കായിക രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ 'വട്ടപ്പൂജ്യം': മന്ത്രി എം.എം മണി
പാലാ: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കായിക രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ 'വട്ടപ്പൂജ്യ'മാണെന്ന് മന്ത്രി എം.എം മണി. ഒളിംപ്യന്മാര്‍ ഉള്‍പ്പെടെ ഒട്ടേറെ അന്തര്‍ദേശീയ കായിക താരങ്ങളും പരിശീലകരും അണിനിരന്ന വേദിയിലായിരുന്നു മന്ത്രിയുടെ അഭിപ്രായ പ്രകടനം. കായിക താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ ദ്രോണാചാര്യ കെ.പി തോമസ് മാഷിന് ശിഷ്യരായ കായിക താരങ്ങള്‍ ചേര്‍ന്നു നടത്തിയ 'ഗുരുവന്ദനം' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായിക രംഗത്ത് മെഡലുകള്‍ വാരിക്കൂട്ടുമ്പോള്‍ ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലെയുള്ള അത്യപൂര്‍വം പേരെ മാത്രമേ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇന്ത്യക്കുള്ളൂ.
ഈ സ്ഥിതി മാറിയേ തീരൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് കായിക മേഖലയില്‍ അര്‍ഹമായ സ്ഥാനം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്ന കാര്യത്തെ കുറിച്ച് എല്ലാവരും ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി. മുരളീധരന്‍ എം.പി പറഞ്ഞു.
ചടങ്ങില്‍ കെ.പി തോമസ് മാഷിനെയും പത്‌നി തങ്കമ്മ തോമസിനെയും ആദരിച്ചു. അന്തര്‍ദേശീയ താരങ്ങളായ ഷൈനി വില്‍സണ്‍, വില്‍സണ്‍ ചെറിയാന്‍, സെബാസ്റ്റ്യന്‍ സേവ്യര്‍, മോളി ചാക്കോ, രാമചന്ദ്രന്‍, സിനി ജോസ്, ദ്രോണാചാര്യ സണ്ണി തോമസ്, പാലാ നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രൊഫ. ഡോ. സെലിന്‍ റോയി തകടിയേല്‍, ലേബര്‍ ഇന്ത്യ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, കേരള അത്‌ലറ്റിക് അസോസിയേഷന്‍ ജന. സെക്രട്ടറി പി.ഐ ബാബു, ഗര്‍വാസീസ്, നിഷ കെ. ജോയി, ജോസഫ് ജി. അബ്രാഹം പങ്കെടുത്തു.
പരിപാടിക്ക് മുന്നോടിയായി തോമസ് മാഷിന് ആശംസ നേരാന്‍ ജോസ് കെ. മാണി എം.പി.യും പി.സി ജോര്‍ജ് എം.എല്‍.എയും എത്തിയിരുന്നു. തോമസ് മാഷിന്റെ ആത്മകഥയുടെ പ്രകാശനവും നടന്നു.
പരസ്പരം പുകഴ്ത്തി
മാണിയും മണിയും
പാലാ: കേരളാ കോണ്‍ഗ്രസ് (എം) മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ച മുറുകവേ പരസ്പരം പുകഴ്ത്തി കെ.എം മാണിയും വൈദ്യുതി മന്ത്രി എം.എം മണിയും. മണിയെ വൈദ്യുതി മന്ത്രിയായി ലഭിച്ചത് നല്ലതാണെന്ന് കെ.എം മാണി പറഞ്ഞു.
നിയമസഭയ്ക്കകത്തും പുറത്തും തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദ്രോണാചാര്യന്‍ കെ.പി തോമസ് മാഷിന് കായിക താരങ്ങള്‍ ഒരുക്കിയ ഗുരുവന്ദനം പരിപാടിയിലാണ് കെ.എം മാണി മന്ത്രി എം.എം മണിയെ പ്രശംസിച്ചത്. കെ.എം മാണി ആദരിക്കപ്പെടേണ്ട വ്യക്തിയാണെന്ന് എം.എം മണി പ്രസംഗത്തിനിടയില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."