ലഹരിയില്‍ മുങ്ങുന്ന ചൊക്ലി; നടപടിയില്ലെന്ന് ആക്ഷേപം
ചൊക്ലി: ചൊക്ലി മേഖലയില്‍ ലഹരി ഒഴുകുന്നു. ഇതിനെതിരേ നടപടിയെടുക്കാതെ പൊലിസ് കാഴ്ചക്കാരാകുന്ന അവസ്ഥയുണ്ടായതോടെ ലഹരി വ്യാപനം മേഖലയില്‍ അനിയന്ത്രിതമായിരിക്കുകയാണ്. വാഹനപകടങ്ങളില്‍ മിക്കതിനും കാരണമാകുന്നതു ലഹരിയുടെ ഉപയോഗമാണെന്നാണ് പൊലിസ് റിപ്പോര്‍ട്ട്.
ചൊക്ലി, കടവത്തൂര്‍, പെരിങ്ങത്തൂര്‍, കരിയാട് എന്നിവടങ്ങളില്‍ ലഹരിവില്‍പനക്കാര്‍ പിടിമുറുക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികളെയും മറുനാടന്‍ തൊഴിലാളികളെയും കേന്ദ്രീകരിച്ചു നിരോധിക്കപ്പെട്ട പുകയില ഉല്‍പന്നങ്ങള്‍, കഞ്ചാവ് തുടങ്ങിയവയാണ് വില്‍പന നടത്തുന്നത്.
കഴിഞ്ഞ ദിവസം പെരിങ്ങത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന ഓട്ടോ ഡ്രൈവറെ ചൊക്ലി പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഞ്ചാവ് നിറച്ച പാക്കറ്റ് വലിച്ചെറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പിടികൂടിയത്. പൂക്കോത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവവുമുണ്ടായിരുന്നു. മദ്യലഹരിയില്‍ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊല്ലുകയായിരുന്നുവത്രെ.
രണ്ട് മാസം മുന്‍പ് വാഹന പരിശോധനക്കിടെ ഡിഗ്രി വിദ്യാര്‍ഥിയില്‍ നിന്നു പാനൂര്‍ പൊലിസ് കഞ്ചാവ് പിടികൂടിയിരുന്നു. ലഹരി മാഫിയക്കെതിരേ പൊലിസ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."