വിദേശ വനിതയുടെ കൊല: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായതായി സൂചന. കൊലപാതകക്കേസില്‍ പൊലിസ് കസ്റ്റഡിയില്‍ കഴിയുന്ന ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേരെ പൊലിസ് പിടികൂടിയതെന്നാണ് വിവരം. വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആളും പ്രധാന പ്രതി ഉമേഷിന്റെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്. എന്നാല്‍ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കുന്നില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ച് വരുത്തിയതല്ലാതെ ആരും കസ്റ്റഡിയിലില്ലെന്നാണ് പൊലിസ് പറയുന്നത്.
അന്വേഷണം ശക്തമാക്കിയതോടെ കഞ്ചാവ് കച്ചവടത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ അടുത്തിടെ പ്രദേശത്ത് നിന്ന് സ്ഥലം വിട്ടവരുടെ പട്ടികയും പൊലിസ് ശേഖരിക്കുന്നുണ്ട്. കസ്റ്റഡിയില്‍ തുടരുന്ന ഉദയനും ഉമേഷും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങിയ യുവതിയെ രണ്ട് തവണ വീതം ഉമേഷും ഉദയനും മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റസമ്മത മൊഴി. വൈകിട്ട് ബോധം തെളിഞ്ഞ യുവതി തിരികെ പോകാന്‍ ശ്രമിച്ചപ്പോള്‍ കഴുത്ത് മുറുക്കി കൊന്നെന്നാണ് കേസ്.
വിദേശവനിതയുടെ മരണവുമായി ബന്ധപ്പെട്ട് രാസപരിശോധനാ ഫലങ്ങള്‍ ഒരാഴ്ചയ്ക്കകം പൂര്‍ണമായും ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇത് ലഭിക്കുന്നതോടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനാകും. അതിനുശേഷം കൂടുതല്‍ തെളിവുകള്‍ ആവശ്യമായി വന്നാല്‍ വിദേശവനിതയുടെ ആന്തരികാവയവങ്ങളില്‍ ചിലത് ഹൈദരാബാദിലേയോ വിദേശത്തെയോ ലാബുകളില്‍ അയച്ച് പരിശോധിക്കും. പ്രതികള്‍ക്കെതിരേ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണായക തെളിവുകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."