ഫ്‌ളാറ്റില്‍ നിന്ന് കക്കൂസ് മാലിന്യമടക്കം പുഴയിലേക്ക് തള്ളി
ആലുവ: ആലുവ ജലശുദ്ധീകരണശാലക്ക് മീറ്ററുകള്‍ അകലെയുള്ള പാര്‍പ്പിട സമുച്ചയത്തില്‍ നിന്ന് പെരിയാറിലേക്ക് കക്കൂസ് മാലിന്യമടക്കം തള്ളി. ബഹുനില കെട്ടിടത്തിന്റെ ഭൂനിരപ്പിന് താഴെയുള്ള മാലിന്യ ടാങ്കുകളില്‍ നിന്നാണ് മോട്ടോറുപയോഗിച്ച് പെരിയാറിലേക്കുള്ള കനാലിലേക്ക് മാലിന്യം പമ്പ് ചെയ്തത്.
ആലുവ നഗരത്തില്‍ ജലശുദ്ധീകരണശാലയുടെ 100 മീറ്റര്‍ മാത്രം അകലെയുള്ള യൂണിഹോംസ് എന്ന ഫ്‌ളാറ്റില്‍ നിന്നാണ് കക്കൂസ് മാലിന്യമടക്കം പുഴയിലേക്ക് തള്ളിയത്. 60-ഓളം ഫ്‌ളാറ്റുകളുള്ള ബഹുനില കെട്ടിടത്തിലെ തറനിരപ്പില്‍ നിര്‍മ്മിച്ചിരുന്ന മാലിന്യടാങ്കില്‍ നിന്നാണ് മോട്ടോറുപയോഗിച്ച് മാലിന്യം പമ്പുചെയ്തത്. കെട്ടിടത്തിന്റെ സമീപത്തുകൂടി പുഴയിലേക്ക് പോകുന്ന മഴവെള്ള കനാലിലൂടെയാണ് ഖരരൂപത്തിലുള്ള മാലിന്യമടക്കം പമ്പ് ചെയ്തത്. ഇത് ചെന്നുവീഴുന്നതാകട്ടെ വിശാലകൊച്ചി മേഖലയിലേക്കടക്കം ശുദ്ധജലം പമ്പ് ചെയ്യുന്ന ജലശുദ്ധീകരണശാലയുടെ ശുദ്ധജലകിണറിന് മീറ്ററുകളടുത്തും. സംഭവമറിഞ്ഞ് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയതോടെ പമ്പിങ്ങ് നിര്‍ത്തി. രൂക്ഷഗന്ധം പോകാന്‍ ശുദ്ധീകരണലായനി തളിച്ചു.
സംഭവമറിഞ്ഞ് നഗരസഭാ കമാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും അധികൃതരും സ്ഥലത്തെത്തിയിട്ടും ഫ്‌ളാറ്റ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കാനോ, നടപടിയെടുക്കാനോ തയ്യാറായില്ലെന്നാക്ഷേപമുണ്ട്.
പൊലീസ് സ്ഥലത്തെത്തി മോട്ടോറുകള്‍ കണ്ടെടുത്തു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ഫ്‌ളാറ്റ് അധികൃതര്‍ക്കെതിരെ കേസെടുത്തതായി പ്രിന്‍സിപ്പല്‍ എസ്.ഐ. ഹണി കെ. ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."