ആര്‍.എസ്.എസ് സെ ആസാദീ
ഇതെഴുതുമ്പോഴും'ആര്‍.എസ്.എസ് സേ ആസാദി, വീ വാണ്ട് ജസ്റ്റിസ്,' എന്നീ മുദ്രവാക്യങ്ങളുയര്‍ത്തി അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമര പോരാട്ടങ്ങളിലൂടെ കടന്നുപോകുകയാണ്. കത്തുന്ന വെയിലിലും കനല്‍ കെടാതെ ഹിന്ദുത്വ ശക്തികളോട് രാജിയാവാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് രാപകല്‍ സമരം നടത്തുന്നത്. ഹിന്ദുത്വ ഫാഷിസത്തിന്റെ കഴുക കണ്ണുകള്‍ക്ക് മുകളില്‍ ജാഗ്രതയുടെ പ്രതിരോധ വലയം തീര്‍ത്ത് വിദ്യാര്‍ഥി സമൂഹം സമര തീക്ഷ്ണതയുടെ ഐതിഹാസിക ചരിത്രം രചിക്കുകയാണ്. നാല് ദിവസം പിന്നിട്ടിട്ടും സമരം ആവേശം ചോരാതെ മുന്നോട്ട് പോവുന്നു.
ചരിത്രത്തിന്റെ കനല്‍പഥങ്ങളില്‍ തീവ്രഹിന്ദുത്വത്തോട് പടപൊരുതിയാണ് അലിഗഡ് അതിന്റെ പ്രയാണം തുടങ്ങിയത്.അത് ഇന്നും അഭംഗുരം തുടരുന്നു.കാലങ്ങളായി ഹിന്ദുത്വ ശക്തികളുടെ കണ്ണിലെ കരടാണ് അലിഗഡില്‍ ജ്വലനകാന്തിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ വൈജ്ഞാനിക സൗധം.ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം സതീഷ് കുമാര്‍ ഗൗതം എന്ന ബി.ജെ.പി എം.പി കുറച്ച് ദിവസം മുമ്പ് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂനിയന്‍ ഹാളിലുള്ള മുഹമ്മദലി ജിന്നയുടെ ഫോട്ടോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിസിക്ക് കത്ത് നല്‍കുന്നതിലൂടെയാണ്. എന്നാല്‍, ലൈഫ് ടൈം മെമ്പര്‍ഷിപ്പ് നല്‍കി ആദരിച്ചവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യല്‍ യൂനിവേഴ്‌സിറ്റിയുടെ സ്റ്റുഡന്‍സ് യൂനിയന്റെ കീഴ് വഴക്കമാണെന്നു വിസി മറുപടി നല്‍കി.1938ലാണ് മുഹമ്മദലി ജിന്നക്ക് ആദര സൂചകമായി വിദ്യാര്‍ഥി യൂനിയനില്‍ ആജീവനാന്ത അംഗത്വം നല്‍കുന്നത്. 1920ല്‍ മഹാത്മാഗാന്ധിക്കും പിന്നീട് നെഹ്‌റുവിനും സരോജിനി നായിഡുവിനുമെല്ലാം ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. അവരുടെയെല്ലാം പടം ആ ഹാളില്‍ തൂക്കിയിട്ടുമുണ്ട്.അന്ന് മുതല്‍ 80 വര്‍ഷത്തോളമായി മുഹമ്മദലി ജിന്നയുടെ ഫോട്ടോ വിദ്യാര്‍ഥി യൂനിയന്‍ ഹാളിന്റെ ചുവരിലുണ്ട്. ഇതുവരെ ആ ഒരു ചിത്രത്തിന്റെ പേരില്‍ ഇല്ലാതിരുന്ന പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നിലുള്ള അജണ്ട വ്യക്തമാണ്. മെയ് രണ്ടിന് ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് ലൈഫ് ടൈം മെമ്പര്‍ഷിപ്പ് നല്‍കി ആദരിക്കാന്‍ സ്റ്റുഡന്‍സ് യൂനിയന്‍ തീരുമാനിച്ചിരുന്നു.അതിനുള്ള ഒരുക്കത്തിലായിരുന്നു യൂനിവേഴ്‌സിറ്റി.അന്നേ ദിവസം തന്നെ 'ബഹുസ്വര സമൂഹം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ' എന്ന വിഷയത്തില്‍ ഹാമിദ് അന്‍സാരിയുടെ പ്രഭാഷണവും നിശ്ചയിച്ചിരുന്നു.യൂനിയന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി അറിഞ്ഞ സംഘ്പരിവാര ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്താന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ജിന്നയുടെ ചിത്രം നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് ചെയ്യാനായിരുന്നു ആഹ്വാനം.
അടുത്ത ദിവസം യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയുടെ മുപ്പതോളം വരുന്ന ആളുകള്‍ ആയുധങ്ങളുമായി യൂനിവേഴ്‌സിറ്റിക്കകത്തു പ്രവേശിക്കാനും പ്രശ്‌നങ്ങളുണ്ടാക്കനും ശ്രമിക്കുകയും തടഞ്ഞ സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിക്കുകയും ചെയ്തു.ആയുധങ്ങളുമേന്തി യൂനിവേഴ്‌സിറ്റിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ തടയേണ്ട യു.പി പൊലിസ് ഇവര്‍ക്ക് സംരക്ഷണമൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേ സമയം സ്റ്റുഡന്‍സ് യൂനിയന്റെ ലൈഫ് ടൈം മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്നതിനായി മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്നു.പ്രശ്‌നം നടക്കുന്ന ബാബെ സയ്യിദ് ഗേറ്റിനടുത്ത് നൂറു മീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഗസ്റ്റ് ഹൗസിലാണ് മുന്‍ വൈസ്പ്രസിഡന്റ് വിശ്രമിച്ചത്. ഇസഡ് കാറ്റഗറിയിലുള അദ്ദേഹത്തിന് മതിയായ സുരക്ഷ പോലും യു.പി പൊലിസ് ഒരുക്കിയിരുന്നില്ല. അക്രമകാരികളില്‍ ആറു പേരെ വിദ്യാര്‍ഥികള്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. എന്നാല്‍, കേസെടുക്കാതെ വിട്ടയക്കുകയാണ് ചെയതത്. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും യൂനിയന്‍ നേതാക്കള്‍ക്കടക്കം പരിക്കേല്‍ക്കുകയും ചെയ്തു.
ഈ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ച മുമ്പ് യൂനിവേഴ്‌സിറ്റിക്കകത്ത് ആര്‍.എസ്.എസിന് ശാഖ തുടങ്ങാന്‍ അനുമതി തരണമെന്നാവശ്യപ്പെട്ട് ഒരുപ്രവര്‍ത്തകന്‍ വിസി താരിഖ് മന്‍സൂറിന് കത്ത് നല്‍കിയിരുന്നു.ഇതിനെതിരെ വിദ്യാര്‍ഥി നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് പ്രശ്‌നങ്ങള്‍ അരങ്ങേറുന്നത്.പ്രശ്‌നം നടക്കുന്നതിന് മുമ്പ് തന്നെ എ.എം.യുവിനെ പാഠം പഠിപ്പിക്കാനുണ്ടെന്നും ആരാണ് അത് പഠിപ്പിക്കുകയെന്നും ചോദിച്ച് സുബ്രഹമണ്യസ്വാമിയുടെ ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.പ്രശ്‌നം നടക്കുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് എസ്.പിയെ സ്ഥലം മാറ്റിയതടക്കം കൃത്യമായ ആസൂത്രണമാണ് അരങ്ങേറിയതെന്ന് വ്യക്തം.
സര്‍വകലാശാലയിലേക്ക് ആയുധങ്ങളുമായി കടന്ന് വന്ന് പ്രശ്‌നം സൃഷ്ടിച്ച ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം സര്‍വകലാശാല മുഴുവന്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്.സ്റ്റുഡന്‍സ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി അധ്യാപക അനധ്യാപക സംഘടനകളും രംഗത്ത് വന്നു. സമരം ഏറ്റെടുത്ത് വിദ്യാര്‍ഥികള്‍ ബാബെ സയ്യിദില്‍ തടിച്ച് കൂടിയപ്പോള്‍ സമരം പൊളിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചു.എന്നാല്‍ വെള്ളിയാഴ്ച ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന് ബാബെ സയ്യിദിനടുത്ത് വച്ച് ജുമുഅ നിസ്‌കരിച്ച് തങ്ങള്‍ സമരസജ്ജരാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു.ഇതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ 144 പ്രകാരമുള്ള നിരോധനാജ്ഞയും വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി.എന്നാല്‍, പോരാട്ടവീര്യത്തെ തകര്‍ക്കാനാവില്ലെന്ന് തെളിയിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും സമരമുഖത്ത് നിലകൊള്ളുന്നു.
ക്യാംപസിലേക്ക് അതിക്രമിച്ച് കയറിയ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരുടെ നടപടികളെയും വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളേയും മറച്ചു പിടിച്ച് വിഷയം ജിന്നയില്‍ ഒതുക്കി വിവാദമുണ്ടാക്കാനായിരുന്നു മാധ്യമങ്ങള്‍ ശ്രമിച്ചത്.
യൂനിവേഴ്‌സിറ്റിയുടെ ന്യൂനപക്ഷ പദവിയുടെ പേരില്‍ നിരന്തരമായുള്ള വേട്ടയാടലുകള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.പ്രഥമ രാഷ്ട്രപതി യൂനിവേഴ്‌സിറ്റി സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ വൈസ് ചാന്‍സലര്‍ സാക്കിര്‍ ഹുസൈന് അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുണ്ടായിരുന്നത് ഇതാണ്: 'അലിഗഡ് സര്‍വകലാശാല ദേശീയജീവിതത്തില്‍ ഏതുവിധം ഭാഗഭാക്കാവുന്നുവോ, ഇന്ത്യയുടെ ദേശീയജീവിതത്തില്‍ മുസ്‌ലിംകളുടെ സ്ഥാനം നിര്‍ണയിക്കുന്നത് അതായിരിക്കും. അപ്രകാരംതന്നെ, അലിഗഡിനോട് ഇന്ത്യന്‍ ഭരണകൂടം ഏതുനിലയില്‍ പെരുമാറുന്നുവോ അതിനനുസരിച്ചുള്ള ദേശീയജീവിതമായിരിക്കും ഭാവിയില്‍ നാം ആര്‍ജിക്കാന്‍ പോകുന്നത്. അതിന്റെ നിദര്‍ശനമാണ് ഇന്നും ഇന്ത്യയില്‍ പുലര്‍ന്നു കാണുന്നത്.
സമരം സര്‍വകലാശാല മുഴുവന്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. സ്റ്റുഡന്‍സ് യൂനിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി അധ്യാപക -അനധ്യാപക സംഘടനകളും രംഗത്ത് വന്നു. സമരം ഏറ്റെടുത്ത് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ബാബെ സയ്യിദില്‍ തടിച്ച് കൂടിയപ്പോള്‍ സമരം പൊളിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ വെള്ളിയാഴ്ച ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന് ബാബെ സയ്യിദിനടുത്ത് വച്ച് ജുമുഅ നിസ്‌കരിച്ച് തങ്ങള്‍ സമരസജ്ജരാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ 144 പ്രകാരമുള്ള നിരോധനാജ്ഞയും വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. എന്നാല്‍ പോരാട്ട വീര്യത്തെ തകര്‍ക്കാനാവില്ലെന്ന് തെളിയിച്ച് വിദ്യാര്‍ഥികള്‍ ഇപ്പോഴും സമരമുഖത്ത് നിലകൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."