സഹോദരിമാരുടെ മരണം: വനിതാ കമ്മീഷന്‍ അംഗം വീട് സന്ദര്‍ശിച്ചു
വാളയാര്‍: അട്ടപ്പള്ളത്ത് പീഡനത്തെ തുടര്‍ന്ന് മരിച്ച സഹോദരിമാരുടെ വീട് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി സന്ദര്‍ശിച്ചു. മരിച്ച സഹോദരിമാരുടെ രക്ഷിതാക്കളോട് വനിതാ കമ്മീഷന്‍ അംഗം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. മാര്‍ച്ച് 17ന് തിരുവനന്തപുരത്ത് ചേരുന്ന വനിതാ കമ്മീഷന്‍ യോഗത്തില്‍ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. സഹോദരിമാരുടെ ഇളയ സഹോദരന്റെ പഠനത്തിനും സംരക്ഷണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ അംഗം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. പൊലിസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു. കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
നിലവില്‍ പൊലിസിന്റ അന്വേഷണ നടപടികളില്‍ തൃപ്തരാണെന്നും മക്കളുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് പരാമാവധി ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികള്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ശിവകാമി, അങ്കണവാടി-കുടുംബശ്രീ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷന്‍ അംഗത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."