ഇറാന്‍ ആണവ കരാര്‍
വാഷിങ്ടണ്‍: ഇറാന്‍ ആണവ കരാറില്‍ തങ്ങളുടെ നയം വ്യക്തമാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍നിന്ന് പിന്മാറുമെന്നു തന്നെയാണ് ട്രംപ് പ്രഖ്യാപിക്കുകയെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. ഇക്കാര്യം നേരത്തെ സഖ്യരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മനി എന്നിവ വ്യക്തമാക്കിയിരുന്നു.
അതേസമയം, അമേരിക്ക പിന്മാറിയാലും കരാറുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി അടക്കമുള്ള കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങളുടെ തീരുമാനം. ഇക്കാര്യം കഴിഞ്ഞ ദിവസം എത്യോപ്യയിലെ അഡിസ് അബാബയില്‍ വച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫ്രഞ്ച്-ജര്‍മന്‍ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ നിലപാട് തന്നെയാണ് ബ്രിട്ടനുമുള്ളത്. അമേരിക്ക പിന്മാറിയാലും മറ്റു രാജ്യങ്ങളുമായി സഹകരിച്ച് കരാറില്‍ നിലനില്‍ക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും വ്യക്തമാക്കിയിട്ടുണ്ട്.
2015ല്‍ രൂപീകരിച്ച കരാറിന്റെ കാലാവധി ഈ മാസം 12ന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍, ഇതിനു മുന്‍പെ നിലപാട് വ്യക്തമാക്കാനാണ് ട്രംപിന്റെ നീക്കം. ഇതിനായി ഇന്നലെ അദ്ദേഹം പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കരാര്‍ പുതുക്കില്ലെന്നും ഇറാനു നേരെ മുന്‍പ് നടപ്പാക്കിയിരുന്ന ഉപരോധം പുനഃസ്ഥാപിക്കുമെന്നും ട്രംപ് നേരത്തെ അറിയിച്ചിട്ടുണ്ട്.
കരാറിലെ വീഴ്ചകള്‍ പരിഹരിച്ച് ഇറാനെതിരേ കടുത്ത നിയമങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഇതുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് ഒരു നിലക്കും താല്‍പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
2015ല്‍ ബരാക് ഒബാമയുടെ നേതൃത്വത്തിലാണ് ജോയിന്റ് കോംപ്രഹന്‍സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍(ജെ.സി.പി.എ) എന്ന പേരില്‍ ഇറാന്‍ ആണവ കരാര്‍ രൂപീകരിച്ചത്.
ബ്രിട്ടന്‍, ജര്‍മനി, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവയാണ് കരാറില്‍ ഒപ്പുവച്ച മറ്റു രാജ്യങ്ങള്‍. കരാര്‍ പ്രകാരം ആണവ സമ്പുഷ്ടീകരണങ്ങളില്‍നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍വാങ്ങി. പകരം ഇറാനെതിരേ വിവിധ രാജ്യങ്ങള്‍ ചുമത്തിയിരുന്ന നയതന്ത്ര ഉപരോധം പിന്‍വലിക്കുകയും ചെയ്തു.
കരാര്‍ ഉപേക്ഷിക്കുന്നത് ലോകത്തിന് അപകടകരമാണെന്നും കരാറില്‍നിന്ന് ഒരു നിലക്കും പിന്മാറില്ലെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹൈക്കോ മാസും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യുവസ് ലെ ഡ്രിയാനും എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെ ആഫ്രിക്കന്‍ യൂനിയന്‍ ആസ്ഥാനത്തു നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
''കരാറില്‍നിന്ന് പിന്മാറാന്‍ ന്യായീകരിക്കാനാകുന്ന ഒരു കാരണവും ഞങ്ങള്‍ കാണുന്നില്ല. ഇതുപോലെ തന്നെയാണ് അമേരിക്കയുമെന്നാണ് കരുതുന്നത്. ലോകത്തെ കൂടുതല്‍ സുരക്ഷിതമാക്കുകയായിരുന്നു കരാര്‍ വഴി ചെയ്തത്. അത് ഉപേക്ഷിച്ചാല്‍ വന്‍ പ്രത്യാഘാതം തന്നെ അനുഭവിക്കേണ്ടി വരും.''-ഹൈക്കോ മാസ് പറഞ്ഞു. ''ആണവ സമ്പുഷ്ടീകരണം തടയുന്നതാണ് കരാര്‍. ഇതിനെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതില്‍നിന്നു തടയാനുള്ള യഥാര്‍ഥ വഴിയും ഇതു തന്നെയാണ്.''-ലെ ഡ്രിയാന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."