പാര്‍വതി പുത്തനാറില്‍ മീനുകള്‍ ചത്തുപൊങ്ങി; ദുര്‍ഗന്ധത്തില്‍ വലഞ്ഞ് പരിസരവാസികള്‍
കോവളം: പാര്‍വതീപുത്തനാറിന്റെ തിരുവല്ലം ഇടയാര്‍ ഭാഗത്ത് മീനുകള്‍ ചത്തു പൊങ്ങി. ഇതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധം പരിസരവാസികളെ വലക്കുകയാണ്.
മാലിന്യം നിറഞ്ഞ് ആറിന്റെ ഒഴുക്ക് നിലച്ച് കുളവാഴ പടര്‍ന്നുപിടിച്ചതോടെയാണ് മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യത്തിന്റെ ദുര്‍ഗന്ധത്തിനു പുറമെയാണ് ഇപ്പോള്‍ മീനുകള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്നുള്ളതും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍.
നേരത്തെ ബൈപാസിലെ റോഡരുകിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാല്‍ കോവളം കഴക്കൂട്ടം ബൈപാസ് നിര്‍മ്മാണം തുടങ്ങിയതോടെ അത് തിരുവല്ലത്തെ പാര്‍വതീ പുത്തനാറിലേക്കായി.മാലിന്യ നിക്ഷേപമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം.
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.അടുത്തിടെ പാര്‍വതീ പുത്തനാറിലെ മാലിന്യനിര്‍മാര്‍ജനത്തിനായി ഫണ്ട് വകയിരുത്തിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഇറിഗേഷന്‍വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണവുമുയര്‍ന്നിട്ടുണ്ട്. ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പൊലിസ് പട്രോളിങ് ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞതും വെറുവാക്കായി.
അധികൃതര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ റോഡുപരോധമടക്കമുള്ള പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇടയാര്‍ നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."