ഗുജറാത്തിനെ പിടിച്ചുക്കെട്ടി ലഖ്‌നൗവില്‍ സൂപ്പര്‍ ജയന്റ്‌സ് വിജയം
ലഖ്നൗ: ശുഭ്‌മാൻ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസിനുമേൽ കെ.എൽ. രാഹുലിന്റെ ലഖ്‌നൗ ഭീമന്മാർ ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും നിറഞ്ഞാടി. ലഖ്‌നൗവിന് മുൻപിൽ നിശ്ചിത ഓവർ പൂർത്തിയാവുംവരെ പിടിച്ചുനിൽക്കാൻ പോലും ഗുജറാത്തിന് കഴിഞ്ഞില്ല. ഫലത്തിൽ ടൈറ്റൻസിനെതിരേ ജയന്റ്റ്സിന് 33 റൺസിൻ്റെ ജയം. സ്കോർ: ലഖ്നൗ- 163/5 (20 ഓവർ). ഗുജറാത്ത്- 130/10 (18.5 ഓവർ).
യഷ് ഠാക്കൂറിൻ്റെ അഞ്ചു വിക്കറ്റ് പ്രഹരമാണ് ഗുജറാത്തിനെ മുറിവേൽപ്പിച്ചത്. 3.5 ഓവറിൽ ഒരു മെയ്‌ഡനടക്കം 30 റൺസ് വിട്ടുനൽകിയാണ് ഠാക്കൂർ അഞ്ച് വിക്കറ്റ് നേട്ടം കൊയ്‌തത്. നാലോവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് ക്രുണാൽ പാണ്ഡ്യ മൂന്നുപേരെയും മടക്കി. കൂടാതെ മാർക്കസ് സ്റ്റോയ്നിസിന്റെ അർധ സെഞ്ചുറി കൂടി ചേർന്നപ്പോൾ കളി ലഖ്‌നൗവിനൊപ്പം നിന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ 163 റൺസെടുത്തു. 43 പന്തുകളിൽനിന്ന് 58 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലഖ്‌നൗ നിരയിലെ ടോപ് സ്കോറർ. ലഖ്നൗവിന് ആദ്യ മൂന്നോവറുകളിൽത്തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി.
ക്വിന്റൺ ഡി കോക്കും (6) ദേവ്‌ദത്ത് പടിക്കലും (7) ആണ് വിക്കറ്റ് കളഞ്ഞത്.ആദ്യ ഓവർ എറിഞ്ഞ ഉമേഷ് യാദവിൻ്റെ രണ്ടാം പന്ത് സിക്‌സിനു പറത്തിയ ഡി കോക്ക്, അതേ ഓവറിലെ നാലാം പന്തിൽ നൂർ അഹ്‌മദിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തൻ്റെ രണ്ടാം ഓവർ എറിയാൻ എത്തിയ ഉമേഷ് യാദവ് ദേവ്ദത്ത് പടിക്കലിനെയും മടക്കി. വിജയ് ശങ്കറിൻ്റെ ക്യാച്ചിലാണ് പുറത്തായത്. സീസണിലെ കഴിഞ്ഞ നാല് കളികളിൽ ഒന്നിൽപ്പോലും രണ്ടക്കം തികയ്ക്കാൻ പടിക്കലിനായില്ല.
രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 47 എന്ന നിലയിൽ ലഖ്‌നൗ തങ്ങളുടെ പവർപ്ലേ പൂർത്തിയാക്കി. ക്യാപ്റ്റൻ കെ.എൽ. രാഹുലും മാർക്കസ് സ്റ്റോയിസും ചേർന്ന് മൂന്നാം വിക്കറ്റിൽ 73 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 13-ാം ഓവറിൽ ദർശൻ നാൽക്കണ്ഡെയുടെ പന്തിൽ കെ.എൽ. രാഹുൽ രാഹുൽ തെവാട്ടിയക്ക് ക്യാച്ച് നൽകി പുറത്തായി-33 (31).
ദർശൻ എറിഞ്ഞ അടുത്ത ഓവറിൽ സ്‌റ്റോയിനിസും മടങ്ങി. ശരത്ത് ബി.ആറിന് ക്യാച്ച് നൽകുകയായിരുന്നു. രണ്ട് സിക്‌സും നാല് ഫോറും സഹിതമാണ് സ്റ്റോയ്‌നിസിൻറെ 58 റൺസ്. രണ്ട് സിക്‌സുകളും നേടിയത് സ്‌റ്റോയിസിന്റെ അതേ ഓവറിലാണ്. പത്തൊൻപതാം ഓവറിൽ ആയുഷ് ബദോനിയും പുറത്തായി-20 (11). നിക്കോളാസ് പുരാനും (22 പന്തിൽ 32) ക്രുണാൽ പാണ്ഡ്യയും (2) ആയിരുന്നു നിശ്ചിത ഓവർ അവസാനിക്കുമ്പോൾ ക്രീസിൽ. ഗുജറാത്തിനായി ദർശൻ നാൽക്കണ്ഡെ, ഉമേഷ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് മികച്ച രീതിയിലാണ് തുടങ്ങിയത്. പവർ പ്ലേയുടെ അവസാന പന്തിലാണ് ആദ്യ വിക്കറ്റ് വീണത്. 21 പന്തിൽ 19 റൺസുമായി ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ യഷ് ഠാക്കൂറിൻ്റെ പന്തിൽ പുറത്തായി. പവർ പ്ലേയിൽ 54 റൺസാണ് ഗുജറാത്ത് നേടിയത്. ഓപ്പണർ സായ് സുദർശന്റെ തകർപ്പൻ പ്രകടനമാണ് മികച്ച തുടക്കം സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."