വീഴാതെ ബാഴ്‌സ
മാഡ്രിഡ്: പത്ത് പേരായി ചുരുങ്ങിയിട്ടും ബാഴ്‌സലോണയെ വീഴ്ത്താന്‍ സാധിക്കാതെ റയല്‍. ഗെരത് ബെയ്‌ലിലൂടെ സമനില ഗോള്‍ പിടിച്ചു വാങ്ങി ബാഴ്‌സയ്ക്ക് വിജയം നിഷേധിച്ച് റയല്‍ മാഡ്രിഡ്. റഫറിയുടെ മരമണ്ടന്‍ തീരുമാനങ്ങള്‍ നിറഞ്ഞു നിന്ന സീസണിലെ അവസാന എല്‍ ക്ലാസിക്കോ പോരാട്ടം 2-2ന് സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സലോണയുടെ തട്ടകമായ നൗ കാംപില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ലൂയീസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ബാഴ്‌സലോണയ്ക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗെരത് ബെയ്ല്‍ എന്നിവര്‍ റയല്‍ മാഡ്രിഡിനായും വല ചലിപ്പിച്ചു.
കളിയുടെ തുടക്കത്തില്‍ ബാഴ്‌സലോണയുടെ മിന്നല്‍ നീക്കങ്ങളായിരുന്നു. പത്താം മിനുട്ടില്‍ സുവാരസിന്റെ ഗോള്‍ അതിന് തെളിവായിരുന്നു. വലത് വിങില്‍ നിന്ന് സെര്‍ജി റോബര്‍ട്ടോ നീട്ടിക്കൊടുത്ത ക്രോസ് സുന്ദരമായി സുവാരസ് വലയിലാക്കി. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ റയല്‍ പെട്ടെന്ന് തന്നെ ഉണര്‍ന്ന് കളിച്ചു. 14ാം മിനുട്ടില്‍ തന്നെ അവര്‍ ഗോള്‍ മടക്കി. ബെന്‍സമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നേറ്റം. മികച്ച പാസിലൂടെ ബെന്‍സമയ്ക്ക് കണക്കാക്കി ക്രിസ്റ്റ്യാനോ പന്ത് കൈമാറി. എന്നാല്‍ താരത്തിന്റെ ഗോള്‍ ശ്രമം ഒരുവേള പാഴാവും എന്ന ഘട്ടത്തില്‍ ബോക്‌സിലേക്ക് ഓടിക്കയറി ക്രിസ്റ്റ്യാനോ പന്ത് വലയിലേക്ക് തട്ടിയിട്ടു. പിന്നീട് ഗോള്‍ ശ്രമങ്ങള്‍ ഇരു ഭാഗത്തും കണ്ടെങ്കിലും സ്‌കോര്‍ ബോര്‍ഡില്‍ മാറ്റമുണ്ടായില്ല. അതിനിടെ ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടി. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ സെര്‍ജി റോബര്‍ട്ടോയ്ക്ക് രണ്ടാം മഞ്ഞ കാര്‍ഡും പിന്നാലെ ചുവപ്പും കണ്ട് പുറത്ത് പോകേണ്ടി വന്നു.
ഇടവേളയ്ക്ക് ശേഷം പത്ത് പേരുമായി കളിക്കാനിറങ്ങിയ ബാഴ്‌സലോണ പക്ഷേ അതൊന്നും ബാധിക്കാതെ തന്നെ മുന്നേറി. മറുഭാഗത്ത് റയലും സമാന രീതിയില്‍ തന്നെ പൊരുതി. 52ാം മിനുട്ടില്‍ മെസ്സിയുടെ ഉജ്ജ്വല ഗോളില്‍ ബാഴ്‌സലോണ വീണ്ടും ലീഡെടുത്തു. ലൂയീസ് സുവാരസിന്റെ അസിസ്റ്റില്‍ ബോക്‌സിലേക്ക് പന്തുമായി കയറിയ മെസ്സി റയല്‍ പ്രതിരോധ താരങ്ങളെ സമര്‍ഥമായി കബളിപ്പിച്ച് നെടുനീളന്‍ ഷോട്ടിലൂടെ പന്ത് ബോക്‌സിന്റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു. ലീഡെടുത്തതിന് പിന്നാലെ ബാഴ്‌സ പ്രതിരോധം ശക്തമാക്കി തക്കം കിട്ടുമ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രത്തിലേക്ക് മാറി. ഇതോടെ റയല്‍ കടുത്ത ആക്രമണവുമായി കളം നിറഞ്ഞു. ഇടയ്ക്ക് ലഭിക്കുന്ന പന്തുമായി വേഗതയില്‍ മുന്നേറി ബാഴ്‌സ റയല്‍ മേഖലയില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ടായിരുന്നു. അതിനിടെ 72ാം മിനുട്ടില്‍ ഗെരത് ബെയ്‌ലിലൂടെ റയലിന്റെ സമനില ഗോള്‍. മാര്‍ക്കോ അസെന്‍സിയോ നീട്ടിക്കൊടുത്ത പന്ത് കരുത്തുറ്റ ഷോട്ടിലൂടെ ബെയ്ല്‍ ബാഴ്‌സയുടെ വലയിലാക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റിഗന്‍ അത് തടയാന്‍ പരമാവധി ചാടി നോക്കിയെങ്കിലും വിജയിച്ചില്ല. മത്സരം സമനിലയില്‍ നീങ്ങവെ വിജയത്തിനായി ഇരു പക്ഷവും പൊരുതിയെങ്കിലും അതൊന്നും ഫലം കാണാതെ പോയി സീസണിലെ അവസാന എല്‍ ക്ലാസിക്കോ 2-2ന് ഒപ്പം പിരിഞ്ഞു.
മത്സരത്തില്‍ ഇരു ടീമുകളും പന്തടക്കത്തില്‍ തുല്ല്യത പാലിച്ചു. എട്ടോളം ഗോളവസരങ്ങളാണ് റയല്‍ സൃഷ്ടിച്ചതെങ്കില്‍ ബാഴ്‌സ നാലോളം അവസരങ്ങളാണ് മെനഞ്ഞെടുത്തത്. മത്സരത്തില്‍ 552 പാസുകള്‍ റയല്‍ താരങ്ങള്‍ കൈമാറിയപ്പോള്‍ ബാഴ്‌സ 559 പാസുകളുടെ നേരിയ മുന്‍തൂക്കം സ്വന്തമാക്കി. സമനില പാലിച്ചതോടെ അപരാജിത മുന്നേറ്റത്തോടെ ലാ ലിഗ കിരീടമുയര്‍ത്താനുള്ള ബാഴ്‌സയുടെ മോഹം ഏതാണ്ട് നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."