കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഈ വര്‍ഷവും കുടിവെള്ളം എത്തില്ല
കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷവം കുടിവെള്ളം എത്തില്ല. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ മൂലം നാലുമാസത്തിനകം കുടിവെള്ളം എത്തിക്കുമെന്ന ഉറപ്പ് ലംഘിക്കപ്പെടുന്നു.
കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഹൈസ്‌കൂളിലെയും കുടിവെള്ള ദൗര്‍ലഭ്യതയെക്കുറിച്ച് സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥി കുറ്റിക്കാട്ടൂര്‍ ആപ്പറമ്പില്‍ സിദ്ദീഖിന്റെ മകന്‍ ഹിലാല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന കമ്മീഷന്റെ സിറ്റിങില്‍ കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനിയര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്‌കൂളിലെ പ്രധാനാധ്യാപകര്‍, കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പി.ടി.എ പ്രസിഡന്റ്, പൊതുമരാമത്ത് അധികൃതര്‍ എന്നിവരെ കമ്മീഷന്‍ നേരിട്ട് വിളിച്ചുവരുത്തുകയും അടിയന്തരമായി വെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തുകയും വെള്ളിപറമ്പിലുള്ള ജല അതോറിറ്റിയുടെ ബൂസ്റ്റാര്‍ സ്‌റ്റേഷനില്‍ നിന്നും നാല് കിലോമീറ്റര്‍ കാസ്റ്റ് അയേണ്‍ പൈപ്പുകള്‍ സ്ഥാപിക്കണമെന്നും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന തടപ്പറമ്പ് കുന്നില്‍ ജലസംഭരണി നിര്‍മിക്കണമെന്നും അതിന് മൊത്തം 58.50 ലക്ഷം രൂപ ചെലവുവരുമെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും ബാലാവകാശ കമ്മീഷനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പദ്ധതി ഏറ്റെടുക്കണമെന്നും നാലുമാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ജല അതോറിറ്റി രേഖാമൂലം നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ എണ്‍പതു ലക്ഷം രൂപ വകയിരുത്തണമെന്നും തുക കൈമാറുന്നതിന് ജല അതോറിറ്റിയെ സമീപിച്ചപ്പോള്‍ മൊത്തം ഒരുകോടി അറുപത് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചതായി ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്പ് പറഞ്ഞു. ജല അതോറിറ്റിയുടെ മറുപടി പ്രകാരം സാമ്പത്തികവര്‍ഷം അവസാനിക്കുന്ന ഈ സമയത്ത് തുക മറ്റേതെങ്കിലും പദ്ധതിക്ക് വേണ്ടി മാറ്റുന്ന കാര്യം ആലോചിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ജില്ലാപഞ്ചായത്ത് തുക വകയിരുത്തിയപ്പോള്‍ തന്നെ വേണ്ടത്ര ഇടപെടലുകള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."