റസാഖിനെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരം
എടച്ചേരി: കൃഷിഭവനിലെ എ.പി അബ്ദുറസാഖിന് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം. കഴിഞ്ഞ നാലു വര്‍ഷമായി എടച്ചേരി പഞ്ചായത്തിലെ കാര്‍ഷിക രംഗത്തു സജീവ സാന്നിധ്യമായ റസാഖിനെ 2015-16 വര്‍ഷത്തെ ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി തിരഞ്ഞെടുത്തിരിക്കുകയാണ്.
2012 ഒക്ടോബറിലാണ് റസാഖിന് എടച്ചേരി കൃഷിഭവനില്‍ നിയമനം ലഭിക്കുന്നത്. എടച്ചേരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കാര്‍ഷിക രംഗത്തു മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ റസാഖിന്റെ നിര്‍ദേശങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്.
തെങ്ങുകൃഷി, നെല്‍കൃഷി, വാഴക്കൃഷി, പച്ചക്കറി കൃഷി എന്നിവയാണ് എടച്ചേരി പഞ്ചായത്തിലെ പ്രധാന കൃഷികള്‍. മാറി മാറി വന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെയും കൃഷി ഓഫിസര്‍മാരുടെയും നിര്‍ദേശങ്ങള്‍ പിന്തുടരുകയും തന്റെ സഹപ്രവര്‍ത്തകരായ കൃഷി അസിസ്റ്റന്റുമാരായ ഗിരിശങ്കര്‍, സുധീഷ് എന്നിവരുടെ പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് റസാഖ് പറയുന്നു.
2013 മുതല്‍ ഇന്നു വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ ചുണ്ടയില്‍, തുരുത്തി, കളിയാംവെള്ളി പ്രദേശങ്ങളില്‍ പച്ചക്കറി ക്ലസ്റ്ററുകള്‍ രൂപീകരിക്കുകയും പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തതില്‍ റസാഖ് മുഖ്യപങ്ക് വഹിച്ചു.
ചുണ്ടയില്‍ പ്രദേശത്തെ ഊര്‍വ്വര പച്ചക്കറി ക്ലസ്റ്ററിലെ 150ഓളം കുടുംബങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി അഞ്ചു ഹെക്ടറിലധികം കൃഷി ചെയ്ത് വിളവെടുത്ത് വില്‍പ്പന നടത്തിയത് മറക്കാനാകാത്ത അനുഭവമാണെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. കൃഷി ഓഫിസിനടുത്തുള്ള കളിയാംവെള്ളി ക്ലസ്റ്ററിലെ കര്‍ഷകരോടൊപ്പം വിളവെടുത്ത് വില്‍പ്പന നടത്താന്‍ താനും സഹപ്രവര്‍ത്തകരും സജീവമായിരുന്നതും റസാഖ് ഓര്‍ക്കുന്നു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, കര്‍ഷകര്‍ ഇവരുടെയൊക്കെ പ്രാര്‍ഥനയും പിന്തുണയുമാണ് ജില്ലാതലത്തില്‍ മികച്ച കൃഷി അസിസ്റ്റന്റിനുള്ള അവാര്‍ഡ് തേടിയെത്തിയതിനു പിന്നിലെന്ന് റസാഖ് പറയുന്നു. താമരശേരി കോരങ്ങോട്ടെ ആനപ്പാറപ്പൊയില്‍ വീട്ടിലാണ് താമസം. ഭാര്യ ജംഷീറ. അമൈഖ് അഹന്‍ അഹമ്മദ് ഏക മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."