'പിടലിക്കറുപ്പന്‍ ആള'യെ ആദ്യമായി കേരളത്തില്‍ കണ്ടെത്തി
പൊന്നാനി: പിടലിക്കറുപ്പന്‍ ആളയെന്ന പുതിയ ഒരു ദേശാടനപ്പക്ഷിയെകൂടി കേരളത്തില്‍ കണ്ടെത്തിയതായി പക്ഷിനിരീക്ഷകര്‍. പൊന്നാനി ബീച്ചിലാണ് ബ്ലാക്ക് നേപ്ഡ് ടേണ്‍ (പിടലിക്കറുപ്പന്‍ ആള) എന്ന പേരുള്ള കടല്‍ ആളയെ പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയത്. ഇതാദ്യമായാണ് ഈ പക്ഷിയുടെ സാന്നിധ്യം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷിനിരീക്ഷകനും സിനിമാ സഹസംവിധായകനുമായ തൃശൂര്‍ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍ കെ അയ്യറാണ് പുതിയ പക്ഷിയെ കണ്ടെത്തിയത്.
ധ്രുവപ്രദേശങ്ങളിലും അതിനടുത്ത പസിഫിക്, ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളിലും കാണുന്ന ഇവ വളരെ അപൂര്‍വമായെ ഉള്‍നാടുകളില്‍ എത്താറുള്ളൂ. കൊക്കും കാലും കറുപ്പ് നിറത്തിലുള്ള ഇവയുടെ കൊക്കിന്റെ അറ്റം മഞ്ഞയും, നീളമുള്ള വാലുകളുമാണ്. സെപ്റ്റംബറിനും ഏപ്രിലിനുമിടയിലാണ് ഇവയുടെ ദേശാടനക്കാലമെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
പറക്കാനും നീന്താനും കഴിയുന്ന കടല്‍ ആളകള്‍ കൂട്ടം ചേര്‍ന്നാണ് ജീവിക്കുക. ജപ്പാന്‍, ചൈന, മലേഷ്യ, ഫിലിപ്പൈന്‍, ആസ്‌ത്രേലിയ, എന്നിവിടങ്ങളിലും ഈ പക്ഷിയെ കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡമാന്‍ ദ്വീപുകളില്‍ ഇവയെ സര്‍വസാധാരണമായും കാണാറുണ്ടെന്നും പക്ഷി നിരീക്ഷകര്‍ പറയുന്നു.
1990 ല്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ വച്ച് ഈ ദേശാടനപ്പക്ഷിയെ പക്ഷിനിരീക്ഷകര്‍ കണ്ടെത്തിയിരുന്നതായും എന്നാല്‍ പക്ഷികളുടെ ചെക്ക്‌ലിസ്റ്റില്‍ ചേര്‍ക്കാതിരുന്നതുമാണെന്ന് ഒരു വിഭാഗം പക്ഷിനിരീക്ഷകര്‍ ചുണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."