വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലിസ് പരിശോധന നടത്തി
പള്ളിക്കല്‍: വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ കര്‍ശന പരിശോധനയുമായി തേഞ്ഞിപ്പലം പൊലിസ്. പള്ളിക്കല്‍, പെരുവള്ളൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിലെ വിവിധ സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലാണ് പൊലിസ് ഇന്നലെ പരിശോധന നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ കടകളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ എവിടെ നിന്നും ലഹരി ഉല്‍പന്നങ്ങള്‍ കണ്ടെത്താനായില്ല.
പരിശോധനയില്‍ ഒരു കടയില്‍ നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. തൊട്ടടുത്തെ വാടക ക്വോട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ റൂമില്‍ സുരക്ഷിതമല്ലാത്തതിനാല്‍ നാട്ടിലേക്ക് അയക്കാനുള്ള പണം കടയില്‍ ഏല്‍പിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍ പൊലിസ് കേസെടുത്തില്ല. അനധികൃതമായി പണം വാങ്ങി കടയില്‍ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും കടയുടമക്ക് പൊലിസ് മുന്നറിയിപ്പ് നല്‍കി. എസ്.ഐ എം അഭിലാഷ്, അഡി. എസ്.ഐമാരായ വി.യു അബ്ദുല്‍ അസീസ്, കെ.പി അലിക്കുട്ടി, സി.പി.ഒ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."