താലൂക്ക് ഗവ. ആശുപത്രിയുടെ പുതിയ കെട്ടിട ഉദ്ഘാടനം മെയ് 27ന്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നില കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിക്കായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷനായി.
തഹസില്‍ദാര്‍ പി. പ്രേമന്‍, ആശുപത്രി സൂപ്രണ്ട് കെ.എം സച്ചിന്‍ ബാബു, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തു.
മദ്രാസ് ഗവ. ന്റെ കാലത്ത് 1920ല്‍ മലബാര്‍ ബോര്‍ഡ് ആശുപത്രിയായാണ് അറിയപ്പെട്ടിരുന്നത് . 2013 ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിന്റെ പണി 2016ല്‍ പൂര്‍ത്തിയായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു. കെട്ടിടത്തിനാവശ്യമായ വൈദ്യുതി ബന്ധം, ലിഫ്റ്റ് സംവിധാനം എന്നിവയുടെ സജജീകരണം പൂര്‍ത്തിയാവാത്തതും ഫര്‍ണിച്ചറുകള്‍ ഇല്ലാത്തതും കാരണം ഉദ്ഘാടനം വൈകുകയായിരുന്നു.
വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത് കാരണം ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തിയും നിലച്ചു. ദിവസേന രണ്ടായിരത്തിലധികം രോഗികള്‍ ചികിത്സക്കായി എത്തുന്ന താലൂക്ക് ആശുപത്രിക്ക് പുതിയ ആറ് നിലകെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഏറെ ആശ്വാസകരമാവും. ആശുപത്രി കെട്ടിടത്തിലേക്ക് ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ വിവിധ സംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം.
കൂടാതെ വിവിധ പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായവും ഉപയോഗപ്പെടുത്തും. 200 പേരെ കിടത്തി ചികിത്സിക്കുന്ന തരത്തിലുള്ള വാര്‍ഡുകളാണ് സജ്ജീകരിക്കുന്നത്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാകുന്നതോടെ പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ച് നീക്കി 10 നില കെട്ടിടം നിര്‍മിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി സൂപ്രണ്ട് സച്ചിന്‍ ബാബു യോഗത്തില്‍ അറിയിച്ചു.
കെ. ദാസന്‍ എം.എല്‍.എ ചെയര്‍മാനും നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ കണ്‍വീനറും ഡോ. കെ.എം സച്ചിന്‍ ബാബു ട്രഷററുമായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."