പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നതായി പരാതി
മേപ്പയ്യൂര്‍: പഞ്ചായത്തിലെ ചാവട്ട് മുണ്ടോട്ടില്‍ ഭാഗത്തു കുറ്റ്യാടി ഇറിഗേഷന്‍ കനാലില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഇരുഭാഗങ്ങളിലും കൂട്ടിയിട്ട് കത്തിക്കുന്നത് പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പരാതി.
പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും അടക്കമുള്ള മാലിന്യങ്ങളാണ് ചാവട്ട് സ്‌റ്റൈഫണില്‍ വന്നടിയുന്നത്. ഇടയ്ക്കിടെ മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരേ ഇറിഗേഷന്‍ അധികൃതര്‍ക്കും പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇപ്പോള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കനാലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരേ ബോധവല്‍ക്കരണം നടത്തണമെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ കനാലില്‍ സ്‌റ്റൈഫണില്‍ മാലിന്യങ്ങള്‍ വന്നടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതായും അവിടങ്ങളിലെ മാലിന്യങ്ങള്‍ കനാലിന്റെ കരയില്‍ നിക്ഷേപിക്കുകയാണെന്നും ഇറിഗേഷന്‍ വകുപ്പ് പറഞ്ഞു. അതേസമയം മാലിന്യ സംസ്‌കരണത്തിനായി ഇറിഗേഷനു ഫണ്ടില്ലെന്ന് അസി. എന്‍ജിനീയര്‍ രാമചന്ദ്രന്‍ പറഞ്ഞു.
മാലിന്യം പൊതുസ്ഥലത്തു കത്തിക്കുന്നതിനെ ദേശീയ ഹരിത ട്രെബ്യൂണല്‍ നിരോധിച്ചിരിക്കുകയാണ്.
വീഴ്ച വരുത്തുന്ന വരില്‍ നിന്ന് 5000 മുതല്‍ 25000 രൂപ വരെ പിഴ ഈടാക്കുന്നതിനും നിര്‍ദേശവുമുണ്ട്. ഈ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമത്തെ ഒരുപരിധിവരെ പരിഹരിക്കുന്ന കനാലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ തദ്ദേശ സ്വയംഭരണ സംവിധാനവും ഇറിഗേഷന്‍ വകുപ്പും യോജിച്ച് ജനപങ്കാളിത്തത്തോടു കൂടി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."