രാഷ്ട്രീയം സ്ഥിരം ഭ്രമണപഥത്തില്‍ തന്നെ
ഇന്ത്യന്‍ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്ക് പ്രകടമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ ആലോചനകള്‍ക്ക് സമയം നീക്കിവയ്ക്കുന്നതില്‍ പിശുക്ക് കാണിക്കാറില്ലെങ്കിലും 'ചക്കില്‍' കറങ്ങുന്ന സ്ഥിരതയില്‍ നിന്നു മാറാനവര്‍ക്കും കഴിയുന്നില്ല.
മുഖ്യശത്രുവിനെ അന്വേഷിക്കുന്ന ചര്‍ച്ചകളും സമീപനങ്ങളും തുടരുമ്പോഴും ഭാവി വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള ജൈവസമ്പത്ത് ഉരുത്തിരിയാതെ പോകുന്നു.
ഇന്ത്യയുടെ മുഖ്യശത്രു ദാരിദ്ര്യവും വര്‍ഗീയതയുമാണെന്ന് സമ്മതിച്ചാല്‍ അവ നേരിടാനുള്ള പ്രായോഗിക പദ്ധതികളായിരുന്നു ഉയര്‍ന്നുവരേണ്ടത്.
'ഗരീബി ഹഠാവോ' ഈ മുദ്രാവാക്യം ഉയര്‍ത്തിയവര്‍ പ്രയോഗിക നയങ്ങള്‍ ആവിഷ്‌കരിച്ചിരുന്നില്ല. സാമ്പത്തിക നയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കപ്പുറത്ത് നയപരമായ തീരുമാനങ്ങള്‍ കാണാന്‍ കഴിഞ്ഞതുമില്ല. ഗാട്ട് കരാര്‍ തുറന്ന വിപണി ഒരുക്കിയതല്ലാതെ സ്വതന്ത്ര വിപണി തുറന്നില്ല.
പണമാവശ്യമുള്ളവര്‍ വട്ടിപ്പലിശക്ക് പണം സ്വീകരിക്കണം. അതാണ് ഇന്ത്യന്‍ ബാങ്കിങ് സിസ്റ്റത്തിന്റെ കാതല്‍. കാര്‍ഷിക വിപ്ലവം എന്നൊക്കെ ഭംഗിവാക്കു പറഞ്ഞതല്ലാതെ കര്‍ഷകര്‍ സംരക്ഷിക്കപ്പെട്ടില്ല. ഇപ്പോഴും ആത്മഹത്യാവര്‍ഗമായി ഇന്ത്യന്‍ കര്‍ഷകര്‍ ഇടം നേടിയിരിക്കുന്നു.
തൊഴില്‍ വിപണിയും ദുര്‍ബലമാണ്. തളരാത്ത ചെറുകിട വ്യവസായ സംരംഭങ്ങള്‍ അധികമില്ല. ദേശീയ സമ്പത്തിന്റെ 80 ശതമാനം കുത്തകക്കാര്‍ കൈയടക്കിയിരിക്കുന്നു. ഭൂമിയും വിഭവങ്ങളും കുത്തകക്കാരില്‍ നിന്നു മാറിയിട്ടില്ല. കര്‍ണാടകയിലെ ഖനി കൊള്ളക്കാരായ റെഡ്ഡി സഹോദരങ്ങള്‍ രാഷ്ട്രീയ നേതൃത്വം നിയന്ത്രിക്കുന്നവരായി തുടരുന്നു. ഇതൊരു ഉദാഹരണം മാത്രം.
ശാസ്ത്രീയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നില്ല. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ സാമ്പത്തിക നയമാണെന്ന് പറയുന്ന ഇടതുപക്ഷങ്ങള്‍ക്ക് പുതിയൊരു നയം അവതരിപ്പിക്കാനാവുന്നില്ല. മാറി മാറി ഭരിച്ചവര്‍ ഭാരതത്തിന്റെ അസറ്റുകള്‍ കൊള്ളയടിക്കുന്നതിലാണ് മിടുക്ക് കാണിച്ചത്. ഇപ്പോഴുമത് തുടരുന്നതാണ് ദുഃഖകരം. കര്‍ണാടകയില്‍ തൂക്കുസഭ വന്നാല്‍ ഊക്ക് നോക്കി ഭരണ പങ്കാളിത്തം സ്വപ്നം കാണുന്നവര്‍ക്ക് സോഷ്യലിസ്റ്റുകള്‍ എന്നു പേര് നല്‍കിയാലും സെക്യുലരിസ്റ്റുകള്‍ എന്നവകാശപ്പെട്ടാലും വസ്തുത മറിച്ചാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ കുറയുന്നു. ആദര്‍ശവും തത്വവും മടക്കിവച്ച് ഭരണം പിടിക്കാനുള്ള മത്സരപ്പാച്ചിലില്‍ ഫാസിസവും വംശീയതയും വര്‍ഗീയതയും ഏത് പാര്‍ട്ടിയാണ് പരിഗണിക്കാറുള്ളത്.
കശ്മിരില്‍ കത്‌വയിലെ പിഞ്ചുപൈതലിനെ മൃഗീയമായി വധിച്ചത് ന്യായീകരിച്ചു സംസാരിച്ച ബി.ജെ.പി എം.എല്‍.എ ഉപമുഖ്യമന്ത്രിയായി. മെഹ്ബൂബ മുഫ്തി ഒരു സ്ത്രീയായിരിക്കെ അധികാരമെന്ന അപ്പക്കഷണത്തിനപ്പുറത്ത് ആശയങ്ങളില്‍ കഴമ്പില്ലെന്ന് പറയാതെ പറയലായി കൂട്ടുസഭ. ഓഹരി വയ്പും പങ്കുവയ്പും മാത്രമായി രാഷ്ട്രീയ അജണ്ടകള്‍ രൂപപ്പെടുത്തിയവര്‍ ഇന്ത്യന്‍ രാഷ്ട്രീയം കളങ്കപ്പെടുത്തുകയും മലിനപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ദാരിദ്ര്യമുക്ത ഭാരതം
ഏഴു പതിറ്റാണ്ടിനിടയില്‍ മണ്ഡല്‍ കമ്മിഷന്‍, ദേശീയ തൊഴിലുറപ്പ്, ബാങ്ക് ദേശസാല്‍ക്കരണം തുടങ്ങിയ ഏതാനും നീക്കങ്ങളൊഴിച്ചാല്‍ സമ്പദ്ഘടനയെ ചലിപ്പിച്ച സുപ്രധാന നീക്കങ്ങള്‍ അധികമില്ല. പലിശരഹിത ബാങ്കിന്റെ സാധ്യത പഠിച്ചവതരിപ്പിച്ച റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് തള്ളാന്‍ തുടക്കത്തിലൊരു 'ഇസ്‌ലാം' കണ്ടതാവാം കാരണം.
പലിശ ആഗ്രഹിക്കാത്ത നിക്ഷേപകരും പ്രത്യുല്‍പന്ന മേഖലകളിലെ നിക്ഷേപവും വികസനവും സാമ്പത്തിക ഉത്തേജനത്തിനും ഒന്നിച്ചു വളരുന്നതിനും സഹായകമാണെന്നറിഞ്ഞുകൊണ്ടുതന്നെ നാമത് വേണ്ടെന്നുവച്ചു.
ലോക ബാങ്കിന്റെ മുമ്പില്‍ കൈനീട്ടിയും നികുതി ചുമത്തിയും എത്ര കാലമിങ്ങനെ മുടന്തി നടക്കാനാവും. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പലിശരഹിത ബാങ്കിന്റെ സാധ്യത തിരിച്ചറിഞ്ഞു നടത്തിയ കാല്‍വയ്പ് ഭാവി കേരളത്തിന്റെ മുഖച്ഛായ മാറ്റാനിടയുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ കേരള മുസ്‌ലിംകള്‍ കൈവരിച്ച വിദ്യാഭ്യാസ-സാമ്പത്തിക-തൊഴില്‍ രംഗങ്ങളിലെ കുതിപ്പുകള്‍ പരിശോധിക്കണം. നിര്‍ധനര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കി തൊഴില്‍ വിപണി ഉപയോഗപ്പെടുത്തി ദാരിദ്ര്യമുക്ത ഗ്രാമങ്ങളും ഭവനങ്ങളും വളര്‍ത്താനായി. പങ്കുവയ്പിന്റെയും ഉപയോഗപ്പെടുത്തലുകളുടെയും നിര്‍മിതികളാണിത്. ചലനശേഷിയില്ലാത്ത പണം ഉപകാരപ്രദമല്ല. എന്നാല്‍, സാമ്പത്തിക അരാജകത്വവും അധര്‍മവും നിരാകരിക്കേണ്ടത് ഈ തത്വത്തിലൂന്നിയ സാമ്പത്തിക വ്യവഹാരങ്ങള്‍ പോലും അനുവദിക്കില്ലെന്ന വാശി ഫാസിസം വളര്‍ത്തിയെടുക്കുന്നു. ഇന്ത്യന്‍ വളര്‍ച്ചാ നിരക്ക് സൂചിപ്പിക്കുന്നത് പോലും ഒന്നിച്ചു വളരലല്ല. ഇപ്പോഴും 40-45 കോടി ഇന്ത്യക്കാര്‍ പട്ടിണിയിലാണ്. 'അഛാ ദിന്‍' ഭാവനയിലൊതുങ്ങുന്നു. ബദലുകള്‍ അന്വേഷിക്കാനോ അംഗീകരിക്കാനോ കഴിയാത്തവിധം അന്ധത ഇന്ത്യയെ എങ്ങുമെത്തിക്കില്ല.
ഐക്യം സ്വാഗതാര്‍ഹം
ഇന്ത്യയും പാകിസ്താനും ഏഴു പതിറ്റാണ്ടിലധികമായി നല്ല അയല്‍പക്കം സ്ഥാപിച്ചിട്ടില്ല. പാകിസ്താന്റെ പകമനസും തീവ്രവാദ സാന്നിധ്യവും രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യാ വിരുദ്ധ മനോഭാവമെന്ന രാഷ്ട്രീയ മിത്തും ആ നാടിനെ എങ്ങുമെത്തിക്കുന്നില്ല.
ഉത്തര-ദക്ഷിണ കൊറിയകള്‍ ഒന്നിക്കാന്‍ അഥവാ പക മതിയാക്കി തോക്ക് താഴ്ത്തി നാക്ക് ഉപയോഗിക്കാന്‍ എടുത്ത തീരുമാനം പാക് മാധ്യമങ്ങള്‍ സ്വാഗതം ചെയ്തത് പാകിസ്താനികളുടെ മനസിന്റെ പ്രതിഫലനമായിരിക്കാം.
ഇന്ത്യയും പാകിസ്താനും പ്രശ്‌നപരിഹാരങ്ങളിലേക്ക് ചര്‍ച്ചാ വാതില്‍ തുറന്നു നല്ല അയല്‍ക്കാരനാവാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ സംഘടനകളും മാധ്യമങ്ങളും രംഗത്തു വരേണ്ടിയിരിക്കുന്നു. ചിലരുടെ ചില സന്ദര്‍ഭങ്ങളിലെ പിഴവുകളാണ് വിഭജനമെന്ന വിപത്ത് പേറേണ്ടിവരുന്നത്. ഇരു രാഷ്ട്രത്തിന്റേയും പ്രതിരോധം പ്രബലപ്പെടുത്താന്‍ വലിയ തുക കാണേണ്ടിവരുന്നു. നമ്മുടെ ധീരജവാന്മാര്‍ അതിര്‍ത്തിയില്‍ വീരമൃത്യുവരിക്കുന്നു. ഇന്ത്യ-ചൈന അയല്‍പക്കവും ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ അയല്‍പക്കവും മെച്ചപ്പെടണം. പൊതുജന വിചാരമാണ് ഉല്‍കൃഷ്ടമാവേണ്ടത്.
കൊറിയകള്‍ക്ക് സാധിച്ചത് ലോകത്ത് പലര്‍ക്കും സാധിക്കണം. ഗള്‍ഫ് രാഷ്ട്രങ്ങളുടെ ദുരഭിമാനപ്പക പറഞ്ഞു തീര്‍ക്കണം. ഖത്തര്‍ ചേരി-സഊദി ചേരി ദുശ്ശക്തികള്‍ രൂപപ്പെടുത്തിയ ആയുധ വിപണിയാണ്. ഇറാന്‍, തുര്‍ക്കി, ഖത്തര്‍ കൂട്ടുകെട്ടും സഊദി, ഇറാഖ്, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍ ഐക്യനിരയും കുവൈത്ത്, ഒമാന്‍ മാധ്യസ്ഥ മൂന്നാം നിരയും നിലനില്‍ക്കുന്നു. അമേരിക്ക അടക്കം ചില ശക്തികള്‍ ഈ വിടവ് വലുതാക്കി ആയുധ വിപണി ശക്തിപ്പെടുത്താനാണ് ശ്രമിക്കുക.
സി.പി.ഐയും സി.പി.എമ്മും ഒന്നിക്കണമെന്ന ചിന്തയും നല്ലതാണ്. എത്ര കോടി രൂപയുടെ കൊടി തോരണങ്ങള്‍ ലാഭിക്കാനാവും. പരസ്പരമുള്ള പള്ള് പറയലും അക്ഷര മാലിന്യങ്ങളും ഇല്ലാതാക്കാനാവും. രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തു ഒന്നിച്ചു നീങ്ങിയാല്‍ ലോകസമാധാനം യാഥാര്‍ഥ്യമാവും. ഇന്ത്യ-പാക് ഐക്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാലം കാതോര്‍ക്കുന്ന കാലികതയാണ്.
ദുരഭിമാന വാതിലുകള്‍ അടച്ചു വസ്തുതകളുടെ വാതില്‍ തുറക്കാന്‍ പാകിസ്താനു കഴിയണമായിരുന്നു. വൃത്തികെട്ട യുദ്ധങ്ങള്‍ക്ക് കളമൊരുക്കുക പലപ്പോഴും സംഘടിത കുറ്റ (അഴിമതി)മാണ്. യുദ്ധം ഒന്നിന്റേയും അവസാന വാക്കല്ല. പലതിന്റേയും തുടക്കമാണുതാനും. യുദ്ധമില്ലാത്ത ലോകം സ്വപ്നം കാണണം. പല യുദ്ധമില്ലാ നാടുകളിലേയും പൗരന്മാര്‍ അനുഭവിക്കുന്ന മാനസിക-സാമ്പത്തിക സുരക്ഷ സുഖം മാനവ സമൂഹത്തിന് ലഭ്യമാക്കാനുള്ള ശ്രമം രാഷ്ട്രങ്ങളും സംഘടനകളും തുടരണം.
കൊലക്കത്തികള്‍ താഴ്ത്തണം. പ്രകോപന പ്രസംഗങ്ങള്‍ അവസാനിപ്പിക്കണം. അണികളോട് വാളെടുക്കാനും കഴുത്തുവെട്ടാനും പറയുന്ന നേതാക്കളെ നിയന്ത്രിക്കാനും ദയവായി ഇത്തരക്കാരെ പാര്‍ട്ടികള്‍ സ്ഥാനത്തിരുത്തരുത്. അവര്‍ക്കിണങ്ങിയ ഇടം ജയിലുകള്‍ തന്നെയാണ്.
കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ പുറത്ത് വന്നതാണ്. ചില പൊലിസും നേതാക്കളും ഇതിന് സഹായിക്കുന്നു എന്നതാണ് ഉല്‍ക്കണ്ഠാജനകം. കഴിഞ്ഞ അര നൂറ്റാണ്ട് കലഹങ്ങളുടെ കാലമായിരുന്നു. ഇനി സ്‌നേഹത്തിന്റേതാവട്ടെ. ആണവ യുദ്ധവും അധിനിവേശവും ഒരിക്കലും ഉണ്ടാവാത്തവിധം സമാധാനത്തിന്റെ പുലരി സംഭവിക്കട്ടെ. മനുഷ്യന്‍ മനസുവച്ചാല്‍ അത് അസാധ്യമല്ലെന്ന സന്ദേശമാണ് കൊറിയകള്‍ പറഞ്ഞുതന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."