പൊയ്യ, കുഴൂര്‍ പഞ്ചായത്തുകളിലെ ജലസേചന പദ്ധതികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു
മാള: പൊയ്യ, കുഴൂര്‍ പഞ്ചായത്തുകളിലുള്ള ജലസേചന പദ്ധതികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഇടപെട്ട് ചാലക്കുടിപ്പുഴയിലെ കൈത്തോട്ടിലേക്ക് വെള്ളമെത്തിച്ചതോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വെള്ളമില്ലാത്തതിനാല്‍ പൊയ്യ പഞ്ചായത്തിലെ തൈഗ്രാം പദ്ധതിയും കുഴൂരിലെ വഞ്ചിപ്പുരത്താഴം പദ്ധതിയും അവതാളത്തിലായിരുന്നു.
കണക്കന്‍കടവ് പാലം മുതല്‍ കൈനേരി കടവുതോട് വരെയുള്ള ഭാഗം ചണ്ടിയും ചെളിയും പുല്ലും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അഡ്വ.വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി.കെ ഡേവിസ് എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നടപടി സ്വീകരിച്ചത്.
ചാലിലെ ചെളിയും പുല്ലും ചണ്ടിയും നീക്കാന്‍ മൂന്നുലക്ഷം രൂപ ജില്ലാ കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പ് അനുവദിക്കുകയായിരുന്നു. ഒരു കിലോമീറ്ററോളം വരുന്ന ചാല് ശുചിയാക്കിയതോടെ പുഴയില്‍ നിന്ന് സ്വാഭാവിക ഒഴുക്കിലൂടെ വെള്ളമെത്തി. പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ പി.എം അയ്യപ്പന്‍കുട്ടി എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് ഈ വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു.
തോട് താഴ്ത്തി വെള്ളത്തിന്റെ ഒഴുക്ക് സ്ഥിരമായി നിലനിര്‍ത്താന്‍ മാള ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും പൊയ്യ പഞ്ചായത്ത് 2.15 ലക്ഷം രൂപയും കുഴൂര്‍ പഞ്ചായത്ത് രണ്ടുലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചാലിലൂടെ വെള്ളം നിറഞ്ഞെത്തിയതോടെ പരിസരത്തെ പാടങ്ങളും നിറഞ്ഞിരിക്കുകയാണ്.ഇനിയും കൂടുതല്‍ താഴ്ത്തി സ്വാഭാവികമായ ഒഴുക്ക് വര്‍ധിപ്പിച്ചാല്‍ പൊയ്യ, കുഴൂര്‍ പഞ്ചായത്തുകളിലെ ജലസേചന സൗകര്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് വാര്‍ഡ് മെമ്പര്‍ പി.എം അയ്യപ്പന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."