രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കിണറ്റില്‍നിന്ന് രക്ഷിച്ച നിസാമുദ്ദീന്‍ നാടിന്റെ താരം
പരപ്പനങ്ങാടി: അല്‍പമൊന്നു ചിന്തിച്ചശേഷം നിസാമുദ്ദീന്‍ കിണറ്റിലിറങ്ങിയപ്പോള്‍ നാട്ടുകാര്‍ നെഞ്ചില്‍ കൈവച്ചു, കിണറ്റില്‍വീണ രണ്ടു പേരെയും നിസാം രക്ഷിച്ചു കരയിലെത്തിച്ചു. എന്നാല്‍, ശ്വാസംകിട്ടാതെ നിസാമുദ്ദീനെന്ന രക്ഷകന്‍ കിണറ്റില്‍ പിടഞ്ഞപ്പോള്‍ നാട്ടുകാരുടെ മനസും പിടഞ്ഞു. ഒടുവില്‍ സുഹൃത്ത് അവന്റെ രക്ഷകനായി, കരയ്‌ക്കെത്തിയ നിസാം തളര്‍ന്നുവീണെങ്കിലും ഇപ്പോള്‍ സുഖംപ്രാപിച്ചുവരുന്നു, ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനയുടെ പിന്‍ബലത്തോടെ...
അന്യസംസ്ഥാന തൊഴിലാളികളെ കിണറ്റില്‍നിന്നു രക്ഷിക്കാനിറങ്ങിയ ചെട്ടിപ്പടി കുപ്പിവളവിലെ കുഞ്ഞിമുഹമ്മദിന്റെ മകന്‍ നിസാമുദ്ദീനാ (23) ണ് നാട്ടുകാരുടെ ഹൃദയത്തില്‍ ഇടംനേടിയത്. തിരൂര്‍ പയ്യനങ്ങാടിയിലെ പെട്രോള്‍പമ്പിലെ ചോര്‍ച്ചയെ തുടര്‍ന്നു സമീപത്തുള്ള കിണറ്റില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതു വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് കിണറ്റില്‍ ശ്വാസംകിട്ടാതെ മരണത്തെ മുഖാമുഖം കണ്ടത്. എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ മുഖാമുഖം നോക്കിനില്‍ക്കേയാണ് തൊട്ടടുത്തുള്ള വര്‍ക്‌ഷോപ്പില്‍ കാര്‍ സര്‍വിസ് ചെയ്യാനെത്തിയ നിസാമുദ്ദീനും കൂട്ടുകാരന്‍ കൊടക്കാട് ആലിഞ്ചുവടിലെ വലിയപറമ്പില്‍ ഫായിസും സംഭവസ്ഥലത്തെത്തുന്നത്.
ഒരു നിമിഷം ചിന്തിച്ച ശേഷം നിസാമുദ്ദീന്‍ സാഹസികമായി കിണറ്റിലിറങ്ങി ശ്വാസം അടക്കിപ്പിടിച്ച് അവരെ രക്ഷിച്ചു. എന്നാല്‍, കിണറ്റിനുള്ളില്‍ പെട്ടുപോയ നിസാം ശ്വാസംകിട്ടാതെ ജീവനുവേണ്ടി കെഞ്ചുകയായിരുന്നു പിന്നീട്. അപ്പോഴും നാട്ടുകാര്‍ക്കു നോക്കിനില്‍ക്കാന്‍ തന്നെയായിരുന്നു വിധി. അവസാനം സുഹൃത്ത് ഫായിസ് തന്നെ നിസാമിനെയും കയര്‍വള്ളിയില്‍ പിടിച്ചു കയറ്റുകയായിരുന്നു.
കയറിയ ഉടനെ പെട്രോള്‍ ശ്വാസിച്ചതിനെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യംമൂലം നിസാമുദ്ദീന്‍ ബോധരഹിതനായി. ഉടന്‍ ഫായിസ് തന്നെ നിസാമിനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന നിസാം മൂന്നു ദിവസം ഐ.സി.യുവില്‍ കിടന്നു. ഇപ്പോള്‍ ആശുപത്രിവിട്ട് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. ആറു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിട്ടുള്ളത്. പി.കെ അബ്ദുറബ്ബ് എം.എല്‍.എ കഴിഞ്ഞ ദിവസം നിസാമിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. നിസാമുദ്ദീന്റെ ധീരതയ്ക്കുള്ള അംഗീകാരമായി യുവജന സംഘടനകളും നാട്ടുകാരും ചേര്‍ന്നു നാട്ടില്‍ പ്രൗഢ സ്വീകരണം നല്‍കാന്‍ തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."