രഹാനെ നയിക്കും; കരുണ്‍ നായര്‍, അമ്പാട്ടി റായിഡു ടീമില്‍
ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോകുന്നതിനാലാണ് പകരം നായകനായി രഹാനെയെ നിയമിച്ചത്.
അതേസമയം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളിലേക്ക് രഹാനെയെ പരിഗണിച്ചില്ല. നേരത്തെ ഇന്ത്യയെ മൂന്ന് ഏകദിന മത്സരങ്ങളില്‍ നയിച്ചിട്ടുള്ള രഹാനെ മുംബൈ അണ്ടര്‍ 19 ടീമിന്റേയും ക്യാപ്റ്റനായിരുന്നു. നിലവില്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനേയും നയിക്കുന്നത് രഹാനെയാണ്.
ഇടവേളയ്ക്ക് ശേഷം കരുണ്‍ നായര്‍ ടെസ്റ്റ് ടീമില്‍ തിരികെയെത്തി. കരുണിനൊപ്പം ശാര്‍ദുല്‍ താക്കൂറും അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചു. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ ടീമിലേക്ക് സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ പരിഗണിച്ചില്ല. ഐ.പി.എല്‍ നടപ്പ് സീസണില്‍ ബാറ്റിങില്‍ മിന്നും ഫോം പ്രദര്‍ശിപ്പിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായിഡുവിനെ ഏകദിന ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ഒപ്പം മിന്നും ഫോമിലുള്ള കെ.എല്‍ രാഹുലും ടെസ്റ്റ്, ഏകദിന, ടി20 ടീമുകളില്‍ തിരിച്ചെത്തി. മനീഷ് പാണ്ഡെയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ടെസ്റ്റ് ടീമിലേക്ക് രോഹിത് ശര്‍മയെ പരിഗണിച്ചില്ല.
ടെസ്റ്റ് പദവി ലഭിച്ച ശേഷം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന കന്നി ടെസ്റ്റ് മത്സരമെന്ന ചരിത്ര പ്രാധാന്യമുള്ള പോരാട്ടത്തിനാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തത്. ജൂണ്‍ 14 മുതലാണ് ടെസ്റ്റ് നടക്കുന്നത്. ബംഗളൂരുവില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വച്ചാണ് ടീമിനെ തിരഞ്ഞെടുത്തത്. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള സംഘമുള്‍പ്പെടെ ആറ് വ്യത്യസ്ത ഇന്ത്യന്‍ ടീമിനെയാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തത്.
2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ 303 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ചരിത്രമെഴുതിയ പ്രകടനം പുറത്തെടുത്ത ശേഷം ഫോം ഔട്ടായ കരുണ്‍ നായര്‍ പിന്നീട് ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. തന്റെ ക്ലാസ് തെളിയിക്കാനുള്ള അവസരമാണ് മലയാളി താരത്തിന് വീണ്ടും ലഭിച്ചിരിക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കരുണിനെ ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ അന്തിമ ഇലവനിലും താരം ഇടം പിടിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ജസ്പ്രിത് ബുമ്‌റയ്ക്ക് പകരമാണ് ശാര്‍ദുല്‍ താക്കൂര്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയത്. നേരത്തെ തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്താന്‍ താക്കൂറിന് അവസരം ലഭിച്ചിരുന്നെങ്കിലും ടീമില്‍ അരങ്ങേറാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ കൗണ്ടി ക്രിക്കറ്റില്‍ സജീവമായ ചേതേശ്വര്‍ പൂജാര, ഇഷാന്ത് ശര്‍മ എന്നിവര്‍ ടെസ്റ്റ് മത്സരത്തിന് മുന്‍പായി ടീമിനൊപ്പം ചേരും.
2016 ജൂണില്‍ ഏകദിന മത്സരം ഇന്ത്യക്കായി കളിച്ച ശേഷം അമ്പാട്ടി റായിഡുവിന് ദേശീയ ടീമിലേക്ക് പിന്നീട് വിളിയെത്തിയിരുന്നില്ല. പരുക്കേറ്റ കേദാര്‍ ജാദവിന് പകരക്കാരന്‍ എന്ന നിലയിലാണ് ഇപ്പോള്‍ റായിഡുവിനെ പരിഗണിച്ചിരിക്കുന്നത്. നടപ്പ് ഐ.പി.എല്‍ സീസണില്‍ പത്ത് ഇന്നിങ്‌സുകളില്‍ നിന്നായി 423 റണ്‍സ് അടിച്ചെടുത്ത് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അമ്പാട്ടി റായിഡു. 151.61 സ്‌ട്രൈക്ക് റേറ്റുമായി മാരക ഫോമിലാണ് 32കാരനായ ചെന്നൈ താരം. സമാന മികവാണ് കെ.എല്‍ രാഹുലും ഐ.പി.എല്ലില്‍ പ്രദര്‍ശിപ്പിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കുന്ന രാഹുല്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നായി 162.77 സ്‌ട്രൈക്ക് റേറ്റില്‍ 376 റണ്‍സാണ് അടിച്ചെടുത്തത്. 2017 ഓഗസ്റ്റിലാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്.
നേരത്തെ നിദാഹസ് ട്രോഫി പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെട്ടിരുന്ന ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ജയദേവ് ഉനദ്കട് എന്നിവര്‍ക്ക് പകരം യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ് എന്നിവരാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ച ബൗളര്‍മാര്‍.
ടെസ്റ്റ് ടീം: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, മുരളി വിജയ്, കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ശാര്‍ദുല്‍ താക്കൂര്‍.
ടി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, സുരേഷ് റെയ്‌ന, മനിഷ് പാണ്ഡെ, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.
ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ഥ് കൗള്‍, ഉമേഷ് യാദവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."