ആദിവാസി വിവാഹങ്ങള്‍: പോക്സോ ചുമത്തുന്നത് ഒഴിവാക്കണമെന്ന്
കല്‍പ്പറ്റ: ആദിവാസി ആചാരപ്രകാരമുള്ള വിവാഹങ്ങളില്‍ പോക്സോ ചുമത്തുന്നത് ഒഴിവാക്കണമെന്ന് 'ഗോത്ര' സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഫോര്‍ ട്രൈബല്‍ യൂത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം 22ഓളം കേസുകളാണ് ജില്ലയിലുള്ളത്. ഇതില്‍ പത്തോളം യുവാക്കളെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ ജാമ്യത്തിലിറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇവരെല്ലാം ഇപ്പോഴും വിചാരണ നേരിടുകയാണ്. അമ്പലവയല്‍ കാരാച്ചാലിലെ ബാബുവിന് ജാമ്യം അനുവദിക്കുക, കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതിയെ സഹായിക്കാന്‍ കൂട്ടുനിന്ന മുന്‍ സി.ഡബ്യു.സി ചെയര്മാന് ജോസഫ് തേരകത്തിനെ അറസ്റ്റ് ചെയ്യുക, നിയമ സംഹിതയും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാണെന്ന് തെളിയിക്കാന്‍ ആദിവാസി വിഭാഗങ്ങളെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയുള്ള ചൂഷണങ്ങള്‍ക്കെതിരേ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഗോത്ര ചെയര്മാന് ബിജു കാക്കത്തോട്, ഗോപാലന് കാര്യമ്പാടി, ബാബു എല്ലക്കൊല്ലി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."