കുടക്കല്ലുകള്‍: മഹാസംസ്‌കൃതിയുടെ കാലം മായ്ക്കാത്ത കൈയൊപ്പുകള്‍
ഗുരുവായൂരിനടുത്തെ അരിയന്നൂരും കണ്ടാണിശ്ശേരിയും കുന്നംകുളത്തിനടുത്തെ പോര്‍ക്കുളവും എയ്യാലും ചിറമനേങ്ങാടും പറയുന്ന ചരിത്രസത്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ക്കു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഏതാണ്ട് ബി.സി ആറാം നൂറ്റാണ്ടു മുതല്‍ എ.ഡി രണ്ടാം നൂറ്റാണ്ടു വരെയുള്ള മഹാശിലായുഗത്തിലെ ശേഷിപ്പുകളുടെ കഥ പറയുകയാണ് ഈ ഗ്രാമങ്ങള്‍. ഇവിടങ്ങളിലെ കുടക്കല്ലും മുനിമടയും കല്ലുത്തിപ്പാറയുമൊക്കെ പറയുന്നത് ആയിരമാണ്ടുകള്‍ക്കു മുന്‍പുള്ള ഗോത്രസംസ്‌കാരത്തിന്റെ ചരിത്രസത്യങ്ങളാണ്. കേട്ടറിഞ്ഞ മഹാശിലായുഗ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണാന്‍ സമീപപ്രദേശങ്ങള്‍ക്കു പുറമെ അന്യദേശങ്ങളില്‍നിന്നു പോലും നിരവധി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ഇവിടങ്ങളിലേക്കെത്തി. അങ്ങനെ കേരള ചരിത്രത്തിന്റെ ബാലപാഠങ്ങള്‍ തേടുന്നവരുടെ തീര്‍ഥാടനകേന്ദ്രങ്ങളായി മാറി ഈ പ്രദേശങ്ങള്‍.
മഹാശിലായുഗ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളാണു കുടക്കല്ലുകളും മുനിമടകളും. പണി ചെയ്തു കോണു പോലെ കുത്തനെ നിര്‍ത്തിയ മൂന്നോ നാലോ കല്ലുകളില്‍ കുടപോലെ വച്ചിട്ടുള്ളതാണു കുടക്കല്ലുകള്‍. പാറ തുരന്നുണ്ടാക്കിയ കല്ലറ പോലെയുള്ള ഗുഹകളാണു മുനിമടകള്‍. ഉള്ളില്‍ കട്ടിലെന്നു തോന്നിക്കാവുന്ന രീതിയിലും പീഠത്തിന്റെ രീതിയിലുമുള്ള മുനിമടകള്‍ക്കു വൃത്താകൃതിയില്‍ രണ്ടു പ്രവേശനമാര്‍ഗങ്ങളുണ്ടാകും. മധ്യകേരളത്തിലെ ചരിത്രാവശിഷ്ടങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഇവിടങ്ങളിലെ ഈ ശിലകള്‍. മഹാശിലായുഗത്തിലെ ഗോത്രമുഖ്യരുടെ ശവകുടീരങ്ങളാണ് ഇവയെന്നാണു ചരിത്രകാരന്മാരുടെ പക്ഷം.
അരിയന്നൂരിലെ കുടക്കല്ല് തൊപ്പിക്കല്ലാണെന്ന വാദവും ചരിത്രപണ്ഡിതര്‍ക്കിടയിലുണ്ട്. മുന്‍പ് ഇവിടെ നടത്തിയ പരിശോധനയില്‍ ആയുധങ്ങളുടെയും ധാന്യങ്ങളുടെയും വിലകൂടിയ മുത്തുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. അസ്ഥിഖണ്ഡങ്ങളും ചിതാഭസ്മം എന്നു തോന്നിക്കുന്ന അവശിഷ്ടങ്ങളും ഇവയിലുണ്ടായിരുന്നു. ഇരുമ്പു കൊണ്ടുള്ള ആയുധങ്ങള്‍ കണ്ടെടുത്തതു പ്രാചീന മനുഷ്യനിലേക്കും അസ്ത്രം, വാള്‍, കുന്തം എന്നിവയുടെ അവശിഷ്ടങ്ങള്‍ പരസ്പരം പോരാടി കഴിഞ്ഞിരുന്ന ഗോത്രങ്ങളിലേക്കും വെളിച്ചം വീശി.
കല്ലുത്തിപ്പാറയെന്ന പ്രദേശത്താണ് ഈ ഗോത്രവര്‍ഗങ്ങള്‍ താമസിച്ചിരുന്നതെന്നാണ് അനുമാനം. ഈ പാറകളില്‍ കണ്ട ചിത്രങ്ങളും രേഖകളും ഈ ചരിത്രവാദത്തിനു പിന്‍ബലമേകി. കുടക്കല്ല് നിര്‍മിക്കാന്‍ പാറ വെട്ടിയെടുത്തുവെന്നു കരുതുന്ന അടയാളങ്ങള്‍ ഇന്നും ഇവിടെയുണ്ട്. ഇത്രയും വലിയ പാറകള്‍ വെട്ടിയെടുത്തു നിര്‍മിച്ച കുടക്കല്ല് അവരുടെ നിര്‍മാണവൈഭവത്തെ കുറിച്ച് ആരിലും അത്ഭുതമുളവാക്കും.
കുന്നംകുളത്തിനടുത്തെ ചിറമനേങ്ങാടാണ് ഏറ്റവും കൂടുതല്‍ കുടക്കല്ലുകളുള്ളത്. കുടക്കല്ലുപറമ്പ് എന്നറിപ്പെടുന്ന ഇവിടെ 40ഓളം കുടക്കല്ലുകള്‍ പുരാവസ്തു വിദ്യാര്‍ഥികള്‍ക്കും പര്യവേക്ഷകര്‍ക്കും മുന്‍പില്‍ അക്ഷയഖനികള്‍ തുറന്നിടുകയാണ്.
ഇവയുടെ പഴക്കം ബി.സി 2000 മുതല്‍ എ.ഡി 100 വരെ ആകാമെന്നാണു ചരിത്ര ഗവേഷകരുടെ നിഗമനം. 4000 വര്‍ഷത്തിനടുത്ത് പഴക്കമുള്ള കുടക്കല്ലുകള്‍ ചറമനേങ്ങാട് കുടക്കല്ലു പറമ്പിലുണ്ടെന്നു പുരാവസ്തു വകുപ്പ് കരുതുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കുടക്കല്ലുപറമ്പിലെ ചില കുടക്കല്ലുകള്‍ തുറന്നു പരിശോധിച്ച പുരാവസ്തു വകുപ്പ് അധികൃതര്‍ക്കു മഹാശിലായുഗ സംസ്‌കാരത്തിന്റെ വിലമതിക്കാനാവാത്ത തെളിവുകളാണു ലഭിച്ചത്.
കുടക്കല്ലിനു താഴെ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ഒന്നര മീറ്റര്‍ ഉയരമുള്ള മണ്‍ഭരണികള്‍, ചെറിയ സ്വര്‍ണാഭരണങ്ങള്‍, ഇരുമ്പു നിര്‍മിത അരിവാള്‍, കത്തി, കുന്തം, കറുപ്പും ചുവപ്പും ചായം പൂശിയ ചെറിയ മണ്‍പാത്രങ്ങള്‍ എന്നിവയായിരുന്നു ഇവിടെനിന്നു കണ്ടെത്തിയ ചരിത്രസത്യങ്ങള്‍. ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥമായി കിടന്നിരുന്ന ഈ സ്ഥലങ്ങള്‍ ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണു വേലികെട്ടി സംരക്ഷിക്കുന്നത്. അങ്ങനെ മഹാസംസ്‌കൃതിയുടെ കാലം മായ്ക്കാത്ത കൈയൊപ്പു ചാര്‍ത്തി ഈ വേലിക്കെട്ടുകള്‍ക്കുള്ളില്‍ കുടക്കല്ലുകള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."