അഞ്ചില്‍ നിന്ന് പത്തിലേക്ക്; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടവുമായി മുഹമ്മദ് മിദ്‌ലാജ്
കുറ്റ്യാടി: സ്‌കൂള്‍ പഠനം അഞ്ചാം ക്ലാസോടെ നിര്‍ത്തി പിന്നീട് പത്താംതരം പരീക്ഷ എഴുതിയ മുഹമ്മദ് മിദ്‌ലാജിന് ഫലം പുറത്തുവന്നതോടെ മികച്ച നേട്ടം.
കാഞ്ഞിരോളി അക്കരമണ്ണില്‍ മുനീര്‍-ഷരീഫ ദമ്പതികളുടെ മകന്‍ മിദ്‌ലാജാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എട്ട് എപ്ലസ് ഒരു എ, ഒരു സി ഗ്രേഡുകള്‍ കരസ്ഥമാക്കി തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്. ഈ നേട്ടം ഇഗ്ലീഷ് മീഡിയത്തില്‍ പഠിച്ചെഴുതി എന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പിയില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ അഞ്ചാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഹാഫിളാകുന്നതിനായി കൊയിലാണ്ടി കുളക്കാട് ശംസുല്‍ഹുദാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമിയില്‍ ചേര്‍ന്നതിനാല്‍ മിദ്‌ലാജിന് തുടര്‍പഠനം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടിവരികയായിരുന്നു.
അക്കാദമിയില്‍ നിന്ന് ഹാഫിള് പഠനം മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കി. ഇതിനിടെ പഠനത്തോടുള്ള താല്‍പര്യവും ആഗ്രഹവും മൂലം സ്‌കൂള്‍ പഠനം വീണ്ടും ആരംഭിക്കണമെന്ന മിദ്‌ലാജിന്റെ അതിയായ സ്വപ്നത്തിന് പിതാവ് മൂനീര്‍ പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. യോഗ്യത ഉണ്ടെങ്കില്‍ പത്താം ക്ലാസില്‍ ചേരാമെന്ന നിയമം സ്വീകരിച്ച് യോഗ്യതപരീക്ഷ എഴുതി വിജയിച്ച് കായക്കൊടി കെ.പി.ഇ.എസ് ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനായി ചേര്‍ന്നു.
പാദ, അര്‍ധവാര്‍ഷിക പരീക്ഷകളില്‍ അത്രകണ്ട് മികവ് പുലര്‍ത്താനായില്ലെങ്കിലും വാര്‍ഷിക പരീക്ഷയ്ക്ക് കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയപ്പോള്‍ മികച്ച വിജയമാണ് മിദ്‌ലാജിന് നേടാനായത്.
അധ്യാപകരുടെയും സഹപാഠികളുടെയും പൂര്‍ണ പിന്തുണയാണ് വിജയത്തലേക്കെത്തിച്ചതെന്ന് മിദ്‌ലാജ് പറഞ്ഞു. മാര്‍ക്ക് കുറഞ്ഞ കണക്ക് വിഷയത്തില്‍ പ്രതീക്ഷ ഉള്ളതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."