ്ടുതന്നെ അധികം സുഹൃത്തുക്കളും ഇല്ലാതെ പോയത്..
''എവിടെയാ സ്ഥലം?''-അപ്രതീക്ഷിതമായിരുന്നു ചോദ്യം.
സ്ഥലം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.''ഞാനും അതിനടുത്ത് തന്നെയാണ്.''
മൗനം വീണ്ടും അവര്‍ക്കിടയില്‍ നിറഞ്ഞു. അയാളുടെ നോട്ടത്തിലെ ചോദ്യം തിരിച്ചറിഞ്ഞതു കൊണ്ടാകാം അവള്‍ പറഞ്ഞു.''ഇവിടെ ആശ്രമത്തില്‍ തന്നെയാണു താമസം. നാടും വീടും വിട്ടുപോരേണ്ട സാഹചര്യമുണ്ടായി..''
''ഞാനും ജീവിതത്തില്‍ എന്നും ഒറ്റപ്പെട്ടവനായിരുന്നു..''-തിരമാലകളുടെ മുഴങ്ങുന്ന ശബ്ദത്തിനിടയില്‍ അയാളുടെ നേര്‍ത്ത ശബ്ദം അലിഞ്ഞു. വ്യക്തമായി കേള്‍ക്കാനാവാം, അവള്‍ അല്‍പംകൂടെ അടുത്തിരുന്നതു പോലെ. തിരകളില്‍ ബോട്ടുലഞ്ഞതുകൊണ്ടു തോന്നിയതാവാം. വെളുത്ത വസ്ത്രങ്ങളില്‍ അവളുടെ സൗന്ദര്യം വര്‍ധിച്ചതു പോലെ. ബോട്ടിറങ്ങി നടക്കുമ്പോള്‍ അവളും കൂടെയുണ്ടായിരുന്നു. ഇനി ത്രിവേണി സംഗമത്തില്‍ പോയി അല്‍പം ഇരിക്കണം.
''ആശ്രമം അടുത്തു തന്നെയാണ്. അവരും എന്നോടൊപ്പം വന്നതാണ്..'' അവള്‍ പറഞ്ഞപ്പോഴാണ് അയാള്‍ അല്‍പം മാറിനില്‍ക്കുന്ന രണ്ടു ശുഭ്രവസ്ത്രധാരികളെ ശ്രദ്ധിച്ചത്.
''ഇനി വരുമ്പോള്‍ കാണാം..'' പറഞ്ഞിട്ടു നടക്കുമ്പോള്‍ അവള്‍ അടുത്തു വന്നു. ''ജീവിതം മടുത്തപ്പോഴാണ് ആശ്രമത്തില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഇതും മടുത്തു.. എങ്ങനെയെങ്കിലും എന്നെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ സഹായിക്കണം. എന്റെ നമ്പര്‍ ഇതിലുണ്ട്..''-അസ്തമയസൂര്യന്റെ മങ്ങിയ വെളിച്ചത്തിനിടയിലും അവളുടെ കണ്ണുകളിലെ പ്രതീക്ഷകള്‍ അയാള്‍ കണ്ടു.
''ക്ഷമിക്കണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരേകാകിയല്ല ഞാന്‍..''-അയാളുടെ വാക്കുകള്‍ക്ക് അവള്‍ ചെവിയോര്‍ത്തു. ''ഭാര്യയും മക്കളും എല്ലാവരുമുണ്ടായിട്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഒരാളാണ് ഞാന്‍..''
അവളുടെ മുഖം മങ്ങിയോ.. പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു: ''പ്രണയിച്ചവന്‍ വഞ്ചിച്ചപ്പോള്‍ എനിക്കു മുന്നില്‍ രണ്ടുവഴികളേ ഉണ്ടായിരുന്നുള്ളൂ; മരണം അല്ലെങ്കില്‍ സന്ന്യാസം. തല്‍ക്കാലം സന്ന്യാസം തിരഞ്ഞെടുത്തു. അതു വല്ലാതെ മടുത്തു. ഇനി അടുത്ത വഴി തിരഞ്ഞെടുക്കേണ്ടി വരുമോയെന്നറിയില്ല. നിങ്ങളെ കണ്ടപ്പോള്‍ എന്തോ ഒരു പ്രതീക്ഷ. വേണ്ടായിരുന്നു..''
അവളുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. പതിയെ നടന്നുനീങ്ങുന്ന അവളെ നോക്കിനില്‍ക്കുമ്പോള്‍ കന്യാകുമാരിയിലെ അസ്തമയസൂര്യന്റെ സൗന്ദര്യം അയാള്‍ കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."