നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു
ഏറ്റുമാനൂര്‍: നഗരസഭാ പരിധിയിലുള്ള വിവിധ ഹോട്ടലുകളില്‍ നഗരസഭ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പൊറോട്ട, ചിക്കന്‍, ദോശ, ആഴ്ചകളോളമായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന മാവ്, ചിക്കന്‍ പീസുകളായി നുറുക്കിയത്, പാതിവേവിച്ചു ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ചിക്കന്‍ എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. നഗരസഭാ പരിധിയില്‍ പേരൂര്‍ റോഡ്, എംസി റോഡ്, നഗരം എന്നിവിടങ്ങളിലെ 20 ഹോട്ടലുകളിലും രണ്ടു ഷാപ്പിലുമാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കു നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്കി. ഇവരില്‍ നിന്നു പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ വീണ്ടും ഈ ഹോട്ടലുകളില്‍ പരിശോധന നടത്താനും പഴകിയ ഭക്ഷണം വീണ്ടും പിടിച്ചെടുത്താല്‍ ഹോട്ടലുകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. നഗരസഭ അധ്യക്ഷന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി മോഹന്‍ദാസ്, സെക്രട്ടറി എസ്.ഷറഫുദീന്‍ എന്നിവരുടെ നിര്‍ദേശാനുസരണം അസി.സെക്രട്ടറി സോണി മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ഡി ശോഭന, ജെ.എച്ച്.ഐ ആരിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലുകളില്‍ പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."