തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണം
മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ലോക്കല്‍ ഗവണ്‍മെന്റ് കമ്മിഷന്‍ തയാറാക്കിയ കരട് ചട്ടങ്ങള്‍ക്കെതിരേ വ്യാപക പരാതി.
പ്രധാനപ്പെട്ട വകുപ്പുകളായ പഞ്ചായത്ത്, നഗരകാര്യം, നഗരാസൂത്രണം, ഗ്രാമവികസനം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് സര്‍വിസ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസ് എന്നിവ സംയോജിപ്പിച്ച് ഏകീകൃത തദ്ദേശ സ്വയംഭരണ പൊതുസര്‍വിസ് രൂപീകരിക്കാനുള്ള കരട് നിര്‍ദേശത്തിനെതിരേ ജീവനക്കാരുടെ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
ഗ്രാമ-നഗര പ്രദേശങ്ങള്‍ ഇഴചേര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഒരുമിച്ചു നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതി ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് പ്രതിപക്ഷ സംഘടനകളും ഭരണകക്ഷിയായ സി.പി.ഐയിലെ ജീവനക്കാരുടെ സംഘടനയും പറയുന്നത്. പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, ബി.ഡി.ഒ തസ്തികളില്‍ 300ല്‍ താഴെ മാത്രമാണ് നേരിട്ടുള്ള നിയമനം നടക്കുന്നത്.
പുതിയ കരട് നിര്‍ദേശപ്രകാരം അത് 50 ശതമാനമായി ഉയരും. കൂടാതെ 10 ശതമാനം കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിന് മാറ്റിവയ്ക്കുന്നതോടെ താഴെക്കിടയിലുള്ള പ്രമോഷന്‍ സാധ്യതകള്‍ കുറയുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
നിലവില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് പഞ്ചായത്തിന്റെ തനത് വരുമാനത്തില്‍ നിന്നും മുനിസിപ്പല്‍ കോമണ്‍ സര്‍വിസിലുള്ള ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് മുനിസിപ്പാലിറ്റിയുടെ തനത് വരുമാനത്തില്‍ നിന്നുമാണ്. പരസ്പര ഏകോപനം നടക്കുന്ന വകുപ്പുകളില്‍ സര്‍ക്കാര്‍ ട്രഷറി വഴി ശമ്പളം ലഭിക്കുന്നവരുമുണ്ട്. വകുപ്പുകളുടെ ഏകോപനത്തോടെ ഇതു സംബന്ധിച്ച കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഗ്രാമവികസനം, നഗരാസൂത്രണം മുതലായ വകുപ്പിലെ ജീവനക്കാരുടെ ശമ്പളത്തിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നുണ്ട്. ഇത് ഇല്ലാതാകുന്നതോടെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പള വിഹിതം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കാനിടയുണ്ടെന്നും ആരോപണമുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഉണ്ടായിരുന്ന ജില്ലാതല ഗ്രാമവികസന ഏജന്‍സിയില്‍ (ഡി.ആര്‍.ഡി.എ) ഘടനാപരമായ ഒരുമാറ്റവും വരുത്താതെ ദാരിദ്ര്യലഘൂകരണ വിഭാഗം (പി.എ.യു) എന്ന രീതിയില്‍ മുന്‍ ഇടതുസര്‍ക്കാര്‍ പേരുമാറ്റം വരുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള പേരില്‍ മാറ്റം വരുത്തി പുതിയ ഏജന്‍സി ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ ആവശ്യമാണെന്നാരോപിച്ച് പി.എ.യുവിലെ ജീവനക്കാര്‍ക്കുള്ള ശമ്പള വിഹിതം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
ഗ്രാമവികസനം, നഗരാസൂത്രണം തുടങ്ങിയ കാര്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന പദ്ധതികള്‍ക്കു തയാറാക്കുന്ന മാര്‍ഗരേഖകളിലെല്ലാം സംസ്ഥാന നോഡല്‍ ഏജന്‍സി ആയി നിശ്ചയിച്ചിരിക്കുന്നത് സംസ്ഥാന ഗ്രാമവികസന വകുപ്പാണ്.
ഇതു കേരളത്തിനു വേണ്ടി മാത്രം മാറ്റം വരുത്തുമോ എന്നതു വ്യക്തമല്ലെന്നതും കരടു നിര്‍ദേശത്തിനെതിരേ ആരോപണമായി ഉന്നയിക്കുന്നുണ്ട്.
എല്‍.ഡി ക്ലര്‍ക് റാങ്ക് ലിസ്റ്റില്‍നിന്ന് 50 ശതമാനത്തിനു മുകളില്‍ നിയമനം നടക്കുന്നത് പഞ്ചായത്ത് വകുപ്പിലേക്കാണ്. പുതിയ കരട് ചട്ടത്തില്‍ എല്‍.ഡി ക്ലര്‍ക് എന്ന തസ്തികയില്ലാത്തതിനാല്‍ നിലവിലുള്ള എല്‍.ഡി ക്ലര്‍ക്കിന്റെ പി.എസ്.സി റാങ്ക് ലിസ്റ്റ് അകാല ചരമം അടയുമെന്നും പറയുന്നു. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സംഘടനകള്‍ ഇതിനകം സമരപരിപാടികളും തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."