ജിഷ വധക്കേസ്: വിസ്താരം ഇന്ന് തുടങ്ങും; ആദ്യഘട്ടം ഏപ്രില്‍ അഞ്ചുവരെ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ ഒന്നാംസാക്ഷിയും പഞ്ചായത്ത് അംഗവുമായ അനസിനെയാണ് ആദ്യ ദിവസമായ ഇന്ന് വിസ്തരിക്കുന്നത്. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയെ നാളെയും പ്രതിയെ തിരിച്ചറിഞ്ഞ ജിഷയുടെ അയല്‍വാസി ശ്രീലേഖയെ ബുധനാഴ്ചയും കോടതി വിസ്തരിക്കും. ഏപ്രില്‍ അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന ആദ്യഘട്ടത്തില്‍ 21 പേരെയായിരിക്കും വിസ്തരിക്കുക.
കുറ്റപത്രത്തില്‍ 195 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തീരെ പ്രാധാന്യമില്ലാത്ത സാക്ഷികളെ വിസ്തരിക്കില്ലെന്നാണ് സൂചന. 125 ശാസ്ത്രീയ പരിശോധനാ രേഖകളും 700 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 28 നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ആദ്യം പെരുമ്പാവൂര്‍ കോടതിയില്‍ ആരംഭിച്ച കേസ് പിന്നീട് ദലിത് പീഡന നിരോധനനിയമം ചുമത്തിയതിനെത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിന് കേസിന്റെ വിസ്താരം തുടങ്ങാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവും കേസ് പഠിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് പ്രതി അമീറിന്റെ അഭിഭാഷകനും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിരവധി തവണ വിസ്താരം മാറ്റിവയ്ക്കുകയായിരുന്നു. ഹൈക്കോടതിയില്‍ സി. ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് നല്‍കിയ ഹരജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ന് വിസ്താരം ആരംഭിക്കുന്നത്. അഡ്വ. എന്‍. കെ ഉണ്ണികൃഷ്ണനാണ് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. പ്രതി അമീറിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ബി. എ ആളൂരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."