സംഗീത നാടക അക്കാദമി ലഘുനാടക മല്‍സരം; വിജയികളെ പ്രഖ്യാപിച്ചു
തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച 2018 ലെ ലഘുനാടക മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൂത്തുപറമ്പ് മലയാള കലാനിലയം സാംസ്‌കാരിക വേദി അവതരിപ്പിച്ച ബീഡി ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുത്തതായി ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പെരുമ്പാവൂര്‍ രംഗം നാടകവേദി അവതരിപ്പിച്ച ഒരുവള്‍ ആണ് രണ്ടാമത്തെ മികച്ച നാടകം. മികച്ച സംവിധായികയായി ജിനോ ജോസഫ് (ബീഡി), രചയിതാവായി റഫീക്ക് മംഗലശ്ശേരി (ഇരട്ട ജീവിതങ്ങളിലൂടെ) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ബീഡി നാടകത്തിലെ കമ്മാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനോദ് നാരോത്ത് മികച്ച നടനായും ഒരുവള്‍ നാടകത്തിലെ കത്രീനയെ അവതരിപ്പിച്ച സ്‌നേഹ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതരണത്തിന് 30,000 രൂപയും മികച്ച രണ്ടാമത്തെ അവതരണത്തിന് 20,000 രൂപയും മികച്ച രചയിതാവിനും സംവിധായകനും 20,000 രൂപയും മികച്ച നടനും നടിക്കും 15,000 രൂപയുമാണ് അവാര്‍ഡ് തുക.
ഇതിനുപുറമെ വിജയികള്‍ക്ക് പ്രശസ്തി പത്രവും ശില്‍പവും നല്‍കും. അവാര്‍ഡ് വിതരണ തിയതി പിന്നീട് അറിയിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.
ജൂറി അംഗങ്ങളായ പി.ജെ ഉണ്ണികൃഷ്ണന്‍, കെ. വിനോദ്കുമാര്‍, സേവ്യര്‍ പുല്‍പ്പാട്ട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."