ഒരു അതിബുദ്ധിമാന്റെ കഥ
1879 മാര്‍ച്ച് 14 ന് ജര്‍മനിയിലെ ഉലമില്‍ ആണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ജനിച്ചത്. ഹെര്‍മന്‍ ഐന്‍സ്റ്റൈനും പൗളീനും ആയിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ മാതാപിതാക്കള്‍. ഇലക്ട്രിക് കടയുടെ നടത്തിപ്പായിരുന്നു അവരുടെ കുടുംബത്തിന്റെ ജീവിത മാര്‍ഗം. സംരംഭം ലാഭകരമല്ലാത്തതിനാല്‍ 1880ല്‍ ഹെര്‍മനും കുടുംബവും മ്യൂണിച്ചിലേക്ക് കുടിയേറി.
ബാല്യകാലത്ത് ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ഐന്‍സ്റ്റൈന്‍. ആല്‍ബര്‍ട്ടിന്റെ അമ്മ പൗളീന്‍ വിദ്യാസമ്പന്നയും കുലീനയുമായിരുന്നു. അമ്മയിലൂടെയാണ് ഐന്‍സ്റ്റൈന്‍ ശാസ്ത്രത്തേയും സംഗീതത്തേയും തൊട്ടറിഞ്ഞത്.
വയലിന്‍ വായന
ബാല്യത്തില്‍ ഭയങ്കര ദേഷ്യക്കാരനായിരുന്നു ഐന്‍സ്റ്റൈന്‍. കൈയില്‍ കിട്ടിയതൊക്കെയും വലിച്ചെറിയുകയും അനുജത്തി മാജയുമായി വഴക്കിടുകയും ചെയ്യുന്നത് ഐന്‍സ്റ്റൈന്റെ സ്വഭാവമായിരുന്നു. മകന്റെ കോപാഗ്നി തണുപ്പിക്കാന്‍ അമ്മ പൗളീന്‍ വയലിന്‍ പഠിപ്പിച്ചു.പിന്നീട് മരണം വരെ ഐന്‍സ്റ്റൈന്‍ വയലിന്‍ വായന തുടര്‍ന്നു.
ശരിയായ പേരെന്താണ് ?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ എന്നാണ് മഹാനായ ഈ ശാസ്ത്രജ്ഞന്റെ പേര്. ഐന്‍സ്റ്റീന്‍, എയ്ന്‍സ്റ്റീന്‍,അയ്ന്‍സ്റ്റെയിന്‍ എന്നെല്ലാം തെറ്റായി ഉച്ചരിക്കാറുണ്ട്. ജര്‍മനിയില്‍ ഐന്‍സ്റ്റൈന്‍ ഐന്‍ഷ്ടൈന്‍ ആണ്. ഐന്‍ എന്നാല്‍ ഒന്ന് എന്നും സ്റ്റൈന്‍ എന്നാല്‍ കല്ല് എന്നുമാണ് അര്‍ഥം. അപ്പോള്‍ ഐന്‍സ്റ്റൈന്‍ എന്ന വാക്കിന്റെ അര്‍ഥമോ ഒരു കല്ല് എന്നും. അതേ ശാസ്ത്രലോകത്തെ മാണിക്യക്കല്ല്.
പേരും ബാല്യവും
സ്റ്റൈന്‍ എന്ന വാക്കില്‍ അവസാനിക്കുന്ന പേര് യഹൂദ മതക്കാരുടേതാണെന്നു പലരും പറഞ്ഞു. ഐന്‍സ്റ്റൈനെ ഇത് മാനസികമായി തളര്‍ത്തി. ഒരു മതത്തിന്റേയും പ്രതീകമായ പേര് തനിക്കു വേണ്ടെന്ന് ഐന്‍സ്റ്റൈന്‍ ബാല്യത്തില്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് ആ തീരുമാനത്തില്‍നിന്ന് ഐന്‍സ്റ്റൈന്‍ പിന്മാറി.
പേടിയാണ് ആ ചോദ്യങ്ങള്‍
ഐന്‍സ്റ്റൈന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ അധ്യാപകര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതിനാല്‍ തന്നെ ഐന്‍സ്റ്റൈനെ പല അധ്യാപകരും ഭയന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം. 1942 ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചതു മുതല്‍ ഐന്‍സ്റ്റൈന്റെ ചോദ്യങ്ങളെ അധ്യാപകരെ പോലെ അമേരിക്കയും ഭയപ്പെട്ടു. അമേരിക്കന്‍ നയങ്ങളെയായിരുന്നു ആ കാലങ്ങളില്‍ ഐന്‍സ്റ്റൈന്‍ ചോദ്യം ചെയ്തത്.
സംസാരിക്കാന്‍
വൈകിയ കുട്ടി
ബാല്യത്തില്‍ വളരെ വൈകിമാത്രം സംസാരിക്കാന്‍ തുടങ്ങിയ കുട്ടിയായിരുന്നു ഐന്‍സ്റ്റൈന്‍. മറ്റുള്ള കുട്ടികള്‍ സംസാരിച്ചു തുടങ്ങിയ കാലം കഴിഞ്ഞിട്ടും ഐന്‍സ്റ്റൈന്‍ മിണ്ടാതിരുന്നേയുള്ളൂ. ഇതു മാതാപിതാക്കള്‍ക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. എന്നാല്‍ വൈകി മാത്രം സംസാരിച്ചു തുടങ്ങിയ ആ കുട്ടി പിന്നീട് ലോകത്തോടു സംസാരിച്ചു തുടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ മിണ്ടാതിരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രഭാഷണത്തെ എതിര്‍ക്കാന്‍ തക്ക ആശയസമ്പന്നത ലോകത്തിനില്ലായിരുന്നു.
മടിയന്‍
ബാല്യകാലത്ത് ഏറ്റവും മടിയനായ കുട്ടിയായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍. കാര്യമായ മാര്‍ക്കൊന്നുമില്ലാതെയായിരുന്നു ഐന്‍സ്റ്റൈന്‍ ഓരോ പരീക്ഷയും ജയിച്ചിരുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ മാതാപിതാക്കളോട് അധ്യാപകര്‍ ഐന്‍സ്റ്റൈനെക്കുറിച്ചുള്ള പരാതി പറഞ്ഞിരുന്നു.
സ്‌കൂളില്‍നിന്നു പുറത്ത്
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന് പതിനഞ്ചു വയസായപ്പോള്‍ മാതാപിതാക്കള്‍ ഇറ്റലിയിലേക്ക് താമസം മാറി. ഐന്‍സ്റ്റൈനോ ജര്‍മനിയിലും. മകന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ അവര്‍ ഐന്‍സ്റ്റൈനെ ഇറ്റലിയിലേക്കു കൊണ്ടു പോയില്ല. എന്നാല്‍ തന്റെ കൈയിലിരിപ്പു കൊണ്ട് സ്‌കൂളില്‍നിന്നുള്ള ട്രാന്‍സ്ഫര്‍ ഐന്‍സ്റ്റൈന് എളുപ്പത്തില്‍ കിട്ടി.
പ്രകൃതി- വലിയ ഗ്രന്ഥം
വിദ്യാഭ്യാസ കാലത്ത് കണക്കും ഫിസിക്‌സുമായിരുന്നു ഐന്‍സ്റ്റൈന്റെ ഇഷ്ടവിഷയം. എന്നാല്‍ വിഷയം ക്ലാസ്മുറിയില്‍ പഠിക്കുന്ന കാര്യം ഐന്‍സ്റ്റൈന് അത്ര ഇഷ്ടമൊന്നുമല്ലായിരുന്നു. സ്‌കൂള്‍ സിലബസിലെ പഠനത്തേക്കാള്‍ സിലബസിലില്ലാത്ത വിഷയങ്ങള്‍ പഠിക്കുന്നതിലായിരുന്നു ഐന്‍സ്റ്റൈന് താല്‍പ്പര്യം. സ്‌കൂളിലെ ചട്ടങ്ങള്‍ പാലിക്കുന്നതിലും ഐന്‍സ്റ്റൈന് താല്‍പ്പര്യമില്ലായിരുന്നു. ഇതിനാല്‍ തന്നെ പരീക്ഷ വന്നപ്പോള്‍ ഐന്‍സ്റ്റൈന്‍ പല വിഷയങ്ങളിലും പിന്നിലായി. പ്രകൃതിയാണ് ഏറ്റവും വലിയ ഗ്രന്ഥം എന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം. ക്ലാസ് മുറിയിലിരുന്നു പഠിക്കുന്ന കാര്യം ഐന്‍സ്റ്റൈന് തീരെ ഇഷ്ടമായിരുന്നില്ല. സമയം കിട്ടിയാല്‍ ഇലക്ട്രിക് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം
പ്രിയപ്പെട്ട റൂസ്‌വെല്‍റ്റിന്
ഐന്‍സ്റ്റൈന്‍ അമേരിക്കക്ക് ഒരു കത്തെഴുതി. ആവശ്യം ഇത്രമാത്രമായിരുന്നു. ലോകത്തെ ആദ്യത്തെ അണുബോംബ് അമേരിക്ക നിര്‍മിക്കണം. ജര്‍മനി ആദ്യത്തെ അണുബോംബ് നിര്‍മിച്ചാല്‍ അത് പക്ഷെ മനുഷ്യരാശിയുടെ അന്ത്യത്തില്‍ കലാശിക്കുമെന്ന ഐന്‍സ്റ്റൈന്റെ ദീര്‍ഘവീക്ഷണമായിരുന്നു അമേരിക്കന്‍ പ്രസിഡന്റായ റൂസ്‌വെല്‍റ്റിന് ഒരു കത്തെഴുതാന്‍ ഐന്‍സ്റ്റൈനെ പ്രേരിപ്പിച്ച ഘടകം. ഈ മഹാവിപത്തിന് തടയിടാന്‍ ജര്‍മനിക്കു മുമ്പേ അമേരിക്ക അണുബോംബ് നിര്‍മിക്കുകയാണെങ്കില്‍ ജര്‍മനിയുടെ ആധിപത്യം പരാജയപ്പെടും. ഇതിനു വേണ്ടി നാലോളം കത്തുകള്‍ അദ്ദേഹം റൂസ്‌വെല്‍റ്റിന് എഴുതിയിരുന്നു.
ജര്‍മനിയോട് പക
1932 ല്‍ ജര്‍മനിയില്‍ നാസി പാര്‍ട്ടിയായിരുന്നു അധികാരം പിടിച്ചെടുത്തത്. ഇത് ഹിറ്റ്‌ലറെ സേച്ഛാധിപതിയാക്കിമാറ്റി. ഒന്നാം ലോകമഹായുദ്ധത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ച ജര്‍മന്‍ ജനത ഹിറ്റ്‌ലറെ അവരുടെ വിമോചകനായാണ് കണ്ടത്. എന്നാല്‍ ജര്‍മനിയുടെ ദുരിതത്തിലേക്കാണ് പിന്നീട് ഹിറ്റ്‌ലര്‍ പടനയിച്ചത്. അന്ധമായ ജൂതവിരോധം ഹിറ്റ്‌ലര്‍ക്കുണ്ടായിരുന്നു. ജര്‍മനിയിലെ യഹൂദന്മാരെ മുഴുവന്‍ കൊന്നൊടുക്കാനുള്ള ഹിറ്റ്‌ലറുടെ നടപടിയും അനുബന്ധ വിരോധവും യഹൂദനായ ഐന്‍സ്റ്റൈന് നേരെയുമുണ്ടായി. ഇതായിരുന്നു അദ്ദേഹത്തെ ജര്‍മന്‍ വിരോധത്തിലേക്ക് നയിച്ചത്.
ജര്‍മന്‍ പൗരത്വവും വേണ്ട
സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ ജര്‍മന്‍ പൗരത്വം ഉപേക്ഷിക്കാന്‍ ഐന്‍സ്റ്റൈന്‍ തീരുമാനിച്ചിരുന്നു. ഈ കാര്യം ഐന്‍സ്റ്റൈന്‍ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ തക്കതായ കാരണമില്ലാത്തതിനാല്‍ അവര്‍ നിരുത്സാഹപ്പെടുത്തി. അപ്പോള്‍ യഹൂദമതവിശ്വാസം ഉപേക്ഷിക്കുമെന്നായി ഐന്‍സ്റ്റൈന്റെ ഭീഷണി. 1896 ല്‍ അദ്ദേഹം ജര്‍മന്‍ പൗരത്വം ഉപേക്ഷിച്ചു. പിന്നീടുള്ള കുറച്ചുകാലം പൗരത്വമില്ലാതെ ജീവിച്ചു.1901 ല്‍ സ്വിസ് പൗരത്വം നേടിയെടുത്തു.1914 ല്‍ ഐന്‍സ്റ്റൈന്‍ ജര്‍മനിയില്‍ തിരിച്ചെത്തിയെങ്കിലും 1918 ലാണ് ജര്‍മന്‍ പൗരത്വം സ്വീകരിച്ചത്. പിന്നീട് ഹിറ്റ്‌ലറോടും ജര്‍മ്മനിയോടും വിരോധം കൂടിയപ്പോള്‍ 1933 ല്‍ രണ്ടാമതും ജര്‍മന്‍ പൗരത്വം ഐന്‍സ്റ്റൈന്‍ ഉപേക്ഷിച്ചു.1940 ല്‍ ഐന്‍സ്റ്റൈന്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
നൊബേല്‍സമ്മാനം ഭാര്യക്ക്
1921 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ഐന്‍സ്റ്റൈനായിരുന്നു ലഭിച്ചത്. തനിക്കു ലഭിച്ച സമ്മാന തുക തന്റെ ആദ്യത്തെ ഭാര്യയായ മിലേവമാരിച്ചിനാണ് നല്‍കിയത്. ഈ സമയം അദ്ദേഹം തന്റെ രണ്ടാം ഭാര്യയായ എല്‍സയുടെ കൂടെയായിരുന്നു ജീവിച്ചിരുന്നത്. നൊബേല്‍ സമ്മാനത്തിലേക്ക് ഐന്‍സ്റ്റൈനെ നയിച്ചത് മിലേവയുടെ പ്രേരണയായിരുന്നുവത്രേ.
ആപേക്ഷികതയെന്ന കീറാമുട്ടി
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തം ശാസ്ത്രലോകത്തിന്റെ അന്നുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളെ മാറ്റി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്ത സിദ്ധാന്തമായിരുന്നുവത്രേ ആപേക്ഷികതാസിദ്ധാന്തം. 'എന്റെ ആപേക്ഷികതാസിദ്ധാന്തത്തെ ഗണിതജ്ഞര്‍ ആക്രമിച്ചുതുടങ്ങിയ ശേഷം എനിക്ക് തന്നെ ആ സിദ്ധാന്തം മനസിലാകാതെയായി' എന്നായിരുന്നു ഒരിക്കല്‍ തമാശയായി ഐന്‍സ്റ്റൈന്‍ തന്റെ സിദ്ധാന്തത്തെക്കുറിച്ച് പറഞ്ഞത്. 'ആപേക്ഷികതാ സിദ്ധാന്തംശരിയാണെന്ന് തെളിഞ്ഞാല്‍ ജര്‍മനി പറയും ഐന്‍സ്റ്റൈന്‍ ജര്‍മന്‍ പൗരനാണെന്ന്. എന്നാല്‍ ഫ്രാന്‍സ് പറയുക ഐന്‍സ്റ്റൈന്‍ വിശ്വപൗരനാണെന്നാണ്. ഇനി ആപേക്ഷികതാസിദ്ധാന്തം തെറ്റാണെന്നു വന്നാല്‍ ജര്‍മനി പറയുക ഞാന്‍ കേവലമൊരു യഹൂദന്‍ ആണെന്നാണ്. ഫ്രാന്‍സ് ആ സമയത്ത് പറയുക കേവലം ജര്‍മന്‍കാരനാണെന്നായിരിക്കും'. അദ്ദേഹം ഒരിക്കല്‍ ജര്‍മനിയേയും ഫ്രാന്‍സിനേയും കളിയാക്കി.
പ്രസിഡന്റ് പദവി വേണ്ട
1952 ല്‍ ഇസ്രായേലിന്റെ പ്രസിഡന്റ് പദവിയിലേക്ക് ബെന്‍ഗുറിയോണ്‍ ഐന്‍സ്റ്റൈനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ആ പദവി അദ്ദേഹം സ്‌നേഹത്തോടെ നിരസിച്ചു. തനിക്ക് അല്‍പ്പം കണക്കും ഫിസിക്‌സും മാത്രമേ അറിയൂ. മനുഷ്യരെ ഭരിക്കാനോ രാഷ്ട്രീയമോ അറിയില്ല എന്നായിരുന്നു ഐന്‍സ്റ്റൈന്റെ മറുപടി.
നൂറ്റാണ്ടിലെ മഹാന്‍
ടൈം മാഗസിന്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായി തെരഞ്ഞെടുത്തത് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ ആയിരുന്നു.
വര്‍ണവിവേചനത്തിന്
എതിരെ
1946 ല്‍ വര്‍ണവിവേചനവും നീഗ്രോവധവും അമേരിക്കയിലുടനീളം നടന്നിരുന്നു.ഐന്‍സ്റ്റൈനെ സംബന്ധിച്ചിടത്തോളം ഈ കാര്യം അസഹനീയമായിരുന്നു. സംഭവങ്ങള്‍ക്കെതിരെ അടിയന്തരമായി നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ട്രൂമാന് ഐന്‍സ്റ്റൈന്‍ കത്തുകളെഴുതി. ജീവിത കാലത്ത് അനേകം സാമൂഹിക പ്രശ്‌നങ്ങളില്‍ ഐന്‍സ്റ്റൈന്‍ ഇടപെടുകയുണ്ടായി. എങ്കിലും പൊതു പ്രവര്‍ത്തന രംഗത്ത് നിന്നുള്ള അംഗീകാരമോ ശീതളച്ഛായയോ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.
എന്റെ തലയ്ക്ക് ഇത്രയും വിലയോ
അമേരിക്കന്‍ പൗരത്വം നേടിയ ഐന്‍സ്റ്റൈന്‍ ജര്‍മനിയിലേക്ക് തിരികെ വരില്ലെന്നു മനസിലാക്കിയ നാസികള്‍ അദ്ദേഹത്തിന്റെ വസതികൈയേറുകയും ലൈബ്രറി നശിപ്പിക്കുകയും ചെയ്തു. ജീവനോടെയോ അല്ലാതെയോ ഐന്‍സ്റ്റൈനെ പിടിച്ചു കൊടുക്കുന്നയാള്‍ക്ക് ആയിരം ഡോളര്‍ പ്രതിഫലമായി നാസികള്‍ പ്രഖ്യാപിച്ചു. എന്റെ തലയ്ക്ക് ഇത്രയും വിലയുണ്ടോയെന്നാണ് വാര്‍ത്ത അറിഞ്ഞ ഐന്‍സ്റ്റൈന്‍ പ്രതികരിച്ചത്.
ഗാന്ധിജിയും ഐന്‍സ്റ്റൈനും
ഗാന്ധിജിയുടെ ആശയങ്ങള്‍ ഐന്‍സ്റ്റൈനെ നന്നായി സ്വാധീനിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ ശാന്തിയിലേക്കുള്ള മാര്‍ഗം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നാം തയാറാകണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതുപോലെ ഒരാള്‍ മാംസവും രക്തവുമുള്ള ഒരു യഥാര്‍ത്ഥമനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറകള്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ പാടുപെട്ടേക്കാം.! ഗാന്ധിജിയെക്കുറിച്ചുള്ള ഐന്‍സ്റ്റൈന്റെ വാക്കുകളാണിത്.
പ്രകാശത്തിനാണ് ഏറ്റവും വേഗം
പ്രകാശത്തിന്റെ വേഗതയെ മറികടക്കാന്‍ പ്രപഞ്ചത്തിലെ ഒരു വസ്തുവിനും സാധിക്കില്ലെന്ന് ഐന്‍സ്റ്റൈന്‍ ആദ്യത്തെ ലേഖനത്തില്‍ കുറിച്ചു. പില്‍ക്കാലത്ത് ലോകത്തിന്റെ പലഭാഗത്തും ഐന്‍സ്റ്റൈന്റെ പ്രവചനത്തെ മറികടക്കാനുള്ള പരീക്ഷണങ്ങള്‍ അരങ്ങേറി. സേണ്‍ ലാബില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പരീക്ഷണത്തില്‍ ന്യൂട്രിനോകള്‍ പ്രകാശത്തെ മറികടക്കുമെന്ന് ആയിരത്തിലേറെ തവണ നടത്തിയ പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ശാസ്ത്രലോകം അവകാശപ്പെട്ടിരുന്നു .ഒരു നൂറ്റാണ്ടു കാലത്തോളം തകരാതെ കൊണ്ടുനടന്നിരുന്ന വിശ്വാസം തകര്‍ന്നെന്നാണ് അന്ന് ശാസ്ത്രലോകം കണക്കു കൂട്ടിയത്. എന്നാല്‍ ഒടുവില്‍ ശാസ്ത്രം ഇങ്ങനെ വിധി എഴുതി- ഐന്‍സ്‌റ്റൈന്‍ പറഞ്ഞതാണ് ശരി.പ്രകാശത്തിനാണ് ഏറ്റവും വേഗം.
ഐന്‍സ്റ്റൈന്റെ തലച്ചോര്‍
ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാനായാണ് ഐന്‍സ്റ്റൈനെ കണക്കാക്കുന്നത്. ലോകത്തിലെ പല ശാസ്ത്രഗവേഷകരുടേയും ആവശ്യപ്രകാരം ഐന്‍സ്റ്റൈന്‍ തന്റെ മരണശേഷം തലച്ചോര്‍ പരീക്ഷണത്തിനു വിട്ടുനല്‍കാമെന്ന് അവര്‍ക്ക് ഉറപ്പുകൊടടുത്തു. കൊടുത്തു. മരണത്തോടെ ഐന്‍സ്‌റ്റൈന്റെ തലച്ചോര്‍ നിരവധി തവണ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കി. തോമസ് ഹാര്‍വെ എന്ന വൈദ്യഗവേഷകന്‍ ഐന്‍സ്റ്റൈന്റെ തലച്ചോര്‍ നിരവധി തവണ നിരീക്ഷണം നടത്തിയെങ്കിലും പ്രാഥമികമായി ഒന്നും കണ്ടെത്താനായില്ല. 1985 ല്‍ പ്രസിദ്ധീകരിച്ച ഓണ്‍ ദ ബ്രെയ്ന്‍ ഓഫ് എ സയന്റിസ്റ്റ്- ആല്‍ബര്‍ട്ട് എന്‍സ്റ്റൈന്‍ എന്ന പ്രബന്ധത്തില്‍ പറയുന്നത്- തലച്ചോറിലെ ഗ്ലിയാല്‍ സെല്ലുകള്‍ ന്യൂറോണുകളെ വലയം ചെയ്ത് അവയെ സമ്പുഷ്ടമാക്കുകയും സംരക്ഷിക്കുകയും ചെയ്യും. ന്യൂറോണുകളും ഗ്ലിയാല്‍ സെല്ലുകളും തമ്മിലുള്ള അനുപാതം ക്രമത്തിലധികമായിരുന്നു. ഐന്‍സ്റ്റൈന്റെ തലച്ചോറില്‍ ഗ്ലിയാല്‍ സെല്ലുകളുടെ ബാഹുല്യം ന്യൂറോണ്‍ ആക്റ്റീവതയെ കൂടുതലാക്കുന്നു.
1996 ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പ്രബന്ധത്തില്‍ മറ്റുള്ളവരുടെ തലച്ചോറിനെ അപേക്ഷിച്ച് ഐന്‍സ്റ്റൈന്റെ തലച്ചോറിന് ഭാരം കുറവായിരുന്നു. ശരാശരി മസ്തിഷ്‌ക്ക ഭാരം 1400 ഗ്രാം ആണെങ്കില്‍ 1230 ഗ്രാം മാത്രമായിരുന്നു ഐന്‍സ്റ്റൈന്റെ തലച്ചോറിന്റെ ഭാരം. 1999 ല്‍ സാന്ദ്ര എഫ്.വിറ്റല്‍സണും സംഘവും നടത്തിയ പരീക്ഷണത്തില്‍ ഐന്‍സ്റ്റൈന്റെ തലച്ചോറിന് മറ്റു മനുഷ്യരുടേതില്‍ നിന്നു ചെറിയൊരു ചുളിവ് ഇല്ലായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ തലച്ചോറിന്റെ ഒരു ഭാഗത്തിന് വലിപ്പക്കൂടുതലുണ്ടായിരുന്നു. ഈ ഭാഗത്തിന് ധൈഷണ ശക്തിയിലും ഭാവനയിലും നിര്‍ണായക സ്വാധീനമുണ്ടത്രേ.
ഐന്‍സ്റ്റൈനിയം
ഐന്‍സ്റ്റൈന്റെ പേരിലൊരു മൂലകമുണ്ട് പേര് ഐന്‍സ്റ്റൈനിയം.1952 ല്‍ ശാന്തസമുദ്രത്തില്‍ നടന്ന ഒരു ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെ ഒരു പുതിയ മൂലകം ഉണ്ടായതായി കണ്ടെത്തി. റേഡിയോ ആക്റ്റീവതയുള്ള ഈ മൂലകത്തിന് ഐന്‍സ്റ്റൈനോടുള്ള ബഹുമാനാര്‍ഥം ഐന്‍സ്റ്റൈനിയം എന്ന് നാമകരണം ചെയ്തു.
മറവിക്കാരന്‍
ഐന്‍സ്റ്റൈന്‍ നല്ലൊരു മറവിക്കാരനായിരുന്നു.പ്രഭാഷണങ്ങള്‍ക്ക് പോകവേ സോക്‌സും സൂട്ടും ധരിക്കാന്‍ പലപ്പോഴും ഐന്‍സ്‌റ്റൈന്‍ മറന്നുപോകുമായിരുന്നു. എന്തിനേറെ സ്വന്തം വീട്ടിലേക്കുള്ള വഴിപോലും അദ്ദേഹം പലതവണ മറന്നു പോയിട്ടുണ്ട്. ഐന്‍സ്‌റ്റൈന്‍ കണക്കില്‍ പിന്നോക്കക്കാരനായിരുന്നു എന്നുള്ള വിശ്വാസം അദ്ദേഹത്തിന്റെ വേലക്കാരിക്കുണ്ടായിരുന്നു. ഒരിക്കല്‍ ഗണിതശാസ്ത്രജ്ഞനായ ഐന്‍സ്റ്റൈന്റെ വീട് അന്വേഷിച്ച് വന്നവരോട് വേലക്കാരി പറഞ്ഞത് -നിങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണ് തോന്നുന്നത്. ഇവിടെയുള്ള ആള്‍ ഗണിതശാസ്ത്രജ്ഞന്‍ ഒന്നും അല്ല. വീട്ടിലെ നിത്യോപയോഗസാധനങ്ങളുടെ കണക്ക് പോലും ഇയാള്‍ പലവട്ടം തെറ്റിച്ചാണ് കൂട്ടുന്നത്. ഞാന്‍ ഉള്ളതു കൊണ്ടു മാത്രമാണ് കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നത് എന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."