ഊര്മിത്രം പദ്ധതിക്ക് ജില്ലയില്‍ തുടക്കം: ആദിവാസി വിഭാഗത്തിന്റെ ആരോഗ്യ സുരക്ഷ
മാനന്തവാടി: ആദിവാസി സമൂഹത്തിന് യോജിക്കുന്ന രീതിയിലുള്ള പ്രത്യേക ആരോഗ്യ സുക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊരുമിത്രം പദ്ധതി ആരംഭിക്കുന്നു.
സംസ്ഥാനത്തെ പൊതു സമൂഹത്തെ അപേക്ഷിച്ച് ഇപ്പോഴും പരിതാപകരമായി തുടരുന്ന ആദിവാസി ജനവിഭാഗത്തിന്റെ ആരോഗ്യസൂചിക മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ആദിവാസി സമൂഹത്തിന് അവരുടെതായ ഭാഷയും സംസ്‌ക്കാരവും ജീവിത രീതികളും ഉണ്ട്. ഇതിന് യോജിക്കുന്ന രീതിയിലുള്ള ആരോഗ്യദായക സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട് എന്ന കണ്ടെത്തലില്‍ നിന്നാണ് ഊരുമിത്രം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നേരത്തെ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍ പൊതു സമൂഹത്തിന് നല്‍കിയ രീതിയിലും ശൈലിയിലുമാണ് ആദിവാസികള്‍ക്കിടയിലും നടപ്പാക്കിയത്.
അതുകൊണ്ട് പദ്ധതികള്‍ കൊണ്ട് ആദിവാസി മേഖലയില്‍ കാര്യമായി പുരോഗതി കൈവരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഊരുമിത്രം പദ്ധതി. ഒരോ ഊരിലെ ജനങ്ങളും അവര്‍ക്കിടയില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഊര് മിത്രങ്ങള്‍.
ആ ഊരില്‍ തന്നെ താമസിക്കുന്ന വിവാഹിതയും ഒരു കുഞ്ഞെങ്കിലുമുള്ള സ്ത്രീയെയാണ് ഊരുമിത്രമായി തിരഞ്ഞെടുക്കുന്നത്.
ഇത്തരത്തിലുള്ള 158 ഊരുമിത്രങ്ങളെയാണ് ജില്ലയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ പൂതാടി, തിരുനെല്ലി, നൂല്‍പ്പുഴ, പുല്‍പ്പള്ളി എന്നീ പഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അടിയന്തിര ഘട്ടങ്ങളില്‍ പ്രസവം എടുക്കുന്നതിന് വരെയുള്ള വിശദമായ പരിശീലനം നല്‍കി അവരുടെ ഊരില്‍ ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ എത്തിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.158 ഊരുമിത്രങ്ങള്‍ക്കും ഒന്നം ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ടാം ഘട്ട പരിശീലനത്തിനുള്ള പ്രാരംഭ നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഒരു നഴ്‌സിന് നല്‍കാന്‍ കഴിയുന്ന എല്ലാവിധ സേവനങ്ങളും ഇവര്‍ക്കും നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പരിശീലനം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് പദ്ധതി ആരംഭിക്കുന്നത്. തീവ്രമായ പരിശീലനത്തിലൂടെ ലഭിക്കുന്ന അറിവുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ സ്വന്തം സമുഹത്തില്‍ എത്തിക്കുക എന്നതാണ് ഊരുമിത്രങ്ങളുടെ പ്രാഥമിക കടമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."